നിതിൻ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെങ്കിൽ പിന്തുണയ്ക്കും: ശിവസേന

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തൂക്കു സഭയായിരിക്കും നിലവിൽ വരികയെന്നും ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ നിതിൻ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ ശിവസേന പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യം എന്ന വാക്കു പോലും ശിവസേനയുടെ നിഘണ്ടുവിലില്ലെന്ന് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റാവത്ത് പ്രതികരിച്ചു. ബിജെപി സ്വന്തം കാര്യം മാത്രമാണ് ചിന്തിക്കുന്നത്. അതുകൊണ്ടു ഞങ്ങളും സ്വന്തം കാര്യം മാത്രം നോക്കുന്നു. പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തിൽ കോണ്‍ഗ്രസ് ഇല്ലെങ്കിൽ അവർക്കു വിജയിക്കാൻ സാധിക്കില്ലെന്നും റാവത്ത് പ്രതികരിച്ചു.

മാസങ്ങളായി സഖ്യകക്ഷിയായ ബിജെപിയുമായി ഇടഞ്ഞു നിൽക്കുകയാണ് ശിവസേന. ഏറ്റവുമൊടുവിൽ റഫാൽ ഇടപാടിൽ ജെപിസി അന്വേഷണം വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ ശിവസേന പിന്തുണയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ മഹാരാഷ്ട്രയിൽ ഒറ്റയ്ക്കു പൊരുതാൻ പാർട്ടി പ്രവർത്തകർ തയാറാകണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ‌ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.