ഡൽഹിയിൽ മൃതദേഹം തുണ്ടുകളാക്കി ചാക്കില്‍ പൊതിഞ്ഞ നിലയിൽ; സ്ത്രീയുടേതെന്ന് പൊലീസ്

ന്യൂഡൽഹി∙  ഡൽഹിയിൽ തുറസ്സായ സ്ഥലത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തുണ്ടുകളാക്കപ്പെട്ട നിലയിലാണ് ഡൽഹിയിലെ അലിപുരിൽ‌ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തിന്റെ കുറച്ചു ഭാഗങ്ങൾ‍ ചാക്കിൽ പൊതിഞ്ഞ നിലയിലും തലയുൾപ്പെടെ ഛേദിക്കപ്പെട്ട നിലയിലുമാണു കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയിൽ മൃതദേഹം സ്ത്രീയുടേത് ആണെന്നു മാത്രമാണു വ്യക്തമായിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്കായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. തിങ്കളാഴ്ച വൈകിട്ട് ഇതുവഴി നടന്നുപോകുകയായിരുന്ന വഴിയാത്രക്കാരനാണു സംഭവം പൊലീസിനെ അറിയിച്ചത്. ഇതേ തുടർന്ന് അലിപൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

ശരീരത്തിന്റെ പലഭാഗങ്ങളിലും പരുക്കേറ്റ പാടുകളുണ്ട്. തെരുവ് നായകൾ മൃതദേഹം മാന്തിക്കീറിയതാകാം ഇതെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശർമ വ്യക്തമാക്കി. പ്രദേശത്തുനിന്ന് കാണാതായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പൊലീസ് പ്രതികരിച്ചു.