പ്രണയത്തിന്റെ പേരിൽ ശത്രുത: കണ്ണൂരിൽ യുവാവിന്റെ വീടിനും ബൈക്കിനും തീവച്ചു

കണ്ണൂര്‍∙ പ്രണയത്തെ തുടർന്ന് കണ്ണൂരിൽ യുവാവിന്റെ വീടിനു നേരെ അക്രമം. കണ്ണൂർ കക്കാട് അതിരകം കൊളേക്കര തായത്ത് അക്ബർ അലിയുടെ സൽവാസ് എന്ന വീടിനു നേരെയാണ് ബുധനാഴ്ച പുലർച്ചെ അക്രമമുണ്ടായത്. അക്ബറിന്റെ മകൻ മൽസ്യതൊഴിലാളിയായ പി.കെ. അസ്കർ അലി സമീപത്തു താമസിക്കുന്ന എംബിബിഎസ് വിദ്യാർഥിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അക്രമം നടത്തിയതെന്നാണു പരാതി.

പ്രണയത്തിൽ പെണ്‍കുട്ടിയുടെ വീട്ടുകാർ കടുത്ത എതിർപ്പു പ്രകടിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരും‌ അസ്കർ അലിയുടെ വീട്ടുകാരും തമ്മിൽ ഇതേച്ചൊല്ലി വാക്കു തർക്കവും ഉണ്ടായി. തുടർന്നു പെൺകുട്ടിയുടെ പഠനശേഷം വിവാഹക്കാര്യം ആലോചിക്കാമെന്ന് ഇരുവീട്ടുകാരും നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉച്ചയോടെ യുവതിയുടെ സഹോദരനും അമ്മാവനും അസ്കർ അലിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നെന്നാണു പരാതി.

അക്രമത്തിൽ വീടിന്റെ ജനൽ ഗ്ലാസുകൾ തകർന്നു. പരുക്കേറ്റ അസ്കർ അലി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. വീടു കത്തിക്കുമെന്ന് ഭീഷണി മുഴക്കിയായിരുന്നു അക്രമികൾ പിരിഞ്ഞുപോയത്. സംഭവത്തെ തുടർന്നു വീട്ടുകാർ ടൗൺ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയാണ് ഇന്ന് പുലർച്ചെ 3.30ന് വീടും ബൈക്കും ചിലർ കത്തിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങളും കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്സും എത്തിയാണ് തീയണച്ചത്.