കോട്ടയം ∙ അയ്യപ്പ ഭക്ത സംഗമം സവർണ കൂട്ടായ്മയായി മാറിയെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി കരുതുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും ഉണ്ടായില്ല. ആത്മീയതയുടെ മറവില്‍ ശക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. പങ്കെടുത്തിരുന്നെങ്കില്‍ അതു തന്റെ നിലപാടിനു വിരുദ്ധമാകുമായിരുന്നുവെന്നും കെണിയില്‍ വീണു പോകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍ ശരിയായ വസ്തുത പറഞ്ഞ് ധരിപ്പിക്കാന്‍ കഴിഞ്ഞില്ല. അതേസമയം ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ തെറ്റായ വിവരം കോടതിയില്‍ കൊടുത്തതു വലിയ വീഴ്ചയായി. അത് ചീത്തപ്പേരുണ്ടാക്കി. കൃത്യമായി പരിശോധിച്ചു വേണം ഇത്തരം പട്ടിക തയാറാക്കനെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ മുതലെടുപ്പിനു പലരും ശ്രമിച്ചു. എന്നാല്‍ നേട്ടമുണ്ടാക്കാനായത് ബിജെപിക്കാണ്. വനിതാമതിൽ വിജയിച്ചെങ്കിലും തൊട്ടടുത്ത ദിവസം തന്നെ പൊളിഞ്ഞു പോയെന്നും കോട്ടയത്തു മാധ്യമപ്രവർത്തകരോടു പറഞ്ഞു.