കോട്ടയം സീറ്റ് ഇടതിനും വെല്ലുവിളി; സുരേഷ് കുറുപ്പിനും ജെയ്ക്കിനും സാധ്യത

കോട്ടയം∙ ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവെ കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇടത് മുന്നണിയിലും വെല്ലുവിളിയാകും. ജനതാദളില്‍നിന്ന് സീറ്റ് തിരിച്ചുപിടിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയെങ്കിലും വിജയിക്കാനുള്ള സാധ്യത കുറവാണ്. ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തി നിര്‍ത്തുകയെന്നതും സിപിഎമ്മിന് അത്ര എളുപ്പമാകില്ല.

ആഞ്ഞുപിടിച്ചാല്‍ കോട്ടയം ഇത്തവണ ഇടത്തോട്ട് ചായുമെന്നാണ് സിപിഎമ്മിന്‍റെ വിലയിരുത്തല്‍. മണ്ഡലം ഉപേക്ഷിച്ചു രാജ്യസഭയിലേക്കു പോയ ജോസ് കെ. മാണിയുടെ അധികാര മോഹം, മണ്ഡലത്തോടുള്ള അവഗണന, കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ താഴേത്തട്ടില്‍ നിലനില്‍ക്കുന്ന ഭിന്നത. യുഡിഎഫിനെ തളര്‍ത്താന്‍ ആയുധങ്ങള്‍ പലതുണ്ട് ഇടതുപക്ഷത്തിന്‍റെ കയ്യില്‍. പ്രയോഗിക്കാനും വിജയം കൊയ്യാനും പക്ഷെ മികച്ച ഒരു സ്ഥാനാര്‍ഥിയില്ല. കഴിഞ്ഞ തവണ ജനതാദളിന് സീറ്റ് അടിയറവു വെച്ച് നാണം കെട്ടു തോറ്റു. ഇത്തവണ സിപിഎം സ്ഥാനാര്‍ഥി തന്നെ മത്സരിക്കണമെന്നാണു പൊതു വികാരം. ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പിനെ ചുറ്റിപറ്റിയാണു ചര്‍ച്ചകള്‍.

സുരേഷ് കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജോസ് കെ. മാണി അധികാരമോഹിയെന്ന മുഖ്യപ്രചാരണ ആയുധത്തിന്‍റെ മുനയൊടിയും. ജെയ്ക് സി. തോമസാണ് പരിഗണനയിലുള്ള മറ്റൊരു പേര്. ജനതാദള്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായെങ്കില്‍ മാത്രമെ സിപിഎം സ്ഥാനാര്‍ഥി ചിത്രത്തില്‍ വരൂ. സിപിഐയുടെ കൈവശമുള്ള തിരുവനന്തപുരം സീറ്റിലാണ് ജനതാദളിന് കണ്ണ്. അത് കിട്ടില്ലെന്ന് 90 ശതമാനം ഉറപ്പാണ്. അതുകൊണ്ട് കയ്യിലുള്ള കോട്ടയം വിട്ടുകളയേണ്ടെന്നാണ് ജനതാദളിന്‍റെ നിലപാട്.