മകളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയെയും അമ്മാവനേയും കാനഡ ഇന്ത്യയിലേക്കു നാടുകടത്തി

Jaswinder-Kaur-and-Sukhwinder-Singh-Mithu
SHARE

ചണ്ഡിഗഡ്∙ ഓട്ടോറിക്ഷ ഡ്രൈവറെ വിവാഹം ചെയ്തതിന്റെ പേരില്‍ കനേഡിയന്‍ വംശജയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയേയും അമ്മാവനെയും 18 വര്‍ഷത്തിനു ശേഷം കാനഡ ഇന്ത്യയിലേക്കു നാടുകടത്തി. ഇവരെ കസ്റ്റഡിയിലെടുക്കാനായി പഞ്ചാബ് പൊലീസ് ഡല്‍ഹിയിലെത്തി. പെണ്‍കുട്ടിയുടെ അമ്മ മാല്‍കിത് സിദ്ധു, അമ്മാവന്‍ സുര്‍ജിത് ബദേഷ എന്നിവരെയാണ് ഇന്ത്യയിലെത്തിച്ചത്. 

കാനഡയില്‍ ജനിച്ച ജസിയെന്ന ജസ്‌വിന്ദര്‍ കൗറിനെയും ഭര്‍ത്താവ് സുഖ്‌വിന്ദര്‍ മിത്തുവിനെയും 2000 ജൂണ്‍ എട്ടിനാണ് വാടകക്കൊലയാളികള്‍ കൊലപ്പെടുത്തിയത്. കാനഡയില്‍നിന്ന് അവധിക്കു ചണ്ഡിഗഡിലെത്തിയ ജസി സുക്‌വിന്ദറുമായി പ്രണയത്തിലായതോടെയാണ് വീട്ടുകാരുടെ കണ്ണിലെ കരടായത്. 1999ല്‍ കുടുംബത്തിന്റെ എതിര്‍പ്പു മറികടന്ന് ഇരുവരും വിവാഹിതരായി.

Malkit-Sidhu-and-Surjit-Badesha
മാൽകിത് സിദ്ധു, സുർജിത് ബദേഷ

ഒരുവര്‍ഷം കഴിഞ്ഞതോടെ സംഗ്രൂറിലെ മലേര്‍കോട്​ലയില്‍ വച്ച് സുഖ്‌വിന്ദറിനെയും ജസിയെയും ഒരു കൂട്ടമാളുകള്‍ ആക്രമിച്ചു. ജസിയുടെ അമ്മയും അമ്മാവനും ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് ആക്രമണം നടത്തിയത്.  ജസിയെ കഴുത്തറുത്തു ഓടയില്‍ തള്ളി. ഗുരുതരമായി പരുക്കേറ്റ സുഖ്‌വിന്ദര്‍ മരിച്ചെന്നു കരുതി അക്രമികള്‍ ഉപേക്ഷിച്ചു. എന്നാല്‍ സുഖ്‌വിന്ദര്‍ രക്ഷപെട്ടു. തുടര്‍ന്ന് 2000 ജൂലൈയില്‍ മാല്‍കിത്തിനും സുര്‍ജിത്തിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

2002ല്‍ ഇവരെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കാനഡയെ സമീപിച്ചിരുന്നു. തുടര്‍ന്ന് 2016ല്‍ ഇവരുടെ കൈമാറ്റം കാനഡ കോടതി തടഞ്ഞു. 2017ല്‍ കാനഡ സുപ്രീംകോടതി കൈമാറ്റം ശരിവച്ചു. എന്നാല്‍ പ്രതികള്‍ വീണ്ടും കോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുത്തു. 2018 ഡിസംബറിലാണ് ഇവരെ ഇന്ത്യയ്ക്കു കൈമാറണമെന്ന് കോടതി അന്തിമവിധി പുറപ്പെടുവിച്ചത്. കുറ്റവാളികള്‍ക്കെതിരേ നടപടിയുണ്ടായതില്‍ സന്തോഷമുണ്ടെന്ന് സുഖ്‌വിന്ദര്‍ മിത്തു പറഞ്ഞു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA