മുംബൈ∙ വജ്ര വ്യാപാരി നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്രയിലെ അലിബാഗിലെ ബംഗ്ലാവ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റും. അനധികൃത നിർമാണം ചൂണ്ടിക്കാട്ടിയാണ് 33,000 ചതുരശ്ര അടിയിലുള്ള വസതി പൊളിക്കുന്നത്. തീരദേശ നിയന്ത്രണ നിയമം ലംഘിച്ചു നിർമാണപ്രവർത്തനങ്ങൾ നടത്തിയതു കൊണ്ടാണു നടപടിയെന്നു റേയ്ഗഡ് കലക്ടർ സൂര്യവൻഷി പറഞ്ഞു.
മുംബൈയിൽ നിന്ന് 90 കിലോമീറ്റർ അകലെ കിഹിം കടൽത്തീരത്താണു ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അനധികൃത നിർമാണപ്രവർത്തനങ്ങൾക്കെതിരെ 2009ൽ എൻജിഒ ശംഭുരാജെ യുവ ക്രാന്തി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ ബോംബെ ഹൈക്കോടതിയാണു കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പിഎൻബി തട്ടിപ്പു കേസിൽ പ്രതിയായ നീരവ് മോദിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പിന്നീട് ബംഗ്ലാവിനുള്ളിലെ വിലപിടിപ്പുള്ള സാധനങ്ങൾ നീക്കിയ ശേഷം ജില്ലാ ഭരണകൂടത്തിനു കൈമാറി. ബംഗ്ലാവിന് 100 കോടി മുകളിൽ മൂല്യമുണ്ടാകുമെന്നാണ് ഇഡിയുടെ കണക്കുകൂട്ടൽ