മോസ്കോ∙ റഷ്യയ്ക്കു സമീപം കെർഷ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാർ അടക്കം ജോലി ചെയ്യുന്ന രണ്ടു കപ്പലുകൾക്ക് തീപിടിച്ച് 11 പേർ മരിച്ചു. ടാൻസാനിയൻ കപ്പലുകളായ കാൻഡി, മാസ്ട്രോ എന്നിവയ്ക്കാണ് തീപിടിച്ചത്. ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് അപകടം. കാൻഡിയിൽ 9 തുർക്കിഷ് പൗരന്മരും 8 ഇന്ത്യൻ പൗരന്മാരും അടക്കം 17 ജീവനക്കാരും മാസ്ട്രോയിൽ 7 വീതം തുർക്കിഷ് പൗരന്മാരും ഇന്ത്യൻ പൗരന്മാരും ഒരു ലിബിയൻ പൗരനും അടക്കം 15 ജീവനക്കാരുമാണുള്ളത്.
സംഭവസ്ഥലത്തേയ്ക്ക് കൂടുതൽ രക്ഷാപ്രവർത്തകർ പോകുന്നുണ്ടെന്നു റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 12 പേരേ ഇതുവരെ രക്ഷപെടുത്തി. 9 പേരേ കണ്ടെത്താനായിട്ടില്ല. സ്ഥലത്തെ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുന്നുണ്ടെന്നും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നതാണ് കെർഷ് കടലിടുക്ക്. റഷ്യയ്ക്കു യുക്രെയ്നും തന്ത്രപ്രധാനമായ ജലപാതയുമാണ് കെർഷ് കടലിടുക്ക്. കഴിഞ്ഞ വർഷം മേയിൽ റഷ്യ ഇവിടെ പാലം നിർമിച്ചിരുന്നു.