ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുൾപ്പെടെ മൂന്ന് പേർക്ക് ഭാരത രത്‍ന. സാമൂഹ്യപരിഷ്കർത്താവ് നാനാജി ദേശ്മുഖ്, ഗായകൻ ഭൂപേൻ ഹസാരിക എന്നിവരാണു ഭാരത രത്‍നയ്ക്ക് അർഹരായ മറ്റു രണ്ടുപേർ. നാനാജി ദേശ്മുഖിനും ഭൂപൻ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണു പുരസ്കാരം.
അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. രാജ്യത്തെ പതിറ്റാണ്ടുകളായി അക്ഷീണം സേവിച്ച വ്യക്തിയാണ് അദ്ദേഹം. രാജ്യത്തിന്റെ വളർച്ചയിലും മുദ്ര പതിപ്പിക്കാൻ സാധിച്ചു. പ്രണബ് മുഖർജിക്കു പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനു പുതിയ മാതൃകയാണ് നാനാജി ദേശ്മുഖിന്റെ പ്രവർത്തങ്ങള്‍ കാട്ടിത്തന്നത്. അടിച്ചമർത്തപ്പെട്ടവരുടെ ക്ഷേമത്തിനായാണ് അദ്ദേഹം പ്രവർത്തിച്ചത്. ഭൂപേൻ ഹസാരികയുടെ സംഗീതത്തെ ഇന്ത്യയിൽ തലമുറകള്‍ ആരാധിച്ചുവരുന്നതായും പ്രധാനമന്ത്രി പ്രതികരിച്ചു.
ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി. 1935 ഡിസംബർ 11ന് പശ്ചിമബംഗാളിലെ ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. പശ്ചിമ ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
1969ൽ ആദ്യമായി രാജ്യസഭാംഗമായി. 1977ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം. 2004ൽ ലോക്സഭയിലെത്തി. 2008ൽ പത്മവിഭൂഷൺ ബഹുമതി. എഡിബിയുടെ ബോർഡ് ഓഫ് ഗവർണൻസ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. ബിയോണ്ട് സർവൈവൽ, എമർജിങ് ഡൈമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ് നാഷൻ/സാഗ ഓഫ് സ്ട്രഗ്ൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഗായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിൽ തിളങ്ങിയ ഭൂപേൻ ഹസാരിക 2011ലാണ് അന്തരിച്ചത്. പത്മഭൂഷണും 2012ൽ മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചു.