എസ്പി‌–ബിഎസ്പി–കോൺഗ്രസ് സഖ്യമായാൽ യുപിയിൽ ബിജെപി 5 സീറ്റിൽ ഒതുങ്ങും: സർവേ

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും (എസ്പി) ബഹുജൻ സമാജ് പാർട്ടിയും(ബിഎസ്പി) കോൺഗ്രസുമായി ചേർന്നു സഖ്യമുണ്ടാക്കിയാൽ ബിജെപിക്ക് കനത്ത തിരിച്ചടിയേൽക്കുമെന്നു സർവേ. മൂന്നു കക്ഷികളും ഒരുമിച്ചാൽ ഉത്തർപ്രദേശിൽ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നാണ് ഇന്ത്യ ടുഡേ– കാർവി തിരഞ്ഞെടുപ്പ് സർവേ പ്രവചിക്കുന്നത്. ഇങ്ങനെയായാൽ എസ്പി, ബിഎസ്പി, ആർഎൽഡി, കോൺഗ്രസ് എന്നിവർ ചേർന്ന് 75 സീറ്റുകളിലും വിജയിക്കും.

ആകെ 80 ലോക്സഭാ സീറ്റുകൾ ഉള്ള യുപിയിൽ 2014–ൽ ബിജെപി– അപ്നാദൾ സഖ്യം 73 സീറ്റുകളിലാണ് വിജയിച്ചത്. എന്നാൽ വിശാല സഖ്യം എന്ന സ്വപ്നം യാഥാർഥ്യമായാൽ ബിജെപി– അപ്നാദൾ സഖ്യത്തിന്റെ വോട്ടുശതമാനം 43.3 ശതമാനത്തിൽ നിന്ന് 36 ശതമാനത്തിലേക്ക് കൂപ്പുകുത്തും.

വിശാല സഖ്യത്തിന്റേത് 50.3 ശതമാനത്തിൽ നിന്ന് 58 ശതമാനമായി വർധിക്കും. നിലവിലെ അവസ്ഥയിൽ എസ്പി, ബിഎസ്പി, ആർഎൽഡി എന്നിവർ ചേർന്നു 58 സീറ്റുകൾ നേടും. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മൽസരിച്ചാൽ നാല് സീറ്റുകൾ‌ മാത്രമെ ലഭിക്കൂ എന്നും സർവേ പ്രവചിക്കുന്നു.

കോൺഗ്രസിനെ മാറ്റിനിർത്തി അഖിലേഷ് യാദവും മായാവതിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയാകുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. എസ്പിയും ബിഎസ്പിയും 38 സീറ്റുകളിൽ വീതം മൽസരിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. ആർഎൽഡിക്ക് രണ്ടു സീറ്റുകളും നൽകും. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്നും സഖ്യ രൂപീകരണ വേളയിൽ അഖിലേഷും മായാവതിയും പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ ടുഡേ–കാർവി സർവേയിൽ യുപിയിലെ വിവിധയിടങ്ങളിൽ നിന്നുള്ള 2,478 പേരാണ് പങ്കെടുത്തത്. 80 സീറ്റുകൾ ഉള്ള യുപിയിലെ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണായകമാണ്. അതേസമയം, പ്രിയങ്ക ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും യുപിയുടെ ചുമതല കോൺഗ്രസ് ഏൽപ്പിക്കുന്നതിനു മുൻപാണ് വോട്ടെടുപ്പ് നടത്തിയത്. ഇവരുടെ സാന്നിധ്യം ഫലത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ഈ സർവേയിൽ വ്യക്തമല്ല.