കാബുൾ ∙അഫ്ഗാനിസ്ഥാനിൽ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു. വർധക് പ്രവിശ്യയിലെ സൈനിക കേന്ദ്രത്തിൽ താലിബാനാണു സ്ഫോടനം നടത്തിയത്. 126 പേർ കൊല്ലപ്പെട്ടതായാണു വിവരമെന്ന് കാബൂളിലെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ എട്ടുപേർ സ്പെഷൽ കമാൻഡോമാരാണ്.
തിങ്കളാഴ്ച രാവിലെയാണ് വർധക് പ്രവിശ്യയിലെ മൈതാൻ ഷഹറിലുള്ള നാഷനല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി പരിശീലന കേന്ദ്രത്തിൽ ആക്രമണം നടന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഭീകരർ സൈനിക പരിശീലന കേന്ദ്രത്തിനുള്ളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിനു ശേഷം രണ്ട് ഭീകരരെത്തി നിരവധി അഫ്ഗാൻ സൈനികർക്കു നേരെ വെടിയുതിർത്തു. പിന്നീടു നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും വെടിവച്ചു കൊന്നു.
അഫ്ഗാൻ സൈന്യത്തിൽനിന്നു പിടിച്ചെടുത്ത വാഹനമാണ് താലിബാൻ ഭീകരർ ആക്രമണത്തിനായി ഉപയോഗിച്ചത്. പരുക്കേറ്റ നിരവധി ൈസനികരെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിൽസ നൽകിയതായി പ്രവിശ്യാ കൗൺസിൽ അംഗം ഷെരീഫ് ഹോതക് വ്യക്തമാക്കി. മേഖലയില്‍ സംഘർഷ സാധ്യതയുള്ളതിനാൽ കൃത്യമായ മരണ സംഖ്യ പുറത്തുവിടാൻ സർക്കാർ വൃത്തങ്ങൾ തയാറായിട്ടില്ല. സംഭവത്തെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി അപലപിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ നടത്തിയ അക്രമത്തിൽ ഏറെ പ്രിയപ്പെട്ട മക്കൾക്കു ജീവൻ നഷ്ടപ്പെട്ടതായും പരുക്കേറ്റതായും പ്രസിഡന്റിന്റെ ഓഫിസ് പ്രതികരിച്ചു.