ലക്നൗ ∙ കിഴക്കൻ ഉത്തർപ്രദേശ് (പൂർവാഞ്ചൽ) പ്രിയങ്ക ഗാന്ധിയെ ഏൽപിക്കുന്നതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതു മികച്ച പോരാട്ടവും പഴയ പ്രതാപത്തിന്റെ വീണ്ടെടുപ്പും. ഏറ്റവുമധികം ലോക്സഭാ സീറ്റുള്ള സംസ്ഥാനത്തെ വിജയം കേന്ദ്ര സർക്കാർ രൂപീകരണത്തിൽ നിർണായകമാണ്. യുപിയിൽ പ്രിയങ്ക വരുന്നതു ബിജെപിയെയും എസ്പി–ബിഎസ്പി സഖ്യത്തെയും സാരമായി നോവിക്കുമെന്നു രാഷട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സഖ്യത്തിലെടുക്കാതെ ഒറ്റപ്പെടുത്തിയ എസ്പിക്കും ബിഎസ്പിക്കും കോണ്‍ഗ്രസ് നല്‍കുന്ന കനപ്പെട്ട മറുപടിയാണ് പ്രിയങ്കയെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കുറച്ചു വൈകിയെങ്കിലും പ്രിയങ്കയെന്ന തുരുപ്പ്ചീട്ടിറക്കിയ കോൺഗ്രസിന്റെ കയ്യിലാകും ഇനി യുപിയിലെ നീക്കങ്ങളെന്നാണു നിഗമനം. കോൺഗ്രസിന്റെ തളർച്ചയിലാണു തങ്ങളുടെ വളർച്ചെയെന്ന് അഖിലേഷ് യാദവിന്റെ എസ്പിക്കും മായാവതിയുടെ ബിഎസ്പിക്കും നന്നായറിയാം. പുതിയ തന്ത്രങ്ങളും താരവുമായി കോൺഗ്രസ് രണ്ടാം ഇന്നിങ്സിന് ഒരുങ്ങുമ്പോൾ കാൽച്ചുവട്ടിലെ മണ്ണിളകുമോ എന്ന ആശങ്കയിലാണു ഈ രണ്ടു പ്രാദേശിക പാർട്ടികളും.
ഒരു കാലത്തു കോൺഗ്രസിന്റെ ശക്തമായ കോട്ടയായിരുന്ന ഉത്തർപ്രദേശിൽ 2014ൽ പാർട്ടി രണ്ടു സീറ്റുകളിലേക്കു ചുരുങ്ങി. റായ്ബറേലിയിൽ സോണിയ ഗാന്ധിയും അമേഠിയിൽ രാഹുൽ ഗാന്ധിയും മാത്രമാണു ജയിച്ചത്. മോദി തരംഗത്തിൽ യുപി ഒട്ടുമുക്കാലും കാവിയണിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. എസ്പി സർക്കാരിനെ മലർത്തിയടിച്ചു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി വിജയക്കൊടി നാട്ടി.
സമീപകാലത്തു നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിജയം എസ്പിക്കും ബിഎസ്പിക്കും പ്രതീക്ഷയേകി. കോൺഗ്രസും വിജയത്തിലൊരു പങ്കുപറ്റി. ബിജെപിക്കെതിരായ ഐക്യപോരാട്ടത്തിന്റെ തുടർച്ച 2019ൽ ഉണ്ടാകുമെന്നു കരുതിയിരിക്കേയാണു കോൺഗ്രസിനെ ഒറ്റയ്ക്കാക്കി എസ്പിയും ബിഎസ്പിയും സഖ്യം പ്രഖ്യാപിച്ചത്. മെലിഞ്ഞുപോയ കോൺഗ്രസിനെ കൂടെ കൂട്ടിയാൽ സീറ്റ് വിഭജനം കീറാമുട്ടിയാകുമെന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം.
ന്യൂനപക്ഷ, പിന്നാക്ക വോട്ടുബാങ്കായിരുന്നു കോൺഗ്രസിന്റെ കരുത്ത്. എസ്പിയും ബിഎസ്പിയും ഈ സ്ഥാനമാണു കയ്യടക്കിയത്. പ്രിയങ്കയിലൂടെ പ്രഭാവം വീണ്ടെടുക്കുന്ന കോൺഗ്രസിലേക്കു മുസ്‌ലിം വോട്ടർമാർ ഒഴുകിപ്പോകുന്നതു തടയുകയാണു രണ്ടു പാർട്ടികളുടെയും അടിയന്തര ദൗത്യം. മുസ്‍ലിംകളെ വിശ്വാസത്തിൽ എടുക്കാനായാൽ 80 സീറ്റുള്ള യുപിയിൽ നാലിലൊന്നും കോൺഗ്രസിനു നേടാമെന്നാണു വിലയിരുത്തൽ. സവർണ, പിന്നാക്ക വിഭാഗങ്ങളെയും ഇതിനുപിന്നാലെ കൂടെ നിർത്താനാകുമെന്നാണു കരുതുന്നത്.
ബിജെപിക്കും കോൺഗ്രസിന്റെ ഭീഷണിയുണ്ട്. ബ്രാഹ്മണ മേധാവിത്തമുള്ള സവർണ വിഭാഗത്തിന്റെ വലിയ പിന്തുണ ബിജെപിക്കുണ്ട്. കോൺഗ്രസ് കരുത്തരാണെന്നു തെളിഞ്ഞാൽ ഇവർ ബിജെപിയെ കയ്യൊഴിയുമോ എന്നാണ് ആശങ്ക. ഇതിനെ 10 ശതമാനം സാമ്പത്തിക സംവരണം ഉയർത്തിക്കാട്ടി പ്രതിരോധിക്കാമെന്നാണു പ്രതീക്ഷ. ഇതോടൊപ്പം പ്രിയങ്കയുടെ നിയമനം കോൺഗ്രസിന്റെ കുടുംബാധിപത്യമെന്നുള്ള വ്യാപക പ്രചാരണവും ബിജെപി നടത്തും.
ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്ന ഒട്ടേറെ നിർണായക മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണു യുപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി, ജവാഹർ ലാൽ നെഹ്റുവിന്റെ മണ്ഡലമായിരുന്ന ഫുൽപുർ, യോഗി ആദിത്യനാഥ് 5 തവണ ജയിക്കുകയും പിന്നീട് യുപി മുഖ്യമന്ത്രിയായി ലോക്സഭാംഗത്വം രാജിവച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്കു നഷ്ടപ്പെടുകയും ചെയ്ത ഗോരഖ്പുർ, അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ്, കുംഭമേള വേദിയായ പ്രയാഗ്‌രാജ് ഉൾപ്പെടുന്ന അലഹാബാദ്, മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്ന ബലിയ, സമാജ്‌വാദി പാർട്ടിയുടെ ഉരുക്കുകോട്ടയായ അസംഗഡ് തുടങ്ങിയ പ്രതാപമണ്ഡലങ്ങൾ. ഇവിടെ പ്രിയങ്ക എന്തു മാജിക് കാണിക്കുമെന്നാണു ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.