ശബരിമല സമരത്തിനു പിന്നിൽ സവർണലോബി; തീരുമാനം തമ്പ്രാക്കന്മാരുടേത്: വെള്ളാപ്പള്ളി

കൊല്ലം∙ ശബരിമലയിലെ യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങള്‍ക്കെതിരെ നിലപാടു കടുപ്പിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല സമരത്തിനുപിന്നില്‍ സവര്‍ണലോബി ആണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. തമ്പ്രാക്കന്‍മാരെന്നു ധരിക്കുന്ന ചിലരാണ് ആ തീരുമാനമെടുത്തത്. ഒരു രാജാവ്, ഒരു ചങ്ങനാശേരി, ഒരു തന്ത്രി എന്നിവരാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പരിഹസിച്ചു.

ഹിന്ദുക്കള്‍ക്കു വേണ്ടിയാണെങ്കില്‍ എസ്എന്‍ഡിപിയോടു കൂടി ആലോചിക്കണമായിരുന്നു. ടി.പി.സെന്‍കുമാറിനെ കാട്ടി എസ്എന്‍ഡിപി പ്രാതിനിധ്യം പറയേണ്ട. സര്‍ക്കാരിന് അപചയമില്ലെന്നും കോടതി ഉത്തരവ് അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി വരുന്ന വിധി എന്തായാലും അംഗീകരിച്ചു സമാധാനത്തിനു തയാറാകണം. താന്‍ നിലപാടു മാറ്റിയിട്ടില്ല, ഉളളതേ പറയൂ, താന്‍ ഒത്തുപറയാറില്ല. പുത്തരിക്കണ്ടത്തു നടന്ന അയ്യപ്പസംഗമത്തിനു രാഷ്ട്രീയലക്ഷ്യമുണ്ട്. മാതാ അമൃതാനന്ദമയി എത്തുന്നിടത്ത് ആളുകൂടും, പുത്തരിക്കണ്ടത്ത് അതാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുവതികളെ കയറ്റിയതിലടക്കം പാളിച്ചകളുണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ തീരുമാനമാണെന്നു കരുതുന്നില്ല. യുവതികള്‍ ശബരിമലയില്‍ കയറില്ല എന്നാണു വിശ്വാസം. എന്നാല്‍ അതിന്‍റെ പേരില്‍ സമരത്തിന് ഇറങ്ങുന്നതു ശരിയല്ല. ഇതിനേക്കാള്‍ മുന്‍പ് ചര്‍ച്ച ചെയ്യേണ്ട പലതുമില്ലേ? കൊല്ലത്തുപോലും ഈഴവനെ വിളക്കെടുപ്പിക്കാത്ത അമ്പലങ്ങളുണ്ട്. മൂന്ന് ശാന്തിമാരെ പോടാ എന്നു പറഞ്ഞ് ഇറക്കിവിട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒരു പരിഗണനയും ഇല്ല. ഏത്രയോ കീഴ്‌‌വഴക്കങ്ങള്‍ മാറേണ്ടതുണ്ട്. ക്ഷേത്രങ്ങളിലെല്ലാം സവര്‍ണ്ണ ആധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍എസ്എസിന്റെ ശരിയായ ദൂരം ഇപ്പോള്‍ അവര്‍ കാണിച്ചു. ഇതാണ് സത്യം– അദ്ദേഹം പറഞ്ഞു. തനിക്കു ബിഡിജെഎസുമായി ഒരു ബന്ധവുമില്ല. തനിക്കു പല തെറ്റും പറ്റിയിട്ടുണ്ട്. ബിജെപിക്കാര്‍ തന്ന ഹെലികോപ്റ്ററില്‍ വരെ പോയിട്ടുണ്ട്. എസ്എന്‍ഡിപിക്ക് ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ല. വിദ്വേഷവുമില്ല. ഇന്ത്യയില്‍ മോദി തന്നെ വരുമെന്നാണ് എനിക്ക് തോന്നുന്നത്. ചാക്കിടാന്‍ അദ്ദേഹം മിടുക്കനാണ് എന്ന് തെളിഞ്ഞതാണ്. മോദിക്ക് ഒരു പ്രസക്തിയുണ്ട്. കര്‍ണ്ണാടകയില്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിപക്ഷം തമ്മില്‍ തല്ലുമ്പോള്‍ അത് മുതലെടുക്കാന്‍ മോദിക്ക് കഴിയുമെന്നും വെള്ളാപ്പള്ളി പറ‍ഞ്ഞു.  വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് തകർന്നടിയും. അവരുടെ വോട്ടുകൾ ബിജെപിക്കു പോകും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.