തിരുവനന്തപുരം∙ അഖിലേന്ത്യാ പണിമുടക്കു ദിവസം സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഐ ട്രഷറി മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ അടക്കം എട്ടു പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
പിഴയടയ്ക്കാമെന്ന ഉറപ്പും കോടതി പരിഗണിച്ചില്ല. ആക്രമണം അതീവ ഗൗരവതരമെന്നു കോടതി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്താല്‍ തെറ്റായ സന്ദേശം നല്‍കും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്നും കോടതി പറഞ്ഞു.
ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ ട്രഷറി ഓഫിസിലെ ക്ലാര്‍ക്കും യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറിയുമായ എ. അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഫിസ് അറ്റന്‍ഡന്റും യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.വി. ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനില്‍ കുമാര്‍, യൂണിയന്‍ പ്രവര്‍ത്തകരായ സുരേഷ്, വിനുകുമാര്‍, ബിജുരാജ്, ശ്രീവത്സന്‍ എന്നിവരാണ് അറസ്റ്റിലായത്.
ബാങ്ക് മാനേജര്‍ സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. പണിമുടക്കിന്റെ രണ്ടാം ദിനമാണു യൂണിയന്‍ നേതാക്കളും പ്രവര്‍ത്തകരും ബാങ്കില്‍ അഴിഞ്ഞാടിയത്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമം ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍ പ്രകാരമാണു കേസ്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. സിസിടിവി ക്യാമറകളില്‍ നിന്ന് ഒന്‍പതു പേരുടെ ദൃശ്യങ്ങളാണു ലഭിച്ചതെന്നു പൊലീസ് പറയുന്നു.