ഇന്ത്യക്ക് തണലൊരുക്കാൻ മലയാളികൾ; 1 കാർ, 18 ദിവസം, 14 സംസ്ഥാനങ്ങൾ, ചെലവ് 60,000 !

pan-india-tour-save-tree
SHARE

നീണ്ടൊരു യാത്ര പോകണമെന്നത് ഏറെക്കാലമായുള്ള മോഹമായിരുന്നു. അതിങ്ങനെ വഴിനീളെ തണലാകുമെന്നു കരുതിയതേയില്ല ഈ മൂവർ സംഘം. യാത്ര, അതെപ്പോഴും സംഭവിച്ചു പോകുന്നതാണ്. യാത്രികരുടെ സ്വപ്നമാണ് മൂലധനം. തൃശൂരിൽനിന്ന് ഒരു കാറിൽ പുറപ്പെട്ട സംഘം 18 ദിവസം കൊണ്ട്, 14 സംസ്ഥാനങ്ങൾ പിന്നിട്ട്, നേപ്പാളിലെത്തി മടങ്ങിയ കഥ കേട്ടാൽ അതിശയം വരും. 9184 കിലോമീറ്റർ ദൂരത്തിൽ കാർയാത്ര. കാഴ്ച കാണാനിറങ്ങിയ സ്ഥലങ്ങളിലെല്ലാം മരത്തൈകൾ നട്ടുള്ള പ്രകൃതിസ്നേഹം. ഇത്രയൊക്കെ ആഘോഷമാക്കിയിട്ടും യാത്രയുടെ ആകെ ചെലവ് എത്രയെന്നോ?– 60,000 രൂപ !

tour5
യാത്രയ്ക്കൊരുങ്ങി സ്വിഫ്റ്റ്.

Read in English: A road trip with a purpose to Nepal and back under 60k...

തൃശൂർ സ്വദേശികളും സുഹൃത്തുക്കളുമായ അഖിൽ സുഭാഷ്, അമൽ കൃഷ്ണ, ഷിബിൻ ഗോപി എന്നിവരായിരുന്നു യാത്രക്കാർ. തൃശൂരിൽനിന്നു മാരുതി സ്വിഫ്റ്റ് കാറിൽ തുടങ്ങിയ യാത്ര തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഛണ്ഡിഗഡ്, ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, ആന്ധ്രപ്രദേശ്, ന്യൂഡൽഹി സംസ്ഥാനങ്ങളിലെയും ഹിമാലയത്തിലെയും കാഴ്ചകൾ കണ്ടു നേപ്പാളിലെത്തിയാണു മടങ്ങിയത്. ഇത്രയും ദിവസത്തിനിടെ അനുഭവിച്ച വ്യത്യസ്ത കാഴ്ചകൾ, രുചികൾ, പരിചയപ്പെട്ട മനുഷ്യർ... ഒരായുഷ്കാലത്തേക്കുള്ള നിത്യഹരിത ഓർമകൾ.

സ്വപ്നങ്ങളെ തടയാനാവില്ല

tour6
കോയമ്പത്തൂർ ഇഷ സെന്റർ. യാത്രയുടെ ആദ്യ പോയിന്റുകളിലൊന്ന്.

ദുബായിലെ സ്വകാര്യ കമ്പനിയിലാണ് അഖിൽ ജോലി ചെയ്യുന്നത്. അമ്മയെയും കൂട്ടി ഇന്ത്യയാകെ കറങ്ങുകയെന്നതു കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് അമ്മയ്ക്കു യാത്ര അസാധ്യമായപ്പോഴാണു മറ്റു വഴികൾ ചിന്തിച്ചത്. ബന്ധുവും ഫൊട്ടോഗ്രാഫറുമായ അമലിനെ വിളിച്ചു. പുതിയൊരു കമ്പനിയിൽ പ്രവേശിക്കാനായി നിലവിലെ ജോലി രാജിവച്ചിരിക്കുകയായിരുന്നു അമൽ. ഇന്ത്യായാത്രയെന്നു കേട്ട പാടെ അമൽ സമ്മതംമൂളി. സുഹൃത്തും സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ഷിബിൻ ഗോപിയെയും കൂടെക്കൂട്ടാൻ തീരുമാനിച്ചു.

സഹയാത്രികർ ഫോണിലും സമൂഹമാധ്യമങ്ങളിലുമായി സംസാരിച്ചാണു കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. വെറുതെ കാഴ്ച കണ്ടു മടങ്ങിവരുന്നതിൽ രസമില്ലെന്നും അർഥസമ്പുഷ്ടമായ മറ്റെന്തെങ്കിലും കൂടി ചെയ്യണമെന്നും മൂന്നുപേരും പറഞ്ഞു. അങ്ങനെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തണൽ നടുകയെന്ന ആശയം മുളപൊട്ടിയത്. പറ്റാവുന്നിടത്തെല്ലാം വൃക്ഷത്തൈകൾ നട്ടുള്ള ‘ഭൂമിമാ’ ബോധവത്കരണ പരിപാടിയിലൂടെ പരിസ്ഥിതിസൗഹൃദ സന്ദേശം പകരുകയെന്ന ദൗത്യം യാത്രയുടെ ഭാഗമായി. ഒരു കാറും മൂന്നു പേരും കുറേയേറെ ചെടികളുമായി ഇന്ത്യ ചുറ്റിവരാൻ ഫസ്റ്റ് ഗിയറിട്ടു.

ചേർപ്പിൽനിന്നു നേപ്പാളിലേക്ക്

tour21
മഞ്ഞുമൂടിയ സൗന്ദര്യം

2018 ഡിസംബർ 27ന് യാത്ര തുടങ്ങുമ്പോഴും എങ്ങോട്ടാണു പോകുന്നത്, എവിടെയാണു താമസിക്കുക തുടങ്ങിയ കാര്യങ്ങളിലൊന്നും തീർച്ചയുണ്ടായിരുന്നില്ല. മനസ്സ് പറയുന്നിടത്തേക്കു പോവുക എന്നതായിരുന്നു ചിന്ത. കാർ മുഴുവനായി സർവീസ് ചെയ്തു. നാലു ടയറുകളും മാറ്റി. ഫോഗ് ലാംപും മഞ്ഞ ലൈറ്റും ഫിറ്റ് ചെയ്തു. സഞ്ചാരപഥവും ‘ഭൂമിമാ’ ദൗത്യവും സ്റ്റിക്കറുകളാക്കി കാറിൽ ഒട്ടിച്ചു. ഷിബിൻ പറഞ്ഞതനുസരിച്ചു പുറപ്പെടുന്നതിനു മുൻപായി തൃശൂർ ചേർപ്പിലെ ഭൂമിദേവി ക്ഷേത്രത്തിൽ കാർ പൂജിച്ചു.

tour22
മഞ്ഞിൻ താഴ്വരയിൽ

കോയമ്പത്തൂരിലെ ഇഷ സെന്ററിലേക്കാണ് ആദ്യം പോയത്. അവിടെ മരം നട്ടുകൊണ്ട് ദൗത്യത്തിനു തുടക്കമിടാമെന്നായിരുന്നു കരുതിയത്. സുരക്ഷാ കാരണങ്ങളാൽ തൈ നടീൽ സാധ്യമല്ലെന്ന് അവർ ആദ്യം പറഞ്ഞു. എന്നാൽ മൂവർ സംഘത്തിന്റെ യാത്രോദ്ദേശ്യം തിരിച്ചറിഞ്ഞതോടെ സമ്മതം അറിയിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഇഷ സെന്ററിലെ ഗായത്രിയുടെ സഹായത്തോടെയാണു തൈകൾ നട്ടത്. കോയമ്പത്തൂരിൽനിന്നു സേലം വഴി ബെംഗളൂരുവിലേക്കു തിരിച്ചു. രാത്രി 11 മണിയോടെ സേലം റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോസ്റ്റൽ ഡോർമിറ്ററിയിൽ വാടകക്കാരായി കടന്നുകൂടി. 

തരക്കേടില്ലാത്ത ഡോർമിറ്ററിയായിരുന്നു. ഉറക്കത്തിനു തടസ്സമുണ്ടായില്ല. രണ്ടാം ദിവസം അതികാലത്തു ബെംഗളൂരുവിലേക്ക്. യാത്രയ്ക്കിടെ സുഹൃത്തുക്കളെ കണ്ടുമുട്ടി. അവരുടെ സഹായത്തോടെ റോഡിന്റെ വശങ്ങളിൽ തൈകൾ നട്ടു. പതിയെ കാറോടിച്ചു നന്ദി ഹിൽസിലെത്തി. സൂര്യോദയം നഷ്ടമായെങ്കിലും നന്ദി ഹിൽസിന്റെ ഗരിമയ്ക്കൊട്ടും കുറവുണ്ടായിരുന്നില്ല. സൂര്യനുദിച്ചിട്ടും മഞ്ഞ് മാഞ്ഞിരുന്നില്ല. മേഘങ്ങൾ താഴേക്കിറങ്ങി വന്ന പോലെ. ടൂറിസ്റ്റുകൾക്കായി ഒരുക്കിയ ഏറുമാടങ്ങളും കെട്ടിടങ്ങളും മഞ്ഞുപുതച്ചുനിന്നു; ഉടലിലേക്കു തണുത്ത കാറ്റ് അരിച്ചിറങ്ങി. നന്ദി മോഹിപ്പിച്ചെങ്കിലും ഇനിയുമേറെ പോകാനുണ്ടെന്നു മനസ്സില്ലാമനസ്സോടെ മൂവരും പറഞ്ഞു. അടുത്ത ലക്ഷ്യം ഹംപി. യുനെസ്കോയുടെ പൈതൃക പട്ടികയിലിടം നേടിയ വിജയനഗര മഹാസാമ്രാജ്യത്തിന്റെ തിരുശേഷിപ്പ്.

കൊതിപ്പിക്കുന്ന ഹംപിയും എല്ലോറയും

tour20
ഇന്ത്യയുടെ ഭാവി ഇവരിലാണ്

ഹംപിയിലേക്കുള്ള കാറോട്ടം അപകടം പിടിച്ചതും രസകരവുമായിരുന്നു. നേർവര പോലെയുള്ള റോഡാണ്. ഇരുവശത്തും നെൽപ്പാടങ്ങൾ. വഴിയിൽ മിക്കയിടത്തും തെരുവുവിളക്കുകളില്ല. ചിലയിടങ്ങളിൽ റോഡുണ്ടോ എന്നുപോലും സംശയം തോന്നും. വിജനമായ വഴികളിലൂടെ രാത്രിയുടെ ശബ്ദങ്ങളെ കൂടെച്ചേർത്തുള്ള യാത്ര പേടിപ്പെടുത്തുന്നതായിരുന്നു. പരസ്പരം ധൈര്യമേകി മുന്നോട്ട്. ജംഗിൾ ട്രീ എന്ന താമസസ്ഥലത്ത് എത്തിയപ്പോഴാണു നേരിയ ആശ്വാസമായത്. അവരുടെ സ്നേഹോഷ്മള സ്വീകരണത്തിൽ ക്ഷീണവും പേടിയും പറപറന്നു.

tour19
അജ്മേർ

‘അതിരാവിലെ ഉണർന്നു. ജീവനക്കാരുടെ സഹായത്തോടെ ഹോട്ടൽ പരിസരത്തു ചെടികൾ നട്ടു. പ്രഭാതഭക്ഷണം കഴിച്ചു നേരെ ഹംപിയിലേക്ക് വിട്ടു. വിരൂപാക്ഷ ക്ഷേത്രത്തിൽനിന്നാണു ഹംപി കാഴ്ചകൾ തുടങ്ങിയത്. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കൽക്കെട്ടുകളും പാറക്കുന്നുകളും മായാപ്രപഞ്ചം തീർത്തു. വലിയ വിഗ്രഹങ്ങൾ, ഒറ്റക്കൽ പ്രതിമകൾ, മണ്ഡപങ്ങൾ, എണ്ണമറ്റ കൽത്തൂണുകൾ, കല്ലിൽ കൊത്തിയെടുത്ത ശിൽപങ്ങൾ, രഥങ്ങൾ, താണിറങ്ങിയ മരക്കൊമ്പുകളിൽ ചാടിക്കളിക്കുന്ന കുരങ്ങന്മാർ, തെളിനീരുള്ള നദി, നദിയിലെ വട്ടത്തോണി, തുംഗഭദ്ര അണക്കെട്ട്..’– ഒരു ദിവസം കൊണ്ട് എല്ലാം കണ്ടുതീരാനാവില്ലെന്നു ഹംപി ഞങ്ങളോടു മന്ത്രിച്ചു.

tour18
രാജസ്ഥാനിലെ കർഷകൻ

വൈകിട്ടോടെ ഹോട്ടലിൽ തിരിച്ചെത്തി. നേരം കളയാനില്ല. ഔറംഗബാദിലേക്കു പോകാമെന്നു തീരുമാനിച്ചിറങ്ങി. ഒറ്റയടിക്കു മണിക്കൂറുകൾ നീണ്ട ഡ്രൈവിങ് മുഷിപ്പിച്ചു. ക്ഷീണത്തോടെ വണ്ടി ഓടിക്കുന്നത് അപകടമാണെന്നതിനാൽ എവിടെയങ്കിലും തങ്ങാമെന്നുറപ്പിച്ചു. കർണാടക അതിർത്തിയോടു ചേർന്ന ഹോട്ടൽ ജൻപഥിൽ രാത്രി പത്തോടെ മുറിയെടുത്തു. ഹംപിയുടെ ഓർമകളിൽ ഉറക്കം. രാവിലെ ആറു മണിക്കു തന്നെ കാർ സ്റ്റാർട്ട് ചെയ്തു. ഉച്ചതിരിഞ്ഞപ്പോൾ ഔറംഗബാദിൽ.

tour17
യാത്രയ്ക്കിടെ മരത്തൈ നടുന്നു

യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള എല്ലോറ ഗുഹകളായിരുന്നു ലക്ഷ്യം. കല്ലിൽ പണിത നൂറോളം ഗുഹകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും 34 ഇടങ്ങളിൽ മാത്രമേ പ്രവേശനമുള്ളൂ. ബുദ്ധ, ഹിന്ദു, ജൈന മതങ്ങളുടെ സങ്കലനമാണ് എല്ലോറ. മൂന്നു മതക്കാരുടെ ഗുഹകളും ഇവിടെ കാണാം. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ഗുഹകൾ. അവയ്ക്കുള്ളിലെ ശിൽപവൈഭവം, അവ നൂറുകണക്കിനു കൊല്ലം മുൻപുള്ളതാണെന്ന ഓർമ, നമ്മെ ആശ്ചര്യപ്പെടുത്തും.

tour16

ഇതുവരെ ഖനനം ചെയ്തെടുത്ത ഏറ്റവും വലിയ ഒറ്റക്കൽ ചരിത്രാവശിഷ്‌ടമാണു കൈലാസനാഥ ക്ഷേത്രത്തിലുള്ളത്. കല്ലിൽ കൊത്തിയെടുത്ത ക്ഷേത്രശിൽപം ശിൽപകലയുടെ ഔന്നത്യമാണ്. ഒന്നും രണ്ടുമല്ല, ഇരുപതോളം തലമുറകളുടെ അധ്വാനവും കരകൗശലവുമാണ് ഇന്നു നമ്മുടെ അഭിമാനമായി ഉയർന്നു നിൽക്കുന്നത്. ക്യാമറയ്ക്കും നിറക്കാഴ്ചയായിരുന്നു. രാത്രി എട്ടുമണിയോടെ എല്ലോറയോടു വിട പറഞ്ഞു. എല്ലോറക്കാഴ്ചകൾ കണ്ണും മനസ്സും നിറച്ചപ്പോൾ വയർ വിശന്നുകരയാൻ തുടങ്ങി.

tour15

ഭക്ഷണശാല കണ്ടെത്താൻ അലഞ്ഞു. ഒരു ധാബ കണ്ടുകിട്ടിയപ്പോൾ മുന്നിൽ കാർ നിർത്തി. റൊട്ടി ഓർഡർ ചെയ്തു. സൗജന്യമായി മുട്ടയും രുചിയൂറുന്ന ചിക്കൻ മസാലക്കറിയും വിളമ്പിയാണു ധാബ ഞങ്ങളെ ഊട്ടിയത്. വയറുനിറയെ കഴിച്ചിട്ടും കീശയ്ക്കു പരുക്കേൽക്കാത്ത കുറഞ്ഞ വില. കാശു കൊടുത്തു നന്ദി പറഞ്ഞു തൃപ്തിയോടെ മടങ്ങി. ധൂളിൽ ദേശീയപാതയ്ക്കരികെയുള്ള ഹോട്ടലിൽ രാത്രിയുറക്കത്തിനു തയാറെടുത്തു.

സ്നേഹിക്കാൻ മാത്രമറിയുന്നവർ

tour14
എല്ലോറ ഗുഹയിൽനിന്ന്

ഔറംഗബാദിൽനിന്നു രാജസ്ഥാനിലെ പുഷ്കറിലേക്കാണു പോയത്. എവിടെയും നിർത്താതെയുള്ള ഡ്രൈവിങ്ങാണ്. വഴിയിൽ കൃഷിക്കാരെ കണ്ടപ്പോൾ കാർ നിർത്തി. ഞങ്ങളുടെ യാത്രാദൗത്യത്തെക്കുറിച്ച് അറിയാവുന്ന ഭാഷയിൽ അവരെ ധരിപ്പിച്ചു. വളരെ പാവം മനുഷ്യർ. സ്നേഹിക്കാൻ മനസ്സുള്ളവർ. സോഹൻലാലിനെയും കുടുംബത്തെയും പരിചയപ്പെട്ടതും ഇവിടെയാണ്. അവരുടെ സഹായത്തോടെയും പിന്തുണയോടെയും കുറച്ചു തൈകൾ നട്ടു.

tour13

സ്പെഷൽ ചായയ്ക്കൊപ്പം, ഈ ചെടികളെല്ലാം ഞങ്ങൾ നല്ലതു പോലെ വളർത്തുമെന്നു സോഹൻലാലും നാട്ടുകാരും വാക്കുതന്നു. നല്ല കുറേ മനുഷ്യരെ പരിചയപ്പെടാനായ സന്തോഷത്തിൽ പുഷ്കറിലേക്കുള്ള കാറോട്ടത്തിനു വേഗം കൂടി. തീർഥാടന നഗരമാണിത്. മീശമത്സരം മുതൽ ഒട്ടകമേള വരെ നടക്കുന്ന കാഴ്ചയുടെ ഉത്സവപ്പറമ്പ്. പുഷ്കർ തടാകവും നൂറുകണക്കിനു പുരാതന ക്ഷേത്രങ്ങളും നാ‌‌ട്ടുരുചികളും കാഴ്ചകളുമായി പുഷ്പവൃഷ്ടിയൊരുക്കുന്ന നാട്. പുഷ്കർ തടാകത്തിലെ മുങ്ങിക്കുളി ഏറെ പ്രധാനപ്പെട്ടതാണെന്നു വിശ്വാസികൾ പറയുന്നു.

tour12
ഇന്ത്യയുടെ രുചിഭേദങ്ങളിലൂടെ

ഇവിടത്തെ ഒട്ടകമേളയും പുഷ്കറിലെ ബ്രഹ്മക്ഷേത്രവും ലോകപ്രശസ്തമാണ്. മാർബിളിലാണു ബ്രഹ്മക്ഷേത്രം നിർമിച്ചിട്ടുള്ളത്. രത്നഗിരി കുന്നുകളോ‌ടു ചേർന്ന്, ബ്രഹ്മാവിന്റെ ആദ്യപത്നി സാവിത്രിയെ ആരാധിക്കുന്ന ക്ഷേത്രത്തിലേക്ക് അരമണിക്കൂറോളം ട്രക്കിങ് ഉണ്ട്. ശിവനെ പ്രീതിപ്പെടുത്താനായി ബ്രഹ്മാവ് നിർമിച്ചതെന്നു കരുതുന്ന അപ്തേശ്വർ ക്ഷേത്രം, വിഷ്ണുവിന്റെ അവതാരമായ വരാഹത്തെ ആരാധിക്കുന്ന ക്ഷേത്രം, മുഗളരുടെയും രജപുത്രരുടെയും വാസ്തുവിദ്യ സംഗമിക്കുന്ന രംഗ്ജി ക്ഷേത്രം... കാണാനൊരുപാടുണ്ട് പുഷ്കറിൽ. സ്കോട്ട്ലൻഡുകാരി അന്ന നടത്തുന്ന ഹെറിറ്റേജ് ഹോമിലാണ് ഇവിടത്തെ തൈകൾ നട്ടത്.

tour11
ഇന്ത്യയുടെ രുചിഭേദങ്ങളിലൂടെ

ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട അജ്മേർ ആയിരുന്നു അടുത്ത ഡെസ്റ്റിനേഷൻ. പൃഥ്വിരാജ് ചൗഹാൻ ഭരിച്ചിരുന്ന കാലത്തെ പേരായ അജയമേരു ആണ് അജ്മേർ ആയത്. യാത്രാക്ഷീണമെല്ലാം മാറ്റുന്ന കാഴ്ചകൾ. എല്ലാ ടെൻഷനുകളും മാറുന്ന ശാന്തമായ ഒരിടം. ആയിരത്തിലേറെ വർഷങ്ങളായി ജാതിമതഭേദമില്ലാതെ ആത്മീയതയുടെ ഊർജപ്രവാഹമായി നിലകൊള്ളുന്ന സൂഫിസത്തിന്റെ കൂടി മണ്ണാണിത്. ഇന്ത്യയിൽ സൂഫിസത്തിന്റെ ചക്രവർത്തിയായ ഖ്വാജ മൊയ്നുദീൻ ചിസ്തിയുടെ പാദസ്പർശമേറ്റ പുണ്യസ്ഥലം. മുസ്‍ലിംകൾ മാത്രമല്ല ഇതര മതസ്ഥരും അജ്മേർ ദർഗയിലേക്ക് ഒഴുകിയെത്തുന്നതു ഹൃദ്യാനുഭവമാണ്. 

സ്വർണവും രത്നക്കല്ലുകളും കയറ്റുമതി ചെയ്യുന്ന, പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരിലേക്കായിരുന്നു അടുത്ത യാത്ര. സിറ്റി പാലസും ഹവാ മഹലും ആംബർ കോട്ടയുമെല്ലാം തലയുയർത്തി നിൽക്കുന്നു. വലിയ തലേക്കെട്ടുകളുള്ള, നീളൻ മീശക്കാരായ മനുഷ്യരെ ഒരുപാടു കണ്ടു. അലങ്കരിച്ച ഒട്ടകങ്ങളുമായി വർണശമ്പളമായ ഉടുപ്പുകളിട്ട് അവർ നടക്കുന്നതു കണ്ണിനു നല്ല വിരുന്നാണ്. കലണ്ടർ ചിത്രങ്ങളിലെ മനുഷ്യർ ഇറങ്ങിവന്ന പോലെ.

സ്വർഗത്തിന്റെ താഴ്‌വരയിൽ

tour10

ഇന്ത്യയുടെ ഹൃദയഭൂമിയിൽ എത്തിയപ്പോൾ ആവേശം കൂടി. കാഴ്ചകൾ ഹരം പിടിപ്പിച്ചു. ക്ഷീണമെന്ന വാക്ക് തൽക്കാലത്തേക്കു മറന്നമട്ടിലാണു മൂവരും. ഇനി പോകുന്നതു മണാലിയിലേക്കാണ്, സ്വർഗത്തിന്റെ താഴ്‌വരയിലേക്ക്. ഹരിയാന വഴിയാണു പോയത്. ചെറിയ സ്ഥലങ്ങൾ മാത്രം കണ്ട് അധികം സമയം പാഴാക്കാതെയാണു യാത്ര. രാത്രി ഹരിയാനയിൽ താമസിച്ചു. രാവിലെ ആറുമണിക്ക് കാർ സ്റ്റാർട്ട് ചെയ്തു പഞ്ചാബിലേക്ക്. അവിടെനിന്ന് ഹിമാചൽ പ്രദേശിലേക്ക് എന്നതായിരുന്നു പദ്ധതി.

tour9
യാത്രയ്ക്കിടെ നടന്ന തൈ നടീൽ

റോഡ് പലയിടത്തും വളരെ മോശമായിരുന്നു. വഴിയോരങ്ങളിൽ വണ്ടി നിർത്തി, നാട്ടുകാരുടെ സഹായത്തോടെ ഹരിയാനയിലും പഞ്ചാബിലും മരത്തൈകൾ നട്ടു. നീണ്ട ഡ്രൈവിങ്ങിനൊടുവിൽ രാത്രി 9.30നു മണാലിയിൽ. മഞ്ഞും ദേവദാരു മരങ്ങളും ബിയാസ് നദിയുമാണു മണാലിയുടെ ‘ബ്യൂട്ടി സീക്രട്ട്’. ആലു പറാത്തയും ജാഫാനി പഴവുമെല്ലാം ഹിമാലയൻ താഴ്‌വാരത്തിന്റെ രുചി കേമമാക്കുന്നു. വലിയ ദേവതാരു മരങ്ങൾക്കിടയിലെ ഹഡിംബ ദേവീക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴമ. ടൂറിസ്റ്റുകള്‍ക്കൊപ്പം മുയലിനെ ഫോട്ടോയ്ക്കു പോസ് ചെയ്യിച്ച് വരുമാനമുണ്ടാക്കുന്ന സ്ത്രീകളെ ധാരാളം കണ്ടു.

tour8
വഴിയിൽ കൂട്ടായി കിട്ടിയ നായക്കുട്ടി

മഞ്ഞു പെയ്യുന്നത് ആദ്യമായി നേരിൽക്കണ്ടതിന്റെ അതിശയം. മൈനസ് 22 മുതൽ മൈനസ് 28 വരെ കൊടുംതണുപ്പ്. തണുപ്പിനെ പ്രതിരോധിക്കാനുള്ള പരമ്പരാഗത വസ്ത്രങ്ങളും ജാക്കറ്റുകളും ഷാളുകളും വില്‍ക്കുന്ന നിരവധി കടകളുണ്ട് ഇവിടെ. തണുപ്പിനുള്ള വസ്ത്രങ്ങൾ ഞങ്ങൾ കരുതിയതിനാൽ അധികം വാങ്ങേണ്ടി വന്നില്ല. മണാലി-ലേ റൂട്ടിൽ മഞ്ഞും മേഘങ്ങളും മലകളും ഉരുമ്മിക്കളിക്കുന്ന ദൃശ്യങ്ങൾക്കിടയിലൂടെ റോഹ്ത്തങ് പാസിലൂടെ കാർ കടന്നുപോയി.

tour7
യാത്രയ്ക്കിടെ തൈ നടാൻ സഹായിക്കുന്ന നാട്ടുകാരി

സഞ്ചാരികളുടെ വാഹനങ്ങളും ലഡാക്കിലെ പട്ടാള ക്യാംപിലേക്കുള്ള ടാങ്കറുകളും മാത്രമാണു റോഡിലുള്ളത്. കാലാവസ്ഥ മോശമായതിനാൽ മണാലിയിലെ വൃക്ഷത്തൈ നടൽ വിജയിച്ചില്ല. സൊലാങ് വാലിയും റോഹ്ത്തങ് പാസും പിന്നിട്ടു കസോളിലെത്തി. മഹേന്ദ്ര സിങ് എന്നയാളുടെ ഹോം സ്റ്റേയിലായിരുന്നു താമസം. അദ്ദേഹത്തിന്റെ സഹായി പങ്കജിന്റെ നേതൃത്വത്തിൽ കസോളിലെ മണ്ണിൽ തൈകൾ നട്ടു. കസോളിൽനിന്നു കഴിച്ച ന്യൂഡിൽസിന്റെയും സൊയമ്പൻ ചാട്ട് മസാലയുടെയും രുചി ഇപ്പോഴും നാവിലുണ്ട്. മഞ്ഞിന്റെ തണുപ്പും എരിവിന്റെ ചൂടും ഒരേസമയം ഓർമയിലെത്തിക്കുന്നു കസോൾ.

tour4
ഹിമാലയത്തിന്റെ താഴ്വാരത്ത്

കണ്ടാലുംകണ്ടാലും മതിവരാത്ത മഞ്ഞുസ്വർഗത്തെ വിട്ട് രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേക്ക്. വിചാരിച്ചതിലും വളരെ വൈകിയാണു ഡൽഹിയിൽ എത്തിയത്. റോഡിലാകെ മൂടൽമഞ്ഞ് നിറഞ്ഞിരുന്നതിനാൽ കാർ ഓടിച്ചത് വളരെ സാവധാനം. വെളിച്ചം കുറവായതിനാൽ കാർ എവിടെയും നിർത്താനുമായില്ല. പരമാവധി ദൂരം ഓടിക്കുക എന്നതു മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഇതുവരെയുള്ള യാത്രയിൽ ഏറ്റവും ഭയപ്പെടുത്തിയതും ദുഷ്കരമായതും ഡൽഹിയിലേക്കുള്ള ആ ഡ്രൈവ് ആയിരുന്നു.

tour3
ഹിമാലയത്തിന്റെ താഴ്‌വാരത്തിൽ

ബസുകളെ നോക്കി അവയ്ക്കു പിന്നാലെയാണ് ഒരുവിധം കാറോടിച്ചത്. തൊട്ടടുത്തുള്ള വാഹനത്തിന്റെ ബ്രേക്ക് ലൈറ്റ് മാത്രമാണു കാണാനാവുക. റോഡ് കാണാതെ, വശങ്ങളിൽ എന്തെന്നു മനസ്സിലാകാതെയായിരുന്നു ഡ്രൈവിങ്. പുലർച്ചെ രണ്ടേമുക്കാലോടെയാണ് ഒരു എക്സിറ്റ് ബോർഡ് റോഡിൽ കണ്ടത്. അതുവഴി കാർ വിട്ടു. സുരക്ഷിതമായെന്നു തോന്നിയ ഒരിടത്തു പാർക്ക് ചെയ്തു.

tour1

മൂടൽമഞ്ഞ് മാറാൻ കാത്തിരുന്നതു വെറുതെയായി. പത്താംദിവസം രാവിലെ, ദുഷ്കരമായ യാത്ര തുടരാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. വേഗം കുറച്ചു മൂന്നു മണിക്കൂറോളം കാർ ഓടിച്ചു. പകൽ ഒൻപതു മണിയായിട്ടും കാഴ്ചയൊട്ടും ഇല്ലാതിരുന്നതിനാൽ വീണ്ടും കാർ നിർത്തി. രണ്ടുമൂന്നു മണിക്കൂർ കാത്തുനിന്നു. മാറ്റമൊന്നുമുണ്ടായില്ല. വീണ്ടും കാർ സ്റ്റാർട്ട് ചെയ്തു. ഉച്ചതിരിഞ്ഞപ്പോഴാണു ഡൽഹിയിൽ എത്താനായത്.

ഡൽഹിയിലെ മലയാളി സഹായം

tour25

മഹാനഗരത്തിൽ ആദ്യമായി കാലുകുത്തിയപ്പോൾ ഞങ്ങൾ ആശയക്കുഴപ്പത്തിലായി. എവിടെ മരം നടും? ആരെ സമീപിക്കും? ഗൂഗിളിൽ പരതി. ആലോചനയ്ക്കൊടുവിൽ ഡൽഹി മലയാളം അസോസിയേഷനുമായി ബന്ധപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രനെ ഫോണിൽ കിട്ടി. യാത്രയെക്കുറിച്ചു വിശദീകരിച്ചപ്പോൾ അദ്ദേഹത്തിനു സന്തോഷം. ഡൽഹി മലയാളം അസോസിയേഷന്റെ ആസ്ഥാനത്തേക്കു വൈകിട്ട് നാലരയോടെ വരണമെന്നറിയിച്ചു. ചന്ദ്രേട്ടന്റേയും മോഹനേട്ടന്റെയും സഹായത്തോടെ അവിടെ തൈകൾ നട്ടു. ഉദ്യമത്തിന് എല്ലാ പിന്തുണയും അവർ വാഗ്ദാനം ചെയ്തു.

tour34

റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലായിരുന്നു താമസം. സ്റ്റേഷനു മുന്നിലെ ബസാർ കാണേണ്ടതാണ്. ഒട്ടുമിക്ക സാധനങ്ങളും വിലക്കുറവിൽ കിട്ടും. വിദേശികളും സ്വദേശികളും ഇവിടെ സാധനങ്ങൾ വാങ്ങാനെത്തുന്നു. ആളുകൾ സന്തോഷത്തോടെ ഇടപെടുന്നൊരു സ്ഥലം കൂടിയാണിത്. വെറുതെ നിന്നു കൊടുത്താൽ തന്നെ ഒഴുകിപ്പോകുന്നത്ര തിരക്കാണ്.

tour33

നിത്യപ്രണയത്തിന്റെ സ്മാരകമായ താജ്‍മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയായിരുന്നു അടുത്ത ഡെസ്റ്റിനേഷൻ. യമുന എക്സ്പ്രസ് ഹൈവേയിലൂടെയുള്ള അതിവേഗ ഡ്രൈവിങ് മറക്കാനാവില്ല. തടസ്സങ്ങളില്ലാതെ, വീതിയേറിയ റോഡ് ഏതൊരു ഡ്രൈവറെയും കൊതിപ്പിക്കും. ഇത്ര വേഗത്തിൽ ആഗ്രയിൽ എത്താനാകുമെന്നു കരുതിയതേയല്ല. നാച്വർ റിസോർട്ടിലാണു മുറിയെടുത്തത്. വൃത്തിയും വെടിപ്പുമുള്ള മുറികൾ. വാടക കുറവുമാണ്. രാത്രിയിൽ അവിടെ തങ്ങി.

tour32
ഡൽഹിയിലേക്കുള്ള മഞ്ഞുമൂടിയ റോഡ്

രാവിലെ ലോകാദ്ഭുതങ്ങളിലൊന്നായ താജ്‍മഹൽ മതിയാവോളം കണ്ടു. മുഗള്‍ വാസ്തുവിദ്യയുടെ ഉദാത്ത മാതൃക. ‘അനശ്വരതയുടെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍തുള്ളി’ എന്ന് ടാഗോര്‍ വിശേഷിപ്പിച്ച വെണ്ണക്കല്‍ ശിൽപത്തെക്കുറിച്ച് എത്രയെത്ര രചനകൾ. 20,000 പേര്‍ 22 വര്‍ഷം കഠിനാധ്വാനം ചെയ്താണ് താജ്മഹല്‍ പൂര്‍ത്തിയാക്കിയത് എന്നെല്ലാം നമ്മൾ വായിച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോഴാണ് അതിന്റെ ആഴവും പരപ്പും ബോധ്യമായത്. ക്യാമറക്കണ്ണുകളെയും കൊതിപ്പിക്കുന്നതെന്തോ ഈ പ്രണയസൗധത്തിലുണ്ട്.

നാട്ടിൽനിന്നൊരു വിളി, അമ്മയ്ക്കു വയ്യ

tour31

ലക്നൗവിലേക്കു കാർ തിരിക്കുമ്പോഴാണു നാട്ടിൽനിന്ന് അപ്രതീക്ഷിത ഫോൺവിളി വന്നത്. അഖിലിന്റെ അമ്മയ്ക്കു വയ്യ. ഗുരുതര പ്രശ്നമില്ല, അറിയിച്ചെന്നു മാത്രം. വേഗത്തിൽ തിരിച്ചെത്താനായി യാത്ര വെട്ടിക്കുറച്ചു. നേപ്പാളിലെത്തി ദൗത്യം പൂർത്തിയാക്കി മടങ്ങാമെന്നു മൂവരും തീരുമാനിച്ചു. അഖിലിന്റെ നേപ്പാൾ സുഹൃത്ത് ദിപേന്ദ്ര കുമാർ ധാമിയെ ഫോണിൽ വിളിച്ചു. ഇന്തോ–നേപ്പാൾ അതിർത്തിയിലെ ബിത്താമോർ അതിർത്തിയിലെത്താനാണു ദിപേന്ദ്ര പറഞ്ഞത്. എവിടെയും നിർത്താതെ കാർ പാഞ്ഞു. പഞ്ചാബിലും ഡൽഹിയിലും നേരിട്ടതിനേക്കാൾ മോശം റോഡായിരുന്നു നേപ്പാളിലേക്കുള്ളത്. മഞ്ഞു കൂടിയായപ്പോൾ ഒരു രക്ഷയുമില്ലാതായി. സ്ഥലത്തെക്കുറിച്ചും റോഡിനെപ്പറ്റിയും ഒരു ധാരണയുമില്ല. വേറെ മാർഗമില്ലാത്തതിനാൽ അപകടം പിടിച്ച വഴിയിലൂടെ കാർ മുന്നോട്ടെടുത്തു.

tour29

റോഡിന്റെ മധ്യം പിടിച്ച്, 50–60 കിലോമീറ്റർ വേഗത്തിലാണു സഞ്ചരിച്ചത്. റോഡിലെ നടുവര മാത്രമേ കാണാനുണ്ടായിരുന്നുള്ളൂ. ഇനിയേതു പ്രതിസന്ധിയും സാഹസികതയും നേരിടാനുള്ള കരുത്തും അനുഭവവുമാണു നേപ്പാളിലുള്ള കാർ ഡ്രൈവിങ് മൂവർക്കും സമ്മാനിച്ചത്. പുലർച്ചെ മൂന്നരയോടെ ബിഹാറിലെ സീതാമർഹിയിലെത്തി. കുറച്ചുനേരത്തെ വിശ്രമത്തിനായി ലോഡ്ജിൽ മുറിയെടുത്തു. പേടിക്കേണ്ട സ്ഥലമാണു ബിഹാർ എന്നൊക്കെയാണു കേട്ടിരുന്നത്. തികച്ചും വ്യത്യസ്തമായിരുന്നു ഞങ്ങൾക്ക്. കുടുംബാംഗങ്ങളെപ്പോലെയാണു ഞങ്ങളോടു പെരുമാറിയത്. താമസത്തിനും ഭക്ഷണത്തിനും അധികം പണവുമായില്ല.

tour28

പട്നയ്ക്കടുത്തു നേപ്പാൾ അതിർത്തിയോടു ചേർന്നുള്ള ഗ്രാമമാണു സീതാമർഹി. രാമായണത്തിലെ സീതാദേവിയെ ജനക മഹാരാജാവിനു കിട്ടിയ സ്ഥലം. കൃഷിയാണ് നാട്ടുകാരുടെ ഉപജീവനമാർഗം. ചോളവും ഗോതമ്പും നെല്ലും പച്ചക്കറികളും പയറു വർഗങ്ങളുമാണു കൃഷി. സിനിമകളിൽ മാത്രം കാണാറുള്ള ഗ്രാമീണ ഭംഗി. ഇവിടെ പരിചയപ്പെട്ട ചെറുപ്പക്കാരായ സാമിറിന്റെയും ഉസ്രിയുടെയും സഹായത്തോടെയാണു സീതയുടെ ഭൂമിയിൽ തൈകൾ നട്ടത്. ജാനകി മന്ദിർ, സീതയുടെ ഓർമയ്ക്കു ജനകൻ പണിത ജാനകി കുണ്ഡ്, പാഞ്ചാലി ജനിച്ച ധേക്കുലി... ക്ഷേത്രങ്ങളും രാമായണ, മഹാഭാരത ഇതിഹാസങ്ങളും കഥകൾ വിടർത്തുകയാണു സീതാമർഹിയിൽ. 

tour27

പാതി നിർത്തിയ കഥകൾ പോലെ, കാഴ്ചകൾ തൽക്കാലത്തേക്ക് അടച്ചുവച്ചു നേപ്പാൾ അതിർത്തിയിലെ ബിത്താമോറിലേക്ക്. ഉച്ചയ്ക്കു രണ്ടോടെ അവിടെയെത്തി. ദിപേന്ദ്ര കുമാർ വരാൻ കുറച്ചധികം സമയമെടുത്തു. നാലരയോടെയേ അതിർത്തിയിൽ എത്താനായുള്ളൂ. അവിടെനിന്ന് ഒരു മണിക്കൂർ കൂടി പോയാൽ വീട്ടിലെത്തുമെന്നു ദിപേന്ദ്ര കുമാർ പറഞ്ഞപ്പോൾ ആശ്വാസമായി. കാരണം, മാലിവാര–ബിത്താമോർ റോഡിലൂടെ ഇങ്ങോട്ടു വന്നതു വളരെ കഷ്ടപ്പെട്ടാണ്. ടാറിടാത്ത മണൽ റോഡിലൂടെയായിരുന്നു യാത്ര. ദിപേന്ദ്ര കുമാറിന്റെ വീട്ടിൽ ഹൃദ്യമായ സ്വീകരണമായിരുന്നു. നാട്ടിൽ അമ്മയുടെ വയ്യായ്ക മനസ്സിലുള്ളതിനാൽ ഏതാനും മണിക്കൂറുകളേ അവിടെ ചെലവിട്ടുള്ളൂ. ഓർമയ്ക്കായി ദിപേന്ദ്രയുടെ വീട്ടിൽ തൈകൾ നട്ടാണ് ഇറങ്ങിയത്.

നിറവോടെ നാട്ടിലേക്കു മടക്കം

tour23
രാജസ്ഥാനിലെ കർഷകർക്കൊപ്പം

നേപ്പാളിനോടും ദിപേന്ദ്രയോടും യാത്ര പറഞ്ഞ് ആഗ്രയിലേക്കു തിരിച്ചു. കഠിനമായ യാത്രയായിരുന്നതിനാൽ ഞങ്ങൾ തളർന്നിരുന്നു. കുറച്ചുനേരമെങ്കിലും ഉറങ്ങിയില്ലെങ്കിൽ കുഴയുമെന്നായി. വഴിയിലൊരു ധാബയിൽ മുറിയെടുത്തു, ഉറങ്ങി ക്ഷീണം മാറ്റി. ആഗ്രയിലെത്തിയ ശേഷം ഹൈദരാബാദിലേക്കു പോകാമെന്നാണു വിചാരിച്ചത.് ക്ഷീണം വിടാത്തതിനാൽ നാപുരിലെ സാഗർ എന്ന സ്ഥലത്തു മുറിയെടുത്തു. അതിരാവിലെ അവിടെനിന്നു ഹൈദരാബാദിലേക്ക്. കണ്ണെത്താ ദൂരത്തോളം കരിമ്പു പടർന്നു കിടക്കുന്ന ഗ്രാമത്തിലൂടെയാണു കാർ പോയിരുന്നത്. വഴിയോരത്തെ കടയോടു ചേർന്നു കാർ നിർത്തി. ശർക്കര കൊണ്ടുള്ള സ്പെഷൽ ചായയും മുട്ട ബുർജിയുമാണു കഴിക്കാൻ കിട്ടിയത്. അപൂർവമായ രുചിക്കൂട്ട്.

tour24
എന്നും നിറസൗന്ദര്യമായി താജ്‍മഹൽ

പോയതിനേക്കാൾ വേഗത്തിലായിരുന്നു മടക്കയാത്ര. ഹൈദരാബാദിലെത്തി പിറ്റേന്നു കാലത്തു ബെംഗളൂരുവിലേക്ക്. അപ്പോഴാണു യാത്രയുടെ പരസ്യ പങ്കാളിയായ ദുബായ് സ്മാക് മീഡിയ ഉടമ സുജിത്തിന്റെ കോൾ വന്നത്. യുഎഇയിലെ മലയാളം എഫ്എമ്മിൽ മൂവർ സംഘത്തിന്റെ യാത്ര അനൗൺസ് ചെയ്യുകയാണെന്ന് സുജിത് പറഞ്ഞു. യാത്രയ്ക്കൊപ്പം നാടിനെ പച്ചപ്പണയിച്ചു കൊണ്ടുള്ള യുവാക്കളുടെ ദൗത്യത്തെ ഒരുപാടുപേർ അഭിനന്ദിക്കുന്നെന്ന് അറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നി.

tour26
നാട്ടിലെ രുചി. ചോറും മീൻകറിയും

ഉച്ചയ്ക്ക് രണ്ടരയോടെ െബംഗളൂരുവിലെത്തി. ഇന്ദിരാ നഗറിൽ മലയാളി നടത്തുന്ന ഹോം സ്റ്റേയിൽ തങ്ങി. നാടിന്റെ മണം അടിച്ചു തുടങ്ങി. പാലക്കാട്ടേക്കുള്ള വഴിയിലാണു കാർ. കടംകോട് എന്ന സ്ഥലത്തു മീൻചട്ടി എന്നൊരു ഹോട്ടൽ കണ്ണിലുടക്കി. മൂന്നു പേരും മേശയ്ക്കു ചുറ്റുമിരുന്നു. വാഴയിലയിൽ ചൂടുള്ള ചോറും മീൻകറിയും വിളമ്പി. വേഷവും കാറും കണ്ടാകണം, യാത്രയെപ്പറ്റി ഹോട്ടലിലുള്ളവർ ചോദിച്ചറിഞ്ഞു. അടുത്തകാലത്തു കഴിച്ച അടിപൊളി മീനും ചോറുമായിരുന്നു അത്. വയറുനിറയെ ചോറുണ്ടതിന്റെ സന്തോഷത്തിൽ കാറിൽ കയറി.

tour2
കുഴൽമന്ദം സ്റ്റേഷൻ പരിസരത്തു തൈകൾ നടുന്നു

കുഴൽമന്ദം പൊലീസ് സ്റ്റേഷൻ കണ്ടപ്പോൾ അവിടെക്കൂടി കയറിയേക്കാം എന്നു വിചാരിച്ചു. എസ്ഐ അനൂപ്, എഎസ്ഐ ദിവാകരൻ എന്നിവരെ കണ്ടു പരിചയപ്പെട്ടു. ഇന്ത്യയെ ഹരിതാഭമാക്കാനുള്ള യജ്ഞത്തെ പൊലീസുകാർ അഭിനന്ദിച്ചു. സ്റ്റേഷൻ പരിസരത്തു മരത്തൈകൾ നടാനുള്ള അനുവാദവും തന്നു. അപ്പോഴേക്കും മുന്നൂറോളം മരത്തൈകൾ പല സംസ്ഥാനങ്ങളിലായി മൂവരും നട്ടുകഴിഞ്ഞിരുന്നു. എന്താവശ്യത്തിനും വിളിക്കണമെന്നു പറഞ്ഞാണു പൊലീസ് യാത്രയാക്കിയത്. മൂന്നുപേരും നിറഞ്ഞ മനസ്സോടെ, ഒരുപാടൊരുപാട് ഓർമകളുടെ തണലുമായി വീടുകളിൽ വന്നണഞ്ഞു.

ഭൂമിയമ്മയെ തണലണിയിക്കാനുള്ള എളിയ ശ്രമമെന്നാണു യാത്രയെപ്പറ്റി മൂവരും പറയുന്നത്. പോയ സ്ഥലങ്ങളെല്ലാം ക്യാമറയിലാക്കിയിട്ടുണ്ട്. ഭൂമിയെ കൂടുതൽ പച്ചപ്പാക്കാനുള്ള ഈ ദൗത്യത്തെ ഹ്രസ്വചിത്രമായി അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണിവർ. കൂടുതൽ നാടുകളും കാഴ്ചകളും കാണാൻ ഉടൻ തന്നെ സംഘമിറങ്ങും.

കുറഞ്ഞ ചെലവിൽ നല്ല യാത്രയോ?

യാത്ര പോകാൻ ഇഷ്ടമില്ലാത്തവരില്ല. ജനിച്ച നാടു മുതൽ രാജ്യവും ലോകവും വരെ കാഴ്ചയുടെ കാർണിവലൊരുക്കി കാത്തിരിക്കുന്നു. ആഗ്രഹമുണ്ടെങ്കിലും സമയവും പണവും ഇല്ലാത്തതിനാലാണു മിക്കവരും യാത്ര മാറ്റിവയ്ക്കുന്നത്. എന്നാൽ അവസരം കിട്ടുമ്പോഴെല്ലാം എവിടേക്കെങ്കിലുമൊക്ക യാത്ര ചെയ്യണമെന്നാണു സ്ഥിരം സഞ്ചാരികൾ പറയുന്നത്. പണവും സമയവും ഒത്തുവന്ന ശേഷമുള്ള യാത്രയെന്നതു നടക്കാത്ത കാര്യമാണെന്ന് അമൽ കൃഷ്ണ പറയുന്നു. വലിയ പ്ലാനിങ്ങും എപ്പോഴും ശരിയായിക്കൊള്ളമെന്നില്ല. ഞങ്ങളുടേതില്‍ തന്നെ മൂന്നുപേരും യാത്ര പോകുന്ന ദിവസമാണു കാണുന്നത്.

സ്വന്തം വാഹനത്തിലാണു യാത്രയെങ്കിൽ, വണ്ടി സർവീസ് നടത്തി നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കണം. പെട്ടെന്നു വല്ല തട്ടുകേടും വന്നാൽ നന്നാക്കാനുള്ള അറിവും സാധനസാമഗ്രികളും ഉണ്ടാകുന്നതു നല്ലതാണ്. നമുക്കു മുൻപേ പോയവരുടെ എഴുത്തുകളും അനുഭവങ്ങളും ഓർമയിലുണ്ടെങ്കിൽ പലവിധ തടസ്സങ്ങളും അപകടങ്ങളും കുറയ്ക്കാനാകും. മെഡിക്കൽ കിറ്റ്, യാത്രയുടെ സ്വഭാവമനുസരിച്ച് ഉണങ്ങിയ പഴങ്ങൾ, ബിസ്കറ്റ് എന്നിവ കരുതണം. സമയകൃത്യത പാലിക്കൽ പ്രധാനമാണ്. അതിരാവിലെ ഉണരാനും ആറു മണിക്കുതന്നെ യാത്ര തുടരാനും ശ്രദ്ധിച്ചിരുന്നു. സ്വയം ഡ്രൈവിങ് ആയതിനാൽ മതിയായ ഉറക്കവും ഉറപ്പാക്കി. മദ്യപാനവും മറ്റു ലഹരികളും പാടെ ഒഴിവാക്കി. പുറപ്പെടും മുൻപു യാത്രയ്ക്കു സഹായകമാകുന്ന സകല ആപ്പുകളും ഡൗൺലോഡ് ചെയ്തു. ആപ്പുകളിലൂടെ സേർച്ച് ചെയ്തു താരതമ്യപ്പെടുത്തി നോക്കിയാണു കുറഞ്ഞ ചെലവിലുള്ള താമസവും ഭക്ഷണവും കണ്ടെത്തിയത്.

tour30
യാത്രികരുടെ ഗ്രൂപ്പ് സെൽഫി

വഴികളും കാണേണ്ട സ്ഥലങ്ങളും മനസ്സിലാക്കാൻ ഗൂഗിൾ മാപ്പ് ഉൾപ്പെടെയുള്ളവ സഹായിച്ചു. നേരത്തേ പറഞ്ഞുറപ്പിച്ച് എവിടെയും താമസിച്ചിരുന്നില്ല. ഡോർമിറ്ററികളും ലോഡ്ജുകളും തൊട്ടുമുന്നേയാണ് ബുക്ക് ചെയ്തിരുന്നത്. അത്യാവശ്യം വസ്ത്രങ്ങളേ എടുത്തിരുന്നുള്ളൂ. ഹോട്ടൽ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കി. തെരുവുകടകളിലെ നാടൻരുചിക്കായിരുന്നു പ്രധാന്യം. ഇതു വലിയതോതിൽ ചെലവു കുറച്ചു. കാശുണ്ടാക്കിയിട്ടു പോകാമെന്നു കരുതിയാൽ നടക്കില്ല. പണവും സമയവും അഡ്ജസ്റ്റ് ചെയ്ത് പെട്ടെന്നങ്ങു പോവുക. യാത്രാനുഭവങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നമുക്കു നഷ്ടമുണ്ടാകില്ല. കാറിന്റെ ഇന്ധനവും ഞങ്ങളുടെ ഭക്ഷണവും താമസവും എല്ലാമുൾപ്പെടെ 60,000 രൂപയോളമേ ഈ ഇന്ത്യായാത്രയ്ക്ക് ആയുള്ളൂ– അമൽ പറഞ്ഞു.

പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും

പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും

നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍

നീണ്ടൊരീയറിയാത്ത വഴികളില്‍

എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം

ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍...

(സഫലമീ യാത്ര– എന്‍.എന്‍.കക്കാട്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA