ബെംഗളൂരു/കോട്ടയം/കാസർകോട്ട് ∙ ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം അപ്പോള്‍ ആലോചിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻ ചാണ്ടി. കാസർകോട്ട് കേരളാ കോൺഗ്രസ് എം കേരള യാത്രയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മനോരമയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികളുടെ ആവശ്യങ്ങൾ മുന്നണി ചർച്ചയിൽ പരിഗണിക്കും. സ്ഥാനാർഥി നിർണയ ചർച്ചകളിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം സീറ്റ് കേരളാ കോൺഗ്രസിനു തന്നെയെന്ന് സമ്മേളന വേദിയിൽ ഉമ്മൻ ചാണ്ടി ആവർത്തിച്ചു.
മത്സരിക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നു കെ.സുധാകരൻ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ യുക്തമായ തീരുമാനം എടുക്കും. ഉമ്മൻ ചാണ്ടി മത്സരിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യും. കെപിസിസി പ്രസിഡൻറ് മത്സരിക്കുന്നതിനോട് യോജിപ്പ് ഇല്ല. ഉമ്മൻ ചാണ്ടി മത്സരിക്കുന്നുവെങ്കിൽ അതിനെ സ്വാഗതം ചെയ്യും. ഇന്നലെ കാസർഗോഡ് താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. സ്ത്രീകളെ എപ്പോഴും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ ചോദിക്കാനുള്ള അധികാരമുണ്ട്. അത് കൊടുക്കാതിരിക്കാനുള്ള അധികാരം യു.ഡി.എഫിനുമുണ്ട്.
പാര്‍ട്ടിയിലെ ധാരണയെന്നും താനിപ്പോള്‍ എംഎല്‍എയാണെന്നുമാണ് ഉമ്മന്‍ചാണ്ടി ബെംഗളൂരുവില്‍ പറഞ്ഞത്. കൂടുതല്‍ കാര്യങ്ങള്‍ കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിനുള്ളതാണ്. ഇക്കാര്യം നേരത്തേ തീരുമാനിച്ചതാണ്. അതില്‍ മാറ്റമില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ഹൈക്കമാന്‍ഡിന്‍റെ ശക്തമായ സമ്മര്‍ദമുണ്ടായാല്‍ മാത്രമേ ഉമ്മന്‍ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങൂ എന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്.
നേതൃത്വത്തില്‍നിന്നു സമ്മര്‍ദം ഉയരുമ്പോഴും പാര്‍ട്ടിയിലെ നിര്‍ണായക സ്വാധീന നഷ്ടമാകുമെന്നതും സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നു ചുവടുമാറ്റാന്‍ താല്‍പര്യമില്ലാത്തതുമാണ് ഉമ്മന്‍ചാണ്ടിയെ തടയുന്നത്. ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ ന്യൂനപക്ഷവോട്ടുകള്‍ തിരിച്ചുപിടിക്കാമെന്നാണു സംസ്ഥാന നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം ആഗ്രഹിക്കുന്ന ഏതു സീറ്റും നല്‍കാന്‍ തയാറാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സീറ്റ് വിട്ടുകൊടുക്കില്ലെന്നു വ്യക്തമാക്കിയെങ്കിലും കോട്ടയത്തു സ്ഥാനാര്‍ഥി നിര്‍ണയം കേരള കോണ്‍ഗ്രസിനു വെല്ലുവിളിയാണ്. മുന്‍ എംഎല്‍എമാരും യുവനേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തുണ്ട്. രണ്ടാമതൊരു സീറ്റ് പാര്‍ട്ടിക്കു ലഭിച്ചില്ലെങ്കില്‍ കോട്ടയം സീറ്റിന് ജോസഫ് വിഭാഗവും അവകാശം ഉന്നയിച്ചേക്കും.
സീറ്റ് വച്ചുമാറാന്‍ കേരള കോണ്‍ഗ്രസ് ആലോചിക്കുന്നില്ല. രാജ്യസഭാ എംപിയാകാന്‍ ജോസ് കെ.മാണി രാജിവച്ചതിനെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന പ്രചാരണങ്ങളെ മറികടക്കാന്‍ പറ്റുന്നയാളാകണം സ്ഥാനാര്‍ഥി എന്നതാണു വെല്ലുവിളി. ജയസാധ്യത പരിഗണിച്ചാല്‍ മോന്‍സ് ജോസഫ് സ്ഥാനാര്‍ഥിയാകുന്നതാണ് ഉചിതമെന്നു കരുതുന്നവരുണ്ട്. പി.ജെ.ജോസഫിന്‍റെ വിശ്വസ്തനോടു പക്ഷേ മാണിഗ്രൂപ്പിനു താല്‍പര്യമില്ല. മോന്‍സ് ജയിച്ചാല്‍ പാര്‍ട്ടിയില്‍ ജോസഫ് വിഭാഗത്തിനു കരുത്തു കൂടും.
ഇതൊഴിവാക്കാന്‍ ജനപിന്തുണയുള്ള ഒരാളെ മാണിഗ്രൂപ്പില്‍നിന്നു കണ്ടെത്തണം. പരിഗണനയിലുള്ള പ്രധാനപേരുകൾ തോമസ് ചാഴിക്കാടന്‍റേതും സ്റ്റീഫന്‍ ജോര്‍ജിന്‍റേതുമാണ്. ജോസ് കെ.മാണിയുടെ വിശ്വസ്തനെന്ന നിലയില്‍ പ്രിന്‍സ് ലൂക്കോസും പരിഗണനാപട്ടികയിലുണ്ട്. പക്ഷേ വിരുദ്ധ പ്രചാരണത്തെ അതിജീവിക്കാന്‍ ഇവര്‍ക്കാകുമോ എന്നു കണ്ടറിയണം.
തുടക്കത്തില്‍ ജോസ് കെ.മാണിയുടെ ഭാര്യ നിഷയെ പരിഗണിച്ചെങ്കിലും എതിര്‍സ്വരം ഉയര്‍ന്നതോടെ പിന്മാറി. ജോസ് കെ.മാണി മത്സരരംഗത്തില്ലാത്ത സാഹചര്യത്തിലാണു സീറ്റിനായി ജോസഫ് ഗ്രൂപ്പ് രംഗത്തെത്തിയത്. കിട്ടില്ലെന്ന് ഉറപ്പായിട്ടും ഇടുക്കി സീറ്റ് ആവശ്യപ്പെട്ടതു ജോസഫ് വിഭാഗത്തെ പിന്തുണയ്ക്കുന്നു എന്ന് വരുത്തിതീര്‍ക്കാനാണ്.
പാളയത്തില്‍ പടയൊരുക്കത്തിനുള്ള സാധ്യത തെളിഞ്ഞതോടെയാണ് ഇടുക്കിയുമായൊരു വച്ചുമാറ്റവും കോട്ടയത്തെ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വവുമെല്ലാം ചര്‍ച്ചയായത്. ഇടുക്കി വാങ്ങിയാല്‍ ജോസഫ് ഗ്രൂപ്പിന്റെ താല്‍പര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കേണ്ടിവരുമെന്ന ആശങ്കയും മാണിഗ്രൂപ്പിനുണ്ട്. എന്തായാലും സ്ഥാനാര്‍ഥിയെ സംബന്ധിച്ചു കെ.എം.മാണിയുടെ നിലപാടിനായിരിക്കും അന്തിമ അംഗീകാരം.