‘നിങ്ങൾക്ക് അറിയാമോ, ഇന്നത്തെ കാലത്ത് ഒരു പെൺകുഞ്ഞിനെ വളർത്തുന്നത് എത്ര വലിയ ഉത്തരവാദിത്തമാണെന്ന്. കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പൊന്നുപോലെയാണു ഞാൻ എന്റെ മകളെ വളർത്തിയത്. ആ കുഞ്ഞിനെയാണു ദുഷ്ടന്മാർ കൊന്നുകളഞ്ഞത്...’ ആൻലിയയെക്കുറിച്ചു പറയുമ്പോൾ കണ്ണീരിൽ തട്ടി പിതാവ് ഹൈജിനസിന്റെ വാക്കുകൾ മുറിഞ്ഞു കൊണ്ടേയിരുന്നു. അവളൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ, എല്ലാം കളഞ്ഞ് ഞങ്ങൾ ഓടി വരുമായിരുന്നു. അവൾക്ക് വേണ്ടിയാണ് ഞങ്ങൾ ജീവിച്ചത്– വേദനയോടെ ഹൈജിനസ് മകളെക്കുറിച്ച് പറഞ്ഞു തുടങ്ങി. കഴിഞ്ഞ ഓഗസ്റ്റ് 25നാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആൻലിയയെ കാണാതായത്. 28ന് മൃതദേഹം പെരിയാറിൽ കണ്ടെത്തി. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈജിനസ് പരാതി നൽകിയതോടെയാണ് ആൻലിയ അനുഭവിച്ച പീഡനത്തിന്റെ കഥകൾ പുറത്തുവരുന്നത്.
സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഫോർട്ട്കൊച്ചി നസ്രേത്ത് പാറയ്ക്കൽ ഹൈജിനസിന്റെ വീടിനെ കണ്ണീരുണങ്ങാത്ത ഒന്നായി മാറ്റിയത് ആൻലിയയുടെ വിവാഹമാണ്. നഴ്സിങ് പഠനം കഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ആൻലിയയെ തൃശൂർ സ്വദേശി ജസ്റ്റിനു കൈപിടിച്ചു കൊടുക്കുന്നത്. ബെംഗളൂരുവിൽ കിട്ടിയ ജോലിയും രാജിവച്ചാണ് ആൻലിയ ജസ്റ്റിന്റെ ജീവിതപങ്കാളിയാകുന്നത്. മകൾ ജസ്റ്റിനൊപ്പം സുരക്ഷിതയായിരിക്കുമെന്ന പ്രതീക്ഷയിൽ ഹൈജിനസും ഭാര്യയും വിദേശത്തേക്കു മടങ്ങിപ്പോയി. പക്ഷേ അവരെ കാത്തിരുന്നത് ദാരുണമായ വിധിയായിരുന്നു. അതിനെക്കുറിച്ച് ഹൈജിനസിന്റെ വാക്കുകള്‍ ഇങ്ങനെ:
വിവാഹം കഴിക്കുമ്പോൾ ഇരുപത്തിമൂന്ന് വയസായിരുന്നു അവളുടെ പ്രായം. എന്നെ ഇപ്പോഴേ എന്തിനാ പപ്പാ കെട്ടിക്കുന്നതെന്ന് എന്റെ മോൾ ചോദിച്ചതാണ്. ‘പപ്പയും മമ്മിയും ആരോഗ്യത്തോടെയിരിക്കുമ്പോൾ വേണ്ടെടാ കല്യാണം’ എന്നു ഞാൻ ചോദിച്ചപ്പോൾ അവൾ സമ്മതിക്കുകയായിരുന്നു. ജസ്റ്റിൻ വിദേശത്ത് സീനിയർ അക്കൗണ്ടന്റിന്റെ ജോലിയാണെന്നു പറഞ്ഞാണ് മകളെ കല്യാണം കഴിക്കുന്നത്. എന്നാൽ വിവാഹശേഷമാണു ജോലി ഉൾപ്പടെയുള്ള കാര്യങ്ങൾ കള്ളമാണെന്നു മനസ്സിലായത്. ജോലി നഷ്ടമായ വിവരമൊന്നും പറഞ്ഞിരുന്നില്ല. നാട്ടിൽ ബിസിനസ് തുടങ്ങണമെന്നു പറഞ്ഞ് സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. കോഴിക്കച്ചവടം തുടങ്ങണമെന്നാണു പറഞ്ഞത്. നഴ്സിങ് കഴിഞ്ഞ മകളെ ഇതിനല്ല ഞാൻ കല്യാണം കഴിച്ചു നൽകിയതെന്നു പറഞ്ഞ് ബിസിനസ് തുടങ്ങുന്നതു വിലക്കാൻ നോക്കിയിരുന്നു. പക്ഷേ എന്റെ മകളുടെ ഭാവിയോർത്തു ഞാൻ അതിനും വഴങ്ങിക്കൊടുത്തു. ചേട്ടനുമായി ചേർന്നുള്ള കൂട്ടുകച്ചവടത്തിനു മാത്രം സമ്മതിച്ചില്ല.
എന്റെ മകൾ ഞങ്ങൾക്ക് വിഷമം ആകുമെന്നു കരുതി യാതൊന്നും പറഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ നാൾ മുതൽ അവൾ കൊടിയ പീഡനങ്ങളാണ് അനുഭവിച്ചു കൊണ്ടിരുന്നത്. ജസ്റ്റിൻ വേഗം വൈലന്റാകുന്ന പ്രകൃതമായിരുന്നു. ദേഷ്യം വന്ന് അവൻ ആൻലിയയെ ഉപദ്രവിച്ചിട്ടുണ്ട്. അതെല്ലാം ഞങ്ങളറിയുന്നത് അവളുടെ മരണശേഷം കണ്ടുകിട്ടിയ ഡയറിയിൽ നിന്നാണ്. അവൾക്കറിയാമായിരുന്നിരിക്കാം ജസ്റ്റിൻ എന്തെങ്കിലും ചെയ്യുമെന്ന്. അതുകൊണ്ട് അവൻ കാണാതെ ഷെൽഫിൽ വച്ച് പൂട്ടി താക്കോൽ ഫ്ലവർവെയ്സിലാണ് ഇട്ടിരുന്നത്. മകൾക്കുവേണ്ടി ഞാൻ വാങ്ങിക്കൊടുത്ത ഫ്ലാറ്റിലാണ് ഇരുവരും താമസിച്ചത്. മരണശേഷം വീട് പരിശോധിച്ചപ്പോഴാണ് ഡയറി കിട്ടുന്നത്. അത് വായിച്ച് എന്റെ ചങ്കുപിടഞ്ഞു. ഒരു അപ്പനും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് എന്റെ കുഞ്ഞ് എഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ വർഷങ്ങളായി വിദേശത്തായിരുന്നുവെന്നാണ് ജസ്റ്റിൻ ആളുകളോട് പറയുന്നത്. ആൻലിയ അഹങ്കാരിയാണെന്നും തന്നിഷ്ടക്കാരിയാണെന്നും അവർ പറഞ്ഞു. ഹോസ്റ്റലിൽ വളർന്നതിന്റെ പ്രശ്നങ്ങളാണെന്ന് ആരോപിച്ചു. എന്റെ കുഞ്ഞിനെ ഒറ്റ വർഷം മാത്രമാണ് ഹോസ്റ്റലിൽ ചേർത്തത്. 2010ലാണു ഞാൻ വിദേശത്തു പോകുന്നത്, 2011ൽ അവളുടെ മമ്മിയും ഒപ്പം വന്നു. അതിനു മുൻപു വരെ അവളെ കൊളജിൽ കൊണ്ടുപോകുന്നതും വിളിച്ചുകൊണ്ടുവരുന്നതുമൊക്കെ ഞാനായിരുന്നു. ഒരു അപ്പനും മകളെ ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടാകില്ല. എന്റെ മോളും അതുപോലെ ഞങ്ങളെ സ്നേഹിച്ചു. അതുകൊണ്ടാണ് അവൾ ഞങ്ങളെ ഒന്നും അറിയിക്കാതെ എല്ലാം സഹിച്ചത്. അവളുടെ മരണശേഷം ഭാര്യ രോഗിയായി. സന്തോഷം മാത്രമുണ്ടായിരുന്ന വീട്ടിൽ സങ്കടം മാത്രമായി. മകളോ പോയി ഇനി അവളുടെ കുഞ്ഞിനെയെങ്കിലും ഞങ്ങൾക്കു വേണം. അതിനു വേണ്ടിയുള്ള നിയമപോരാട്ടത്തിനാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്– ഹൈജിനസ് വേദനയോടെ പറഞ്ഞു.