കാർഷിക കടം എഴുതിത്തള്ളൽ പ്രശ്നപരിഹാരമല്ല; പണം തിരികെ നൽകണം: ഗീത ഗോപിനാഥ്

gita-gopinath
SHARE

ന്യൂഡൽഹി∙ അധികാരത്തിലേറിയതിനു പിന്നാലെ കാർഷിക കടങ്ങൾ എഴുത്തിത്തള്ളുന്ന സർക്കാർ നടപടികളെ വിമർശിച്ചു രാജ്യാന്തര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതു കർഷകരുടെ പ്രശ്നങ്ങളെ പൂർണമായി ഇല്ലാതാക്കില്ല. പണം തിരികെ നൽകുന്ന ഇടപാടുകളാണു മെച്ചപ്പെട്ട പരിഹാരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന ഗീത ഗോപിനാഥ് വ്യക്തമാക്കി.

കാർഷിക മേഖലയിൽ നിരവധി പ്രശ്നങ്ങളുണ്ട്. ഇവ പൂർണമായി പരിഹരിക്കാൻ കടങ്ങൾ എഴുതിത്തള്ളുന്നതുകൊണ്ടു സാധിക്കില്ലെന്നും ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ പരിപാടിക്കിടെ ദേശീയ ചാനലിനോട് അവർ വ്യക്തമാക്കി. ഉൽപ്പാദനം വർധിപ്പിക്കാൻ കർഷകര്‍ക്കു മികച്ച സാങ്കേതിക വിദ്യയും വിത്തുകളും നൽകുന്നതിനാണു ശ്രദ്ധ ചെലുത്തേണ്ടത്, അവർ കൂട്ടിച്ചേർത്തു.

2019ലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ കാർഷിക മേഖലയും തൊഴിൽ അവസരങ്ങളുമാണ്. എന്നാൽ വളർച്ചയുണ്ടാകുമെന്നതിൽ അവർ ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു. അതേസമയം, ഇന്ത്യ ഈ വർഷം 7.5% വളർച്ച കൈവരിക്കുമെന്നും 2020ൽ 7.7% വളരുമെന്നും തിങ്കളാഴ്ച ഐഎംഎഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ കാലയളവിൽ ചൈനയുടെ വളർച്ച 6.2% ആയിരിക്കുമെന്നുമാണ് റിപ്പോർട്ട്.

ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളായ മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു വിജയത്തിനുപിന്നാലെ അധികാരത്തിലെത്തിയ കോൺഗ്രസ് കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയിരുന്നു. ഇതേത്തുടർന്നു ബിജെപി ഭരിക്കുന്ന ഗുജറാത്ത്, അസം സംസ്ഥാനങ്ങളിലും കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ സർക്കാരുകൾക്കുമേൽ സമ്മർദ്ദമുണ്ട്. മാത്രമല്ല, രാജ്യത്താകമാനം കാർഷിക കടങ്ങൾ എഴുതിത്തള്ളിയില്ലെങ്കിൽ ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കില്ലെന്ന’ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും വന്നു.

അതേസമയം, കടങ്ങൾ എഴുതിത്തള്ളുന്നത് ‘തിരഞ്ഞെടുപ്പ് വിദ്യയാണെന്ന’ നിലപാടാണ് പ്രധാനമന്ത്രിയുടേത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കർഷകർക്കു പണം നേരിട്ട് അക്കൗണ്ടുകളിൽ ലഭിക്കുന്ന പദ്ധതി പ്രഖ്യാപിക്കാനിരിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കാർഷിക കടങ്ങൾ എഴുതിത്തള്ളുന്നതിനെ മുൻ ആർബിഐ ഗവർണർ രഘുറാം രാജനും എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പട്ടികയിൽ ഇക്കാര്യം ഉൾപ്പെടുത്തുന്നതിൽ രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോടു കഴിഞ്ഞ മാസം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA