തൃശൂരിലൊരു മാധവൻ അങ്കിളുണ്ട്, കുട്ടിക്കാലം തൊട്ടേ രാഹുലിനും പ്രിയങ്കയ്‌ക്കും പ്രിയമുള്ളയാൾ. ദീർഘകാലമായി രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പഴ്‌സനൽ സ്‌റ്റാഫ് അംഗമായിരുന്ന ഒല്ലൂർ സ്വദേശി മാധവൻ ഭട്ടതിരിപ്പാട്. 2010 മാർച്ചിൽ മകൻ ദീപക്കിന്റെ കല്യാണത്തിനു ക്ഷണിച്ചപ്പോൾ മുന്നറിയിപ്പില്ലാതെ നാട്ടിലെ കല്യാണമണ്ഡപത്തിലേക്കു കയറിവന്ന് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചിട്ടുണ്ട് പ്രിയങ്കയും രാഹുലും. മാധവൻ പോലും ഇരുവരും മുന്നിൽവന്നപ്പോഴാണു കാര്യമറിഞ്ഞത്.
പ്രിയപ്പെട്ടവരെ അമ്പരപ്പിക്കാൻ, അപ്രതീക്ഷിത നീക്കങ്ങൾ നടത്താൻ പണ്ടേ കൗശലമുണ്ട് പ്രിയങ്കയ്ക്ക്. ഇങ്ങേയറ്റത്തെ തൃശൂരിൽ മാത്രമല്ല, രാജ്യത്താകെ സ്നേഹരാഷ്ട്രീയത്തിന്റെ മിന്നലാക്രമണങ്ങൾക്കുള്ള വകയുണ്ട് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിക്ക്. ജ്യേഷ്ഠനു കൂട്ടായി, മുത്തശ്ശി ഇന്ദിരയുടെ കരുത്തുമായി പ്രിയങ്ക വരുമ്പോൾ, ഇന്ത്യ ഇനി ആരു ഭരിക്കുമെന്ന ജനഹിതം ഒളിഞ്ഞിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു കൈവരുന്നത് പുതിയ മാനങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തന്ത്രരൂപീകരണത്തിലും പ്രചാരണത്തിലും മുൻനിര റോളിൽ പ്രിയങ്ക ഗാന്ധിയെന്ന പ്രിയങ്ക വാധ്‌രയെ അവതരിപ്പിക്കാൻ കോൺഗ്രസ് നേരത്തേ തീരുമാനിച്ചതാണ്. ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും അമ്മ സോണിയ ഗാന്ധിയുടെ പ്രസരിപ്പും ഉൾക്കൊള്ളുന്ന പ്രിയങ്ക, കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിക്കു വലംകയ്യാകുമെന്നായിരുന്നു കണക്കുകൂട്ടൽ.
സജീവ രാഷ്ട്രീയത്തിൽ താൽപര്യമേതും കാട്ടാതിരുന്ന പ്രിയങ്ക കോൺഗ്രസ് വേദികളിൽ ഇതുവരെ ചെറുസാന്നിധ്യമായാണ് മിന്നിമറഞ്ഞത്. എന്നാൽ, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനു ജീവന്മരണ പോരാട്ടമാണെന്നു തിരിച്ചറിഞ്ഞ അവർ രാഷ്ട്രീയത്തിലിറങ്ങാൻ സമ്മതമറിയിച്ചു. നരേന്ദ്ര മോദി സർക്കാരിനെ തകർത്തു കോൺഗ്രസിനെ അധികാരത്തിലെത്തിക്കാനുള്ള മൃതസഞ്ജീവനി ഈ 47കാരിയുടെ കയ്യിലുണ്ടെന്നു കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഉറച്ചു വിശ്വസിക്കുന്നു. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശവാർത്ത #PriyankaGandhi, #PriyankaInPolitics, #PriyankaEntersPolitics, #PriyankaVadra, #GeneralSecretary എന്നീ ഹാഷ്‍ടാഗുകളിൽ ട്രെൻഡിങ്ങായി.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിപദം സംബന്ധിച്ചുയർന്ന തർക്കം പരിഹരിക്കുന്നതിൽ നിർണായക നിലപാടുകളെടുത്താണു കോൺഗ്രസിനുള്ളിൽ അടുത്തിടെ അവർ വരവറിയിച്ചത്. ഗോവയിലും മണിപ്പൂരിലും നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോൺഗ്രസിനു മന്ത്രിസഭയുണ്ടാക്കാൻ സാധിക്കാതിരുന്നതിന്റെ പഴികേട്ടയാളാണു രാഹുൽ. പാഠമുൾക്കൊണ്ട്, അവസരോചിത പ്രായോഗികതയിലേക്കു മാറിക്കൊണ്ടിരിക്കുന്ന രാഹുലിനു സഹോദരിയുടെ കൂട്ട് പിന്തുണയേകുമെന്നാണ് വിലയിരുത്തൽ.
മുത്തശ്ശി ഇന്ദിര ബംഗ്ലദേശ് യുദ്ധത്തിന് പിന്തുണയേകിയ കലുഷിതകാലത്തു ജനിച്ച രാഹുലിന് ‘ഐഡിയലിസ്റ്റിക്’ എന്ന വിശേഷണമാണു ചേരുക. എന്നാൽ, രാജ്യത്തെ നയിക്കാൻ 56 ഇഞ്ച് നെഞ്ചളവല്ല, വിശാലഹൃദയമാണു വേണ്ടതെന്ന് 2014 ൽ തന്നെ മോദിക്കെതിരെ ആഞ്ഞടിച്ചു സൗമ്യതീക്ഷ്ണയായിട്ടുണ്ട് പ്രിയങ്ക. ഉത്തർപ്രദേശിൽ അമ്മയുടെയും സഹോദരന്റെയും ലോക്സഭാ മണ്ഡലത്തിൽ മാത്രം പ്രചാരണം ഒതുക്കിയ പ്രിയങ്കയുടെ ആദ്യ പ്രസംഗം പതിനാറാം വയസ്സിലായിരുന്നു. തന്റെ പ്രസംഗപാടവം തേച്ചുമിനുക്കാൻ പിന്നീടവർ ശ്രദ്ധിച്ചില്ല.
2004 ലെ പൊതുതിരഞ്ഞെടുപ്പു മുതൽ സോണിയാ ഗാന്ധിയുടെ പ്രസംഗങ്ങളിൽ പ്രിയങ്കയുടെ കയ്യൊപ്പുണ്ട്. 20 വർഷം മുൻപ് 1999 ൽ ആരാകണം എന്നതിനെപ്പറ്റി പ്രിയങ്കയ്ക്ക് വലിയ ആശയക്കുഴപ്പമുണ്ടായി. 10 ദിവസത്തെ വിപസന ധ്യാനമാണ് അന്നവരെ തുണച്ചത്. ഇക്കാലം വരെയും പ്രകോപിതയാകാതെ, പുഞ്ചിരിയോടെ നിലകൊള്ളാൻ അന്നത്തെ ഉൾവെളിച്ചത്തിന്റെ തിളക്കം സഹായിച്ചു. 2010 ൽ ബുദ്ധമത പഠനത്തിൽ ബിരുദാനന്തര ബിരുദമെടുത്ത് അഹിംസാവഴിയിൽ ബഹുദൂരം സഞ്ചരിച്ചു.
മോദിയുടെ വിനാശകരവും നിഷേധാത്മകവും നാണംകെട്ടതുമായ രാഷ്‌ട്രീയത്തിനെതിരെ ശബ്‌ദിച്ചുകൊണ്ടേയിരിക്കുമെന്നു പ്രിയങ്ക വ്യക്തമാക്കുന്നു. അധികാരത്തിന് നിഷ്‌ഠുരശക്‌തിയല്ല, ധാർമികശക്‌തിയാണു വേണ്ടത്. അതിന് ആന്തരികശക്‌തി വേണം. രാജ്യത്തിന്റെ സംസ്‌കാരം സംരക്ഷിക്കാൻ ജീവൻപോലും വെടിയാൻതക്ക ശക്‌തി. മഹാത്മാ ഗാന്ധിയുടെ രാജ്യമാണിത്. സ്വാതന്ത്യ്രത്തിനു ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ക്രൈസ്‌തവരും ജൈനരും ദലിതരും പട്ടിക വിഭാഗക്കാരുമൊക്കെ ജീവൻ വെടിഞ്ഞിട്ടുണ്ട്– 2014 ലെ പൊതുതിരഞ്ഞെടുപ്പു വേളയിൽ പ്രിയങ്ക പറഞ്ഞതിങ്ങനെ. നെഞ്ചളവു പറഞ്ഞുള്ള മോദിയുടെ വെല്ലുവിളിയെ ബിജെപിയുടെ പ്രത്യയശാസ്‌ത്രത്തിന്റെ സ്വഭാവമായി അവതരിപ്പിക്കാനാണ് അന്ന് പ്രിയങ്ക ശ്രമിച്ചതും.
സങ്കടത്തിന്റെ അലയാഴിയിൽ ഉലയാത്ത, ആഹ്ലാദത്തിന്റെ പൂരപ്പറമ്പിൽ ആർപ്പുവിളിക്കുന്ന ഊർജസ്വലയായ നേതാവ്. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ വീട്ടുകാരെ ചേര്‍ത്തുപിടിച്ചപ്പോഴും സ്റ്റേഡിയത്തിൽ ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റു കണ്ടിരിക്കേ വിജയനിമിഷത്തിൽ തുള്ളിച്ചാടിയപ്പോഴും പ്രതിഛായയുടെ പ്രതിബന്ധം തടസ്സമായില്ല. കോൺഗ്രസ് കാത്തുസൂക്ഷിച്ച ‘റാണി’ത്തുരുപ്പുചീട്ടാണ് പ്രിയങ്ക. പ്രശാന്ത് കിഷോർ എന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ കോൺഗ്രസ് പക്ഷത്തായിരുന്നപ്പോൾ നേതൃത്വത്തിനു കൈമാറിയ ആശയം. ഇന്ത്യൻ രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമാണു സംഭവിച്ചതെന്നു പറഞ്ഞാണ് ഇപ്പോൾ മറുപക്ഷത്തുള്ള പ്രശാന്ത് ട്വീറ്റിലൂടെ പ്രിയങ്കയെ സ്വാഗതം ചെയ്തത്.
ജനക്കൂട്ടങ്ങളെ ആകർഷിക്കുകയും അവരോട് അനായാസമായി സംവദിക്കുകയും ചെയ്യുന്ന ഗാന്ധി കുടുംബത്തിലെ സ്വാഭാവിക രാഷ്ട്രീയക്കാരിയാണു പ്രിയങ്ക. കുടുംബമഹിമ വച്ചുനീട്ടുന്ന ആനുകൂല്യങ്ങളെയും സൗകര്യങ്ങളെയും കുറിച്ചു രാഹുൽ ബോധവാനായിരുന്നു. അതിനാൽ, യോഗ്യതയുണ്ടെന്നു തെളിയിച്ചു മാത്രം സ്ഥാനമേൽക്കാൻ താൽപര്യപ്പെട്ടു. പൂർണ സംഘടനാ തിരഞ്ഞെടുപ്പിലൂടെ മാത്രം പാർട്ടി അധ്യക്ഷനാകാൻ കാത്തിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയം രാഹുലിലെ നേതാവിനെ സാക്ഷ്യപ്പെടുത്തി. ഇനി പ്രിയങ്കയുടെ ഊഴമാണ്. ഇന്ദിരയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നായിരുന്നു ഒരു കാലത്ത് ഇന്ത്യയിൽ കേട്ടിരുന്നത്. പ്രിയങ്കയെ വിളിക്കൂ എന്ന പുതിയ മുദ്രാവാക്യത്തോടു കൈ ഉയർത്തി അഭിവാദ്യം പറഞ്ഞിരിക്കുന്നു യുവനേതാവ്.
ബൂത്തുതലം തൊട്ട് കോൺഗ്രസിന്റെ പ്രവർത്തനത്തെ ഏകോപിപ്പിക്കാനും മൂർച്ചപ്പെടുത്താനും അവർ മുന്നിലുണ്ടാകും. നരേന്ദ്ര മോദിയെന്ന ബിജെപിയുടെ വജ്രായുധത്തെ നേരിടാൻ പ്രിയങ്കയെന്ന ബ്രഹ്മാസ്ത്രമാണു കോൺഗ്രസ് തൊടുത്തിരിക്കുന്നത്. രൂപത്തിലും പ്രസംഗത്തിലും ജനങ്ങളോടുള്ള ഇടപെടലിലും ആൾക്കൂട്ടത്തെ ആകർഷിക്കുന്നതിലും ഇന്ദിരയുടെ തനിപ്പകർപ്പ്. ഇന്ദിരയെപ്പോലെ കരുത്തുറ്റ ഭരണാധികാരി പ്രിയങ്കയിലുമുണ്ടെന്നു കോൺഗ്രസുകാർ പ്രതീക്ഷിക്കുന്നു. അനാരോഗ്യം അലട്ടുന്ന സോണിയയുടെ പകരക്കാരിയായി റായ്ബറേലിയില്‍ മത്സരിച്ച് ലോക്സഭയിലെത്താനും സാധ്യതയേറെ.
പ്രിയങ്ക തന്റെ രാഷ്ട്രീയ വീക്ഷണം വരച്ചു കാട്ടുന്ന പുസ്തകം പൊതുതിരഞ്ഞെടുപ്പിനു മുൻപായി പുറത്തിറങ്ങും. 300 പേജുകളിൽ 75,000 ൽ അധികം വാക്കിൽ തന്റെ പ്രത്യയശാസ്ത്രം വെളിപ്പെടുത്തുന്ന ആ പുസ്തകത്തിന്റെ വരവ് രാജ്യം ഉറ്റുനോക്കുന്നു. ഇന്ത്യയിലെ വലിയ അധികാര കുടുംബത്തിന്റെയും കോൺഗ്രസിന്റെയും അറിയാക്കഥകളാകും അതിലെ പ്രത്യേകത.
ജയിലിൽ തന്നെ കാണാനെത്തിയപ്പോൾ പൊട്ടിക്കരഞ്ഞ പ്രിയങ്കയെ ‘രാജീവ് മര്‍ഡര്‍: ഹിഡന്‍ ട്രൂത്ത്‌സ് ആൻഡ് പ്രിയങ്ക- നളിനി മീറ്റിങ്’ എന്ന ആത്മകഥാപരമായ പുസ്തകത്തിൽ രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനി അടയാളപ്പെടുത്തിയിരുന്നു. അതിനേക്കാൾ ഹൃദ്യമായ മുഹൂർത്തങ്ങളായിരിക്കും പ്രിയങ്കയുടെ പുസ്തകത്തിലുണ്ടാവുക. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുള്ള ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാധ്‌ര ചെറുതല്ലാത്ത ബാധ്യതയാകും പ്രിയങ്കയ്ക്ക്. അതിനെ മറികടക്കാമെന്ന ആത്മവിശ്വാസമുള്ളതിനാലാകണം പ്രിയങ്ക ധൈര്യമായി പൊതുജനമധ്യത്തിൽ സജീവമാകുന്നതും.
ആദർശമോ പ്രസംഗമോ മാത്രമല്ല ലുക്കും ഇപ്പോൾ രാഷ്ട്രീയക്കാർക്കു പ്രധാനമാണ്. അറിവും അഴകും ഗാംഭീര്യവും ഒത്തുചേരുന്ന നേതാവാണു പ്രിയങ്ക. പലനിറങ്ങളിലുള്ള കോട്ടൺ സാരികൾ, ബോബ് ചെയ്‌ത മുടി, നീളൻ കയ്യുള്ള ബ്ലൗസ്... മുന്നിൽ വന്നുനിന്നാൽ ഇന്ദിരാ ഗാന്ധിയെ ഓർമിപ്പിക്കുന്ന ഭാവം. കോട്ടൺ സാരിയിൽ പൊടിക്കമ്മലിന്റെ മാത്രം ആഡംബരത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രിയങ്ക ഏറ്റവും സ്‌റ്റൈലിഷ് ആയ യുവനേതാവാണെന്നു പറയുന്നു പ്രശസ്‌ത ഫാഷൻ ഡിസൈനറും ബാല്യകാല സുഹൃത്തുമായ പായൽ ജയിൻ. ആകർഷക കുർത്തയും ജാക്കറ്റുമായി ലോകനേതാക്കളുടെ കൂട്ടത്തിൽ ഫാഷൻ ഐക്കൺ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആ നിലയ്ക്കും എതിരുനിൽക്കാൻ പോന്നയാളാണു പ്രിയങ്ക.