ചെന്നൈ∙ താൻ രാഷ്ട്രീയത്തിലേക്കില്ലെന്നും തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്നും നടന്‍ അജിത്ത്. അഭിനയം മാത്രമാണ് എന്റെ ജോലി. ഞാനോ ആരാധകരോ രാഷ്ട്രീയപരമായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ കുറച്ചുവർഷം മുൻപ് എന്റെ ആരാധക്ലബുകൾ പിരിച്ചുവിട്ടിരുന്നുവെന്നും അജിത്ത് വാർത്താക്കുറിപ്പിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിനു മുൻപ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ നൽകുന്നത് തെറ്റായ സന്ദേശമാണ്. രാഷ്ട്രീയത്തിൽ ഇറങ്ങാൻ യാതൊരു താൽപര്യവും തനിക്കില്ല. വരിനിന്ന് വോട്ടു രേഖപ്പെടുത്തുക മാത്രമാണു തനിക്ക് രാഷ്ട്രീയവുമായുള്ള ഏക ബന്ധമെന്നും അജിത്ത് പറയുന്നു.
അജിത്തിന്റെ ആരാധകരിൽ ചിലർ തമിഴിസൈ സുന്ദരെരാജന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേരുന്നതിന്റെ വാർത്തകൾ ഞായറാഴ്ച പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അജിത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന തരത്തിൽ വാർത്തകൾ പരന്നത്. ചലച്ചിത്ര മേഖലയിലെ ഏറ്റവും വിശ്വസനീയനായ വ്യക്തിയാണു അജിത്തെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ തമിഴിസൈ സുന്ദരെരാജൻ പറഞ്ഞിരുന്നു. ജനങ്ങൾക്കു വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ടെന്നും സുന്ദരെരാജൻ പറഞ്ഞു.