കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കു വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. എറണാകുളം, തൃശൂർ ജില്ലകളിൽ വനിതാ ജഡ്ജിമാർ ലഭ്യമാണോ എന്നു പരിശോധിക്കാൻ റജിസ്റ്റാർക്കു ഹൈക്കോടതി നിർദേശം നൽകി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.
സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകൾ പരിശോധിക്കുന്നതിനായി സംസ്ഥാനത്തു മതിയായ കോടതികൾ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതു ഗുരുതരമായ സാഹചര്യമാണ്. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്കു കോടതിയിലെത്തേണ്ട സാഹചര്യമാണുള്ളത്. നിർഭയമായി ഇരകൾക്കു മൊഴി നൽകാൻ സാധിക്കുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടയിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകൾ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പീഡനത്തിന് ഇരയാകുന്നവർക്കു മൊഴി നൽകാൻ കോടതികളിൽ പ്രത്യേക സംവിധാനം ഉണ്ട്. ഇവിടുത്തെ സ്ഥിതി ദയനീയമാണെന്നും ഹൈക്കോടതി വിലയിരുത്തി.