പത്തനംതിട്ട∙ കെഎസ്ആർടിസിയിൽ കണ്ടക്ടർ ക്ഷാമം ഒഴിവാക്കാൻ ഡ്രൈവർമാർക്ക് കണ്ടക്ടർക്ക് ലൈസൻസ് നൽകാൻ തീരുമാനം. ഇതിന്റെ ഭാഗമായി പത്താംക്ലാസ് പാസായ ഡ്രൈവർമാർക്കെല്ലാം കണ്ടക്ടർ ലൈസൻസ് ലഭ്യമാക്കാൻ നടപടി തുടങ്ങി.
ഒരു മാസത്തേക്ക് ഈ ലൈസൻസ് നൽകാൻ കെഎസ്ആർടിസി എംഡിക്ക് അധികാരമുണ്ട്. അതുകഴിഞ്ഞാൽ മോട്ടോർ വാഹനവകുപ്പിൽ അപേക്ഷിച്ച് അത് വഴി ലഭ്യമാക്കാം. മറ്റു സംസ്ഥാനങ്ങളിലേത് പോലും ഡ്രൈവർ കം കണ്ടക്ടർ (ഡ്രൈവറും കണ്ടക്ടറും ഒരാൾ ) എന്ന സ്ഥിതി കെഎസ്ആർടിസിയിലും കൊണ്ടുവരാനാണ് നീക്കം.
4000 എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടേണ്ടി വന്നപ്പോഴുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് തിടുക്കപ്പെട്ട് ഈ നടപടിയിലേക്ക് പോകേണ്ടിവന്നതെന്നും എല്ലാം ഡ്രൈവർമാർക്കും കണ്ടക്ടർ പരിശീലനം നൽകുന്ന ജോലി നടക്കുകയാണെന്നും എംഡി ടോമിൻ തച്ചങ്കരി പറഞ്ഞു.
വാഹന അപകടങ്ങളെ തുടർന്നും മറ്റും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെട്ട് ആറുമാസത്തേക്കു വാഹനം ഓടിക്കാനാകാതെ പുറത്തുപോകുന്ന ഡ്രൈവർമാർക്ക് ഇനി കണ്ടക്ടറായി ജോലി ചെയ്യാനും ഇത് അവസരമൊരുക്കും.