ഇടുക്കി∙ തൊടുപുഴ നഗരസഭയിൽ എൽഡിഎഫ് ചെയർപഴ്സനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം ബിജെപി പിന്തുണയോടെ പാസായി. യുഡിഎഫിലെ 14 പേരും, ബിജെപിയിലെ 8 പേരും പ്രമേയത്തെ അനുകൂലിച്ചപ്പോൾ എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്നു.
സിപിഎം അംഗം മിനി മധുവിന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണ സമിതിയാണു അവിശ്വാസത്തിലൂടെ പുറത്തായത്. 35 അംഗ നഗരസഭാ കൗൺസിലിൽ ആർക്കും കേവല ഭൂരിപക്ഷമില്ല. യുഡിഎഫ്–14, എൽഡിഎഫ്–13, ബിജെപി–8 എന്നതാണു കക്ഷിനില.
2015 നവംബർ 18 നാണു യുഡിഎഫ് നഗരസഭയിൽ അധികാരത്തിൽ വന്നത്. ചെയർപഴ്സൻ തിരഞ്ഞെടുപ്പിൽ വോട്ടിങ്ങിൽ നിന്നു ബിജെപി വിട്ടു നിന്നതിനെ തുടർന്ന്, ഒരാളുടെ ഭൂരിപക്ഷത്തിലാണു യുഡിഎഫ് അന്ന് അധികാരത്തിലേറിയത്. മുസ്‍ലീംലീഗിലെ സഫിയ ജബ്ബാറാണു ചെയർപഴ്സനായത്.
യുഡിഎഫ് ധാരണ പ്രകാരം 2018 മേയ് 26 ന് സഫിയ രാജി വച്ചതിനെ തുടർന്ന് ജൂൺ 18 ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം ടി.കെ.സുധാകരൻ നായരുടെ വോട്ട് അസാധുവായി. തുല്യ വോട്ടു വന്നതിനെ തുടർന്നു നറുക്കെടുപ്പിലൂടെ എൽഡിഎഫിലെ മിനി മധു ചെയർപഴ്സനായി തിരഞ്ഞെടുക്കപ്പെട്ടു. മിനി മധുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയമാണു വെള്ളിയാഴ്ച പാസായത്. യുഡിഎഫിലെ ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിനാണ് ചെയർപഴ്സൻ സ്ഥാനം. ജെസി ആന്റണി ചെയർപഴ്സനാകുമെന്നാണു സൂചന. 20 ദിവസത്തിനകം ചെയർപഴ്സനെ തിരഞ്ഞെടുക്കും.