അയോധ്യ കേസില്‍ ജനുവരി 29ന് വാദം കേള്‍ക്കും; ബെഞ്ച് പുനഃസംഘടിപ്പിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി∙ അയോധ്യ കേസിൽ വാദം കേൾക്കുന്നതിനുള്ള ബെഞ്ച് പുനഃസംഘടിപ്പിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. ജസ്റ്റിസ് അബ്ദുൽ നസീർ, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരെയാണ് ബെഞ്ചിൽ ഉൾപ്പെടുത്തി.

കേസിൽ ജനുവരി 29 ന് വാദം കേൾക്കും. ജസ്റ്റിസ് ദീപക് മിശ്ര സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് അബ്ദുൽ നസീറും അശോക് ഭൂഷണും അയോധ്യ ബെഞ്ചിൽ ഉൾപ്പെട്ടിരുന്നു. ജനുവരി 11ന് കേസിൽ അവസാനമായി വാദം കേട്ടപ്പോൾ ജസ്റ്റിസ് യു.യു. ലളിത് പിൻമാറിയിരുന്നു. ജസ്റ്റിസ് എസ്.എ. ബോബ്ദെ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരാണു ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുൻപ് രാമക്ഷേത്ര നിര്‍മാണം തുടങ്ങുന്നതിന് കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് ഭരണകക്ഷിയായ ബിജെപിയിൽ നിന്നടക്കം ആവശ്യമുയർന്നിരുന്നു. കേസ് നേരത്തേ പരിഗണിക്കാൻ തയാറാകണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തേ തള്ളിയിരുന്നു.