ന്യൂഡൽഹി ∙ നോട്ടു നിരോധനത്തിനു പിന്നാലെ 8300 കോടി രൂപ അനധികൃതമായി നിക്ഷേപിച്ചെന്ന ആരോപണത്തിനെതിരെ നിയമനടപടിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ വിവേക് ഡോവൽ. വാർത്ത പുറത്തുവിട്ട കാരവൻ മാഗസിൻ, കോൺഗ്രസ് നേതാവ് ജയറാം രമേശ് എന്നിവർക്കെതിരെ ഡൽഹി പട്യാല ഹൗസ് കോടതിയിൽ വിവേക് മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
ഡോവലിന്റെ മകന്‍ വിവേകിനു ബ്രിട്ടിഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. 2016ലെ നോട്ട് നിരോധനത്തിന് 13 ദിവസങ്ങള്‍ക്കുശേഷം ദ്വീപില്‍ അനധികൃത അക്കൗണ്ട് തുറന്ന വിവേക്, അതിലൂടെ ഇന്ത്യന്‍ ബാങ്കുകളില്‍ 8300 കോടി രൂപ നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണിതെന്നും റിസര്‍വ് ബാങ്ക് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു.
തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. തനിക്കും സ്ഥാപനത്തിനും അപരിഹാര്യമായ പ്രതിഛായാ നഷ്ടമാണു സംഭവിച്ചതെന്നും ഹർജിയിൽ വിവേക് ചൂണ്ടിക്കാട്ടി. വാർത്ത എഴുതിയ റിപ്പോർട്ടർ കൗശൽ ഷ്റോഫ്, കാരവൻ മാഗസിൻ, ജയറാം രമേശ് എന്നിവർക്കെതിരെയാണു അഡീഷനൽ ചീഫ് ജുഡീഷ്യൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സമർ വിശാലിനു മുൻപാകെ ഹർജി നൽകിയത്. ചൊവ്വാഴ്ച കേസ് പരിഗണിച്ചേക്കും.