കൊച്ചാർ കേസിൽ സിബിഐ എഫ്ഐആർ; ചന്ദയുടെ ഭർത്താവിന്റെ ഓഫിസുകളിലും റെയ്ഡ്

Chanda-Kochhar
SHARE

മുംബൈ ∙ വിഡിയോകോൺ ഗ്രൂപ്പിന് ഐസിഐസിഐ ബാങ്കിൽ നിന്ന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചെന്ന ആരോപണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി മുംബൈ, ഔറംഗബാദ് എന്നിവിടങ്ങളിലെ വിഡിയോകോൺ ഓഫിസുകൾ ഉൾപ്പെടെ നാലിടങ്ങളിൽ സിബിഐ റെയ്ഡ്.

കേസിൽ എഫ്ഐആർ രേഖപ്പെടുത്തിയതിന്റെ ഭാഗമായാണ് റെയ്ഡുകൾ. വിഡിയോകോൺ ഓഫിസുകൾ കൂടാതെ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ‘ന്യൂപവർ റിന്യൂവബിൾസ്’ഓഫിസിലും മുംബൈയിലെ നരിമാൻ പോയിന്റിൽ പ്രവർത്തിക്കുന്ന സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് ഓഫിസിലും റെയ്ഡുണ്ടായി. ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോണ്‍ ഉടമ വേണുഗോപാൽ ധൂത് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ ‘ന്യൂപവർ റിന്യൂവബിൾസ്’ എന്ന കമ്പനിയിൽ വിഡിയോകോൺ ഉടമ വേണുഗോപാൽ ധൂത് നിക്ഷേപം നടത്തിയത്, വിഡിയോകോണിന് ബാങ്ക് 3250 കോടി രൂപ വായ്പ നൽകിയതിന്റെ പ്രത്യുപകാരമായാണെന്ന ആരോപണം കഴിഞ്ഞ മാർച്ചിലാണ് ഉയർന്നത്. സ്വകാര്യ താൽപര്യങ്ങൾ ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന പരാതിയാണ് ഉയർന്നത്. ആ വായ്പയാകട്ടെ കിട്ടാക്കടമാകുകയും ചെയ്തു. ഈ ആരോപണം സംബന്ധിച്ച പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡുകൾ.

2012ൽ 20 ബാങ്കുകളുടെ കൂട്ടായ്മ 40,000 കോടി രൂപ വിഡിയോകോണിന് വായ്പ നൽകിയിരുന്നു. ഇതിൽ 3250 കോടി നൽകിയത് ഐസിഐസിഐ ബാങ്കാണ്. ഇടപാട് നടന്ന് ഏറെ വൈകാതെ ന്യൂപവർ റിന്യുവബിൾസിൽ ദീപക് കൊച്ചാറിന് ഓഹരി പങ്കാളിത്തം കൂടി. 2008 ൽ ആണ് ദീപക് കൊച്ചാറും വിഡിയോകോണും ചേർന്നു ന്യൂ പവർ റിന്യൂവബിൾസ് തുടങ്ങിയത്. ഈ സ്ഥാപനത്തിനു മൊറീഷ്യസിൽനിന്നുള്ള രണ്ടുസ്ഥാപനങ്ങളിൽനിന്നായി 325 കോടി രൂപ വന്നതു സംബന്ധിച്ചും പിന്നീട് വിവാദം ഉയർന്നു.

വായ്പാ ഇടപാടുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ മുൻപ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ, വിഡിയോകോണിന് വായ്പ നൽകിയ 20 ബാങ്കുകളുടെ കൂട്ടായ്മയിലെ ഒരു കക്ഷി മാത്രമാണ് ഐസിഐസിഐ ബാങ്കെന്നും വായ്പ നൽകാൻ തീരുമാനിച്ചതു ചന്ദ കൊച്ചാറിന്റെ നേതൃത്വത്തിലുള്ള സമിതിയല്ലെന്നുമായിരുന്നു ബാങ്കിന്റെ ആദ്യ നിലപാട്.

ഇത്തരത്തിൽ ആദ്യം അഴിമതി നിഷേധിച്ചെങ്കിലും പിന്നീട് ഓഹരി ഉടമകളിൽ നിന്ന് സമ്മർദ്ദം ശക്തമായതോടെ, കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തിനു പുറമേ ജസ്റ്റിസ് ബി. എൻ.ശ്രീകൃഷ്ണയുടെ ചുമതലയിൽ ബാങ്ക് സംഭവത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്ക് സിഇഒ പദവിയിൽ നിന്ന് അവധിയിൽ പ്രവേശിക്കുകയും പിന്നാലെ ഒക്ടോബറിൽ സ്ഥാനം രാജിവയ്ക്കുകയുമായിരുന്നു.

സിബിഐ, ഓഹരി വിപണി നിയന്ത്രണ ഏജൻസി(സെബി), എൻഫോഴ്സ്മെന്റ് വിഭാഗം, ബാങ്കിന്റെ അന്വേഷണ സമിതി എന്നിവയാണ് ചന്ദയുടെ കാലത്തെ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നത്. ദീപക് കൊച്ചാറിന്റെ സഹോദരൻ രാജീവ് കൊച്ചാറിനെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA