കൊൽക്കത്തയിലെ പ്രതിപക്ഷ റാലിയിൽ കേട്ടത് അലക്സാണ്ടർ ഡ്യൂമയുടെ പോരാളികൾ മുഴക്കിയ വിജയാരവം തന്നെ. ഓൾ ഫോർ വൺ ആൻഡ് വൺ ഫോർ ഓൾ! വ്യക്തിക്കൊപ്പം സഖ്യം, സഖ്യത്തിനൊപ്പം വ്യക്തി. പൊതുശത്രുവിനെതിരെ യോജിക്കുന്ന പ്രതിപക്ഷ പോരാളികൾക്കു വീര്യമേറുന്നതിനു കാരണമുണ്ട്. ഒരിക്കൽ ചെറുതും വലുതുമായ നാൽപ്പതിലേറെ രാഷ്ട്രീയ പാർട്ടികളുടെ പിൻബലമുണ്ടായിരുന്ന എൻഡിഎയ്ക്കു തൂവൽ കൊഴിയുന്നു.
16 പാർട്ടികളെങ്കിലും ഇതിനകം മുന്നണി വിട്ടു. ചിലർ ഇടഞ്ഞുനിൽക്കുന്നു. എന്നാൽ, മറുവശത്ത് ബിജെപി പ്രസക്തമായൊരു ചോദ്യം ഉയർത്തുന്നുണ്ട്. അതു നാം പണ്ടു കേരളത്തിൽ കേട്ടത്: ആരാ നിങ്ങടെ നേതാവ്? എന്താ നിങ്ങടെ പരിപാടി?
കൊഴിയുന്ന തൂവലുകൾ
പൗരത്വ ഭേദഗതി ബില്ലിനെ എതിർത്ത് അസം ഗണ പരിഷത് (എജിപി) പുറത്തു പോയതാണ് എൻഡിഎയ്ക്ക് ഒടുവിലേറ്റ തിരിച്ചടി. വടക്കു കിഴക്കൻ മേഖലയിൽ അവരുടെ പ്രധാന സഖ്യകക്ഷിയായിരുന്നു എജിപി. അടുത്ത കാലത്തു ബിജെപി സഖ്യം ഉപേക്ഷിച്ച ചന്ദ്രബാബു നായിഡു (ടിഡിപി) പ്രതിപക്ഷ സഖ്യ രൂപീകരണത്തിനു നേതൃത്വം നൽകുന്നു.
കേരളത്തിൽ നിന്നു തുടങ്ങാം. സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ആർഎസ്പിയും (ബോൾഷെവിക്) സഖ്യം വിട്ടതിനു പ്രതീകാത്മക പ്രാധാന്യമാണു കൂടുതൽ. ഒരു പാർട്ടി ഇടതുവാദത്തെ പ്രതിനിധീകരിക്കുന്നതെങ്കിൽ രണ്ടാമത്തേത് ദുർബല വിഭാഗത്തിന്റെ പ്രതിനിധി. മഴവിൽ സഖ്യമെന്ന ബിജെപി ആശയമാണു തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികളുടെ പിന്മാറ്റത്തോടെ തകർന്നത്. എംഡിഎംകെ (വൈകോ), ഡിഎംഡികെ (വിജയ്കാന്ത്), പിഎംകെ (രാംദോസ്) എന്നിവ പല തവണയായി പിണങ്ങിപ്പിരിഞ്ഞു. മുന്നാക്ക സംവരണത്തിനു പിന്നാലെ അണ്ണാ ഡിഎംകെയുമായുള്ള സഖ്യസാധ്യതകളും ഏറെക്കുറെ ഇല്ലാതായി.
തെലുങ്കു സിനിമാ താരം പവൻ കല്യാണിന്റെ ജന സേന പാർട്ടി, കർണാടക പ്രജ്ഞാവന്ത ജനത എന്നിവ ഇപ്പോൾ എൻഡിഎയ്ക്കൊപ്പമില്ല. ദക്ഷിണേന്ത്യയിൽ വിശ്വസനീയ സഖ്യസാധ്യത ബാക്കി നിൽക്കുന്നതു വൈഎസ്ആർ കോൺഗ്രസുമായി (ആന്ധ്ര) മാത്രം. മഹാരാഷ്ട്രയിൽ സ്വാഭിമാന പക്ഷയും ബംഗാളിൽ ഗൂർഖ ജനമുക്തി മോർച്ചയും സഖ്യം വിട്ടു.
ബീഹാറിൽ മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും എൻഡിഎ സർക്കാരിൽ മന്ത്രിയായിരുന്ന ഉപേന്ദ്ര ഖുശ്‌വാഹയുടെ രാഷ്ട്രീയ ലോക്സമതയും വികാസ്ശീൽ ഇൻസാൻ പാർട്ടിയും പിണങ്ങിമാറി. ഹരിയാനയിൽ കുൽദീപ് ബിഷ്ണോയിയുടെ ഹരിയാന ജൻഹിത് പാർട്ടി എൻഡിഎയ്ക്കൊപ്പമില്ല. പോരാത്തതിന്, കശ്മീരിൽ, സർക്കാരിനെ നിലംപതിപ്പിച്ചു പിഡിപിയുടെ പിന്മാറ്റം.
തെക്കില്ല, വടക്കു കിഴക്കും
പിണങ്ങിമാറിയേക്കുമെന്നു ഭീഷണി മുഴക്കുന്നവരിൽ പ്രധാനികൾ മഹാരാഷ്ട്രയിൽ ശിവസേന, യുപിയിൽ അപ്ന ദൾ, മേഘാലയയിൽ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ എൻഡിഎയുടെ കണക്കു പുസ്തകം ഇങ്ങനെ: ദക്ഷിണേന്ത്യയിൽ (ആന്ധ്രയിലൊഴികെ) ചുവടുറപ്പിക്കാൻ പുതിയ കൂട്ടുകെട്ടുകൾക്കു സാധ്യത വിദൂരം.
കർണാടകത്തിൽ അധികാരം തിരികെപ്പിടിക്കാൻ ഒടുവിൽ നടത്തിയ ശ്രമം പാളിപ്പോയി. പൗരത്വ നിയമഭേദഗതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചവിട്ടടി ഇളക്കിയിരിക്കുന്നു. പിഡിപി (കശ്മീർ) സഖ്യം വിട്ടതോടെ മുസ്‌ലിം ന്യൂനപക്ഷ വോട്ടുകളിലേയ്ക്കുള്ള അവസാന പാലവും തകർന്നു.
ആരാ നിങ്ങടെ നേതാവ്?
മാറിയ രാഷ്ട്രീയ സാഹചര്യം പ്രതിപക്ഷത്തിനു മുന്നിൽ അവസരങ്ങളുടെ വാതിൽ തുറന്നിടുന്നുവെന്നതു ശരി. എന്നാൽ, മോദി വിരുദ്ധത കൊണ്ടു മാത്രം രാജ്യം പിടിക്കാനാവില്ല. ചിതറിക്കിടക്കുന്ന എതിർ വോട്ടുകൾ കൂടിച്ചേർന്നില്ലെങ്കിൽ വിജയം സാധ്യമെന്നാണ്, കഴിഞ്ഞ വട്ടം 31% വോട്ടു മാത്രം നേടി കേന്ദ്ര ഭരണം സമ്പാദിച്ച നരേന്ദ്ര മോദി തെളിയിച്ചത്. അതുകൊണ്ട്, ബിജെപി ചോദിക്കുന്നു: ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി?
നരേന്ദ്ര മോദിക്കു വെല്ലുവിളിയുയർത്തണമെങ്കിൽ പൊതു മിനിമം പരിപാടിയുള്ള വിശാല പ്രതിപക്ഷ സഖ്യം നിലവിലുണ്ടെന്നു ജനങ്ങൾക്കു ബോധ്യപ്പെടണം. സഖ്യത്തിന്റെ നേതാവാര് എന്ന കാര്യത്തിൽ ധാരണയുണ്ടാവണം. നേതാവാകാൻ താൽപര്യമുള്ളവർ പലരുള്ളതു കൊണ്ടു തിരഞ്ഞെടുപ്പിനു മുൻപു പ്രതിപക്ഷ സഖ്യത്തിനു പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാവില്ല. വിശാല പൊതു മിനിമം പരിപാടിക്കെങ്കിലും രൂപം നൽകാനാവുന്നില്ലെങ്കിൽ കൂട്ടായ്മയ്ക്കു ജനവിശ്വാസമാർജിക്കാനെളുപ്പമല്ല; വ്യക്തിക്കൊപ്പം സഖ്യത്തെയും സഖ്യത്തിനൊപ്പം വ്യക്തിയെയും കൂട്ടിയിണക്കാനും.