തിരുവനന്തപുരം ∙ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന പിണറായി വിജയന് 28 സുരക്ഷാവാഹനങ്ങളുടെ അകമ്പടി എന്തിനാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു സുരക്ഷ വേണമെന്ന കാര്യത്തിൽ തർക്കമില്ല. ഒരു ആംബുലൻസും 28 സുരക്ഷാ വാഹനങ്ങളുമായാണു മുഖ്യമന്ത്രി യാത്ര ചെയ്യുന്നത്. ഇതിനൊക്കെ ഒരു മര്യാദ വേണ്ടേ. പിണറായിയെ ആര് എന്തുചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
പിണറായി മന്ത്രിസഭയിൽ നട്ടെല്ലുള്ള ഒരു മന്ത്രി പോലുമില്ല. എൽഡിഎഫ് വന്നാൽ എല്ലാം ശരിയാക്കുമെന്നു പറഞ്ഞിട്ടു ശരിയായത് സിപിഎം മാത്രം. മന്ത്രിമാർ സുഖലോലുപതയിൽ കഴിയുമ്പോൾ ജനം പട്ടിണിയിലും ദുരിതത്തിലുമാണ്. പുതിയ കേരളമുണ്ടാക്കുമെന്നു വാഗ്ദാനം ചെയ്തവർ ഒരു ജനതയെയാകെ അനാഥരാക്കി. പ്രളയബാധിതർക്കു സർക്കാർ ആദ്യം പ്രഖ്യാപിച്ച 10,000 രൂപ പോലും ഇനിയും കൊടുത്തു തീർത്തില്ല. അധികാരത്തിൽ വന്ന് ആയിരം ദിവസത്തിനിടയിൽ ഏതെങ്കിലും പദ്ധതിക്കു തറക്കല്ലിടാൻ കഴിഞ്ഞോയെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം.
പദ്ധതികൾ ആവിഷ്‌കരിക്കുന്നുവെന്നു പറഞ്ഞ് അവിടെ ഇരിക്കുന്നതേയുള്ളൂ. അടുത്ത തിരഞ്ഞെടുപ്പിൽ ആണുങ്ങൾ വന്നു ജനത്തിനു വികസനമെത്തിച്ചോളും. കള്ളനായ പ്രധാനമന്ത്രിയാണു നരേന്ദ്രമോദി. വാഗ്ദാനലംഘനം നടത്തി ഇന്ത്യൻ ജനതയെ ഇത്ര കബളിപ്പിച്ച മറ്റൊരു പ്രധാനമന്ത്രിയുമില്ല. 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയെന്ന ദൗത്യമാണു ജനങ്ങൾക്കുള്ളതെന്നും ചെന്നിത്തല പറഞ്ഞു.