നിർമാതാവ് പീഡിപ്പിച്ചെന്ന കേസിൽ വൻ ട്വിസ്റ്റ്; 6 കോടി ആവശ്യപ്പെട്ട് നടി– ഓഡിയോ

SHARE

കൊച്ചി∙ സിനിമാ നിർമാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നിർണായക വഴിത്തിരിവ്. പണത്തിനായുള്ള ബ്ലാക്മെയിലിങ് ആണ് നടന്നതെന്ന് സംശയിക്കാവുന്ന തെളിവുകൾ പുറത്തുവരുന്നു. പൊലീസിൽ പരാതി നൽകിയ ശേഷം പ്രതിയായ നിർമാതാവിനെ നടി ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു. ആറുകോടിയാണ് ആവശ്യപ്പെട്ടത്. ഇതടക്കം രേഖകൾ പരിശോധിച്ചാണ് പ്രതിക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. 

വൈശാഖ് രാജൻ നിർമിച്ച് 2015ൽ പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ ഏതാനും രംഗങ്ങളിൽ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അടുത്ത സിനിമയിൽ നല്ല വേഷം നൽകാമെന്നു വാഗ്ദാനം നൽകി ഫ്ലാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഇതിന് തൊട്ടുമുൻപും ശേഷവുമായി ഇരുവരും തമ്മിൽ ഫോണിൽ നടത്തിയ സംഭാഷണങ്ങളിൽ ഒന്ന് ഇങ്ങനെ: കാശല്ലേ വേണ്ടത്, അൽപം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ 

അതായത്, പ്രതിയായ നിർമാതാവ് മുൻകൂർ ജാമ്യഹർജി വഴി കോടതിയെ അറിയിച്ചത് പോലെ പണത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ നേരത്തെ ചർച്ച തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിന്റെ തുടർച്ചയാണു സംഭാഷണം. കേസിൽ നിന്ന് പിന്മാറാൻ ആറുകോടിയാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്. എന്നാൽ പണം എന്നോ രൂപ എന്നോ പറയാതിരിക്കാൻ വളരെ ശ്രദ്ധിച്ചാണു സംസാരം– നിനക്ക് പണമല്ലേ ആവശ്യം? ഫിലിമിന്റെ കാര്യമല്ലേ അങ്ങനെ പറ.... എനിക്കറിയാം ഫിലിമിന്റെ കാര്യമാണെന്ന് .

എന്നിട്ടും വിലപേശലിനൊടുവിൽ പലപ്പോഴും ആ ജാഗ്രത കൈവിട്ടുപോകുന്നത് കാണാം. തുക സമയത്ത് നൽകാതെ വൈകിച്ചാൽ എന്താണ് ഭവിഷ്യത്ത് എന്ന് പരാതിക്കാരി മുന്നറിയിപ്പ് നൽകുന്നുണ്ട്– ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ..? ഇതടക്കം സംഭാഷണങ്ങളും പരാതിക്കാരിയും നിർമാതാവുമായുള്ള വാട്‌സാപ് മെസേജുകളും പരിശോധിച്ചാണ് എറണാകുളം കോടതി കഴിഞ്ഞയാഴ്ച പ്രതി വൈശാഖ് രാജന് മുൻകൂർ ജാമ്യം അനുവദിച്ചത്.

ജഡ്ജി കൗസർ ഇടപ്പകത്ത് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇങ്ങനെ: 2017 ജൂലൈയിൽ നടന്നതായി പരാതിയിൽ പറയുന്ന പീഡനം പൊലീസിൽ അറിയിക്കുന്നത് ഏതാണ്ട് ഒന്നര വർഷത്തിനു ശേഷം. ഇക്കാലത്തിനിടയിൽ ഇരുവരും തമ്മിൽ വളരെ അടുത്ത സൗഹൃദം പുലർത്തിയിരുന്നതായി വാട്സാപ് മെസേജുകളിൽ നിന്ന് മനസിലാക്കാം. പലപ്പോഴും നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് പരാതിക്കാരി തന്നെ നിർമാതാവിനെ ക്ഷണിക്കുന്നതും മെസേജുകളിൽ കാണാം.

പരാതിയിൽ പറയുന്നതു പ്രകാരം പീഡനം നടന്ന ശേഷമാണിതെല്ലാം. ഇതിനൊപ്പം ഫോണിലെ സംഭാഷണം കൂടി കേട്ട കോടതി, പണം ആവശ്യപ്പെട്ടുള്ള ഭീഷണിയാണത് എന്നാണ് മനസിലാകുന്നത് എന്നുതന്നെ ഉത്തരവിൽ പറയുന്നു. എല്ലാത്തിനും പുറമെ, പീഡനം നടന്നതായി പരാതിയിൽ പറയുന്ന 2017 ഏപ്രിൽ അവസാന ആഴ്ചയിൽ വൈശാഖ് രാജൻ ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നില്ലെന്നു വ്യക്തമാക്കുന്ന വിമാന ടിക്കറ്റ് കൂടി പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഇതും പരിശോധിച്ച കോടതി, പരാതിക്കാരിയെ വിശ്വസിക്കാൻ കഴിയില്ലെന്ന് തന്നെ തെളിച്ചുപറഞ്ഞാണ് പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA