മോസ്കോ∙ റഷ്യയ്ക്കു സമീപം കെർഷ് കടലിടുക്കിൽ രണ്ടു കപ്പലുകൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ആറ് ഇന്ത്യക്കാരും. ഇരു കപ്പലുകളിലുമായി 15 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. രക്ഷപ്പെട്ടവരിൽ മലയാളിയായ ആശിഷ് അശോക് നായരും ഉണ്ട്. അപകടത്തിൽ 14 പേർ മരിച്ചെന്നാണ് സൂചന.
ടാൻസാനിയൻ കപ്പലുകളായ കാൻഡി, മാസ്ട്രോ എന്നിവയ്ക്കാണ് തിങ്കളാഴ്ച രാത്രിയാണ് കെർഷ് കടലിടുക്കിനു സമീപം തീപിടിച്ചത്. ഒരു കപ്പലിൽ നിന്നു മറ്റൊന്നിലേക്ക് ഇന്ധനം മാറ്റുമ്പോഴായിരുന്നു അപകടം. കാൻഡിയിൽ ഒൻപത് തുർക്കി പൗരന്മാരും എട്ട് ഇന്ത്യൻ പൗരന്മാരും അടക്കം 17 ജീവനക്കാരും മാസ്ട്രോയിൽ ഏഴു വീതം തുർക്കി, ഇന്ത്യൻ പൗരന്മാരും ഒരു ലിബിയ പൗരനും അടക്കം 15 ജീവനക്കാരുമാണുണ്ടായിരുന്നത്.
10 പേരെ കാണാതായി. തീ പൂർണമായി അണയ്ക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്ക് പ്രതികൂല കാലാവസ്ഥ തടസ്സമാകുന്നുണ്ടെന്നു റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മറ്റു കപ്പലുകൾ എത്തിച്ച് വെള്ളം പമ്പ് ചെയ്താണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്.
അസോവ് കടലിനെ കരിങ്കടലുമായി ബന്ധിപ്പിക്കുന്നതാണ് കെർഷ് കടലിടുക്ക്. റഷ്യയ്ക്കും യുക്രെയ്നും തന്ത്രപ്രധാനമായ ജലപാതയാണിത്. കഴിഞ്ഞ വർഷം മേയിൽ റഷ്യ ഇവിടെ പാലം നിർമിച്ചിരുന്നു.