കൊച്ചി∙ ഇന്ന് ഇന്ത്യൻ വിപണിയിൽ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികളിലും പോസിറ്റീവ് പ്രവണതയാണുള്ളത്. ഹോങ്കോങ്, ജപ്പാൻ, കൊറിയ, ചൈന വിപണികളിലെല്ലാം തന്നെ ഒരു ശതമാനത്തിന്റെ റാലിയുണ്ട്. എന്നാൽ ഇതിനു സമാനമായ ഒരു മുന്നേറ്റം ഇന്ത്യൻ വിപണിയിൽ പ്രകടമല്ല. ഇന്നലെ 10849.80ൽ ക്ലോസ് ചെയ്ത നിഫ്റ്റി രാവിലെ 10859.75ലാണ് വ്യാപാരം ആരംഭിച്ചത്. ഇതിനിടെ ഒരുവേള വ്യാപാരം 10931.70 വരെ എത്തിയിരുന്നു.
നിഫ്റ്റി സൂചിക 10950ന് അടുത്ത് വരുമ്പോഴേക്കും വിപണിയിൽ വിൽപന സമ്മർദം വളരെ സജീവമാണ്. നിഫ്റ്റിക്ക് ഇന്ന് മുകളിലേക്ക് 10930 – 10965 ലെവലിൽ റെസിസ്റ്റൻസ് നേരിടേണ്ടി വന്നേക്കുമെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. താഴേക്ക് 10855ൽ വിപണിയിൽ സപ്പോർട്ട് ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
വിപണിയിൽ ഇന്ന് ശ്രദ്ധിക്കാൻ
∙ ഇപ്പോഴും ആഗോള വിപണികളിൽ യുഎസ് – ചൈന വ്യാപാര ചർച്ചകളെ സംബന്ധിച്ച് ആശങ്കകളാണ് നിലനിൽക്കുന്നത്. ഇനി അടുത്ത റൗണ്ട് ചർച്ച ജനുവരി 30, 31 തീയതികളിൽ നടക്കാനിരിക്കുകയാണ്.
∙ ഇന്നലെ യുഎസ്– വെനസ്വേല ബന്ധം വഷളാകുന്നു എന്നുള്ള റിപ്പോർട്ടുകൾ വിപണിയിൽ അസ്ഥിരതയുണ്ടായിക്കിയിരുന്നു. എന്നാൽ യുഎസിലെ ഓയിൽ ഇൻവെന്ററി കൂടുതലായതിനാൽ കാര്യമായ ചലനം വിപണിയിൽ ഉണ്ടാക്കിയിട്ടില്ല.
∙ യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രതീക്ഷിച്ചതുപോലെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
∙ യൂറോപ്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെപ്പറ്റി ചില ആശങ്കൾ ഇസിബി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്.
∙ ഇന്ന് വിപണിയിൽ മിക്ക സെക്ടറുകളിലും നേട്ടമാണുള്ളത്. എഫ്എംസിജി, ഐടി ഓഹരികളിൽ മുന്നേറ്റം കാണുന്നുണ്ട്.
∙ കമ്പനികളുടെ മൂന്നാം പാദ റിപ്പോർട്ടുകൾക്കാണ് ഇപ്പോൾ ഇന്ത്യൻ വിപണി ശ്രദ്ധ നൽകുന്നത്. ഇന്ന് മുൻനിര കമ്പനികളായ എൽആൻഡ്ടിയും മാരുതിയും പ്രവർത്തന ഫലം പുറത്തു വിടും. എൽആൻഡ്ടി ഫലത്തിൽ 20 ശതമാനം വർധന പ്രതീക്ഷിക്കുമ്പോൾ മാരുതിയിൽ മൂന്നു ശതമാനം ഇടിവാണ് പ്രതീക്ഷിക്കുന്നത്.
∙ പിഎസ്‍യു ബാങ്കുകളും ഇന്ന് ചില ആക്ടിവിറ്റികൾ കാണിച്ചേക്കും. ഇന്ന് ഏതാനും പിഎസ്‍യു ബാങ്കുകളുടെ ഫലം വരാനിരിക്കുന്നുണ്ട്
∙ ഡോളറിനെതിരെ ഇന്ത്യൻ രൂപയ്ക്ക് നേരിയ മൂല്യച്ചോർച്ചയാണ് പ്രകടമാകുന്നത്.
∙ ക്രൂഡ് വിലയിൽ വർധനവാണുള്ളത്.