കയ്യെത്തും ദൂരത്ത് മരുന്നു ‘ലഹരി’; കുറിപ്പടി ഇല്ലാതെ വിൽപന, വാങ്ങുന്നവരിൽ കുട്ടികളും

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ചില ചില്ലറ മരുന്നുവിൽപ്പനശാലകൾ ലഹരിക്കായി ദുരുപയോഗം ചെയ്യാവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തുന്നതായി എക്‌സൈസും ഡ്രഗ് കണ്‍ട്രോള്‍ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള മരുന്നു കടകളിലാണ് അനധികൃത വില്‍പന കൂടുതലും നടക്കുന്നതെന്ന കണ്ടെത്തല്‍ സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലകളില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കും. മരുന്നുകളുടെ ദുരുപയോഗം വര്‍ധിക്കുന്നതായാണ് എക്‌സൈസിന്റെ കണ്ടെത്തല്‍. അതിര്‍ത്തി ജില്ലകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്ന് മരുന്നുകളെത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരിലേറെയും വിദ്യാര്‍ഥികളാണ്.

ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന മരുന്നുകള്‍ മരുന്നു വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് വാങ്ങുന്നത് വര്‍ധിക്കുന്നതായി എക്‌സൈസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് എക്‌സൈസ് കമ്മിഷണര്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് കത്തയച്ചത്. മരുന്നു വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ എക്‌സൈസിന് അധികാരമില്ല. പരിശോധന നടത്തേണ്ട ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിനാകട്ടെ ആവശ്യത്തിനു ജീവനക്കാരുമില്ല. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരമാണു സംസ്ഥാനത്തൊട്ടാകെ സംയുക്ത പരിശോധന നടന്നത്.

വിദ്യാലയങ്ങള്‍ക്ക് അടുത്തുള്ള ചില മരുന്നു വ്യാപാര സ്ഥാപനങ്ങള്‍ ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വില്‍ക്കുന്നതായി കമ്മിഷണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. നിട്രോസന്‍, ട്രിക്ക, നിട്രാവെറ്റ്, പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ്, അല്‍പ്രാക്‌സ് തുടങ്ങിയ മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തുന്നതായാണ് എക്‌സൈസ് കണ്ടെത്തിയത്.

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും മാനസിക സമ്മര്‍ദത്തിനും വേദനസംഹാരിയായും നല്‍കുന്ന മരുന്നുകളാണിവ. എക്‌സൈസ് കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ഈ ഇനത്തില്‍പ്പെടുന്ന മരുന്നുകള്‍ കൂടുതലായി വില്‍പന നടത്തുന്ന 91 സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കി. 

പട്ടിക ഇങ്ങനെ: തിരുവനന്തപുരം - 4, ആലപ്പുഴ - 2, പത്തനംതിട്ട - 7, ഇടുക്കി - 8, കോട്ടയം - 7, എറണാകുളം - 16, തൃശൂര്‍ - 2, പാലക്കാട് - 5, മലപ്പുറം - 13, കോഴിക്കോട് - 8, വയനാട് - 6, കണ്ണൂര്‍ - 7, കാസര്‍കോട്- 6. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഈ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ എല്ലാ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ വില്‍പ്പന നടത്തുന്നതായും വില്‍പ്പന സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറും.

മരുന്നു വ്യാപാര സ്ഥാപനങ്ങള്‍ അനധികൃതവ്യാപാരം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയില്ലെന്നും, നിയമം പാലിച്ചാണ് വ്യാപാരം നടത്തുന്നതെന്നും ആള്‍ കേരള കെമിസ്റ്റ്‌സ് ആന്റ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റ് എ.എന്‍.മോഹന്‍ പറഞ്ഞു.

'ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാം. ഇതു സംബന്ധിച്ച് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ഏഴിനു എറണാകുളത്ത് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്. മരുന്നു കൊടുത്തില്ലെങ്കില്‍ രോഗിക്ക് മരുന്നു നിഷേധിച്ചെന്നു പരാതി ഉയരും.- എ.എന്‍.മോഹന്‍ പറഞ്ഞു. 23,000 ലൈസന്‍സികളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 15,000 പേര്‍ ചില്ലറ വ്യാപാരികളാണ്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡ്രഗ് കണ്‍ട്രോളറുടെ ഓഫിസ് 'മനോരമ ഓണ്‍ലൈനോട്' പറഞ്ഞു. എന്നാല്‍ പരിശോധനയ്ക്ക് ജീവനക്കാരില്ലാത്തത് വകുപ്പിനു തിരിച്ചടിയാണ്. കേരളമൊട്ടാകെ പരിശോധന നടത്താന്‍ 40 ജീവനക്കാര്‍ മാത്രമാണുള്ളത്.