ന്യൂഡൽഹി∙ ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിനെതിരായ രാജ്യദ്രോഹക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകണോയെന്ന കാര്യം നിയമ വകുപ്പ് പരിശോധിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കു തടയിടുന്നതുവഴി കേന്ദ്രസർക്കാരും ‘രാജ്യദ്രോഹമാണ്’ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘കനയ്യ രാജ്യദ്രോഹക്കുറ്റം ചെയ്തിട്ടുണ്ടെയെന്ന് എനിക്ക് അറിയില്ല. അത് നിയമ വകുപ്പ് പരിശോധിക്കും. എന്നാൽ മറുവശത്ത് മോദി സ്കൂളുകളിലും ആശുപത്രികളിലും മറ്റും സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഇതു രാജ്യദ്രോഹമല്ലേ?’ – ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് കേജ്‌രിവാൾ ചോദിച്ചു.
കനയ്യയ്ക്കും മറ്റു 9 പേർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് പട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ അതിനാവശ്യമായ അനുമതി ഡൽഹി സർക്കാരിൽനിന്ന് നേടിയെടുക്കാതെ സമർപ്പിച്ചതിൽ കോടതി പൊലീസിനെ വിമർശിച്ചിരുന്നു. ഇതേത്തുടർന്ന് വിഷയം ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ മുന്നിലാണ്.