കണ്ണൂരില്‍നിന്നു കൂടുതൽ വിമാന സർവീസ് വേണം; എയർ ഇന്ത്യ അമിതനിരക്ക് കുറയ്ക്കണം: മുഖ്യമന്ത്രി

kannur-airport-pinarayi-vijayan
SHARE

തിരുവനന്തപുരം ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ. കേരളത്തില്‍നിന്ന് കൂടുതൽ സർവീസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സിഇഒമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യോഗത്തിലാണ് ഉറപ്പ് ലഭിച്ചത്.

കണ്ണൂരിൽ നിന്ന് ഗൾഫ് മേഖലയിലേക്കു മറ്റു വിമാനത്താവളങ്ങളിലേക്കാൾ അമിതനിരക്ക് ഈടാക്കുന്നതു കുറയ്ക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരിൽനിന്ന് ദുബായ്, ഷാർജ, അബുദാബി, മസ്‌ക്കത്ത്, ദോഹ, ബഹ്‌റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്കു കൂടുതൽ സർവീസുകൾ ആവശ്യമാണ്. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്കും സർവീസ് വേണം.

നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസാണ് നാലു രാജ്യാന്തര സർവീസുകൾ നടത്തുന്നത്. കണ്ണൂരിൽനിന്ന് വിദേശ വിമനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. ഏവിയേഷൻ ടർബൈൻ ഫ്യൂവലിനുള്ള നികുതി നേരത്തേതന്നെ ഒരു ശതമാനമായി കുറച്ചിരുന്നു.

ഉദ്ഘാടനം ചെയ്തശേഷമുള്ള ആദ്യമാസത്തെ കണക്കുകൾ പരിശോധിച്ചാൽ രാജ്യാന്തര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരിൽനിന്നു വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡൽഹിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ ‌പ്രധാനമാണ്. മറ്റു വിമാനത്താവളങ്ങളിലും കൂടുതൽ സർവീസുകൾ ആവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരിൽനിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാർച്ചോടെ സർവീസ് ആരംഭിക്കുമെന്നു സിഇഒ കെ.ശ്യാംസുന്ദർ അറിയിച്ചു. ബഹ്‌റൈൻ, കുവൈത്ത്, മസ്‌ക്കത്ത് എന്നിവിടങ്ങളിലേക്കാണു സർവീസുകൾ. നിലവിൽ ഷാർജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്കു സർവീസുണ്ട്. തിരുവനന്തപുരം- കണ്ണൂർ സർവീസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡിഗോ എയർലൈൻസ് കണ്ണൂരിൽനിന്ന് ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്‌ളി, ഗോവ എന്നിവിടങ്ങളിലേക്ക് 25ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള സർവീസ് മാർച്ച് അവസാനം തുടങ്ങും. മാർച്ചിൽ ദോഹ, കുവൈത്ത്, രണ്ടു മാസങ്ങൾക്കുള്ളിൽ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നതു പരിഗണനയിലുണ്ട്. 

കണ്ണൂരിൽനിന്ന് ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കത്തിലേക്കും സർവീസ് ആരംഭിക്കുമെന്ന് ഗോ എയർ അറിയിച്ചു. സ്‌പൈസ് ജെറ്റ് അധികൃതർ കണ്ണൂരിൽനിന്ന് ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA