ഭാരതരത്നയിൽ രാഷ്ട്രീയ ഇടപെടല്‍? ചർച്ചയായി ആർഎസ്എസ്, ബിജെപി ബന്ധം

pranab-mukherjee-nanaji-bhupen
SHARE

കർമരംഗങ്ങളിൽ രത്നം പോലെ തിളങ്ങുന്ന വ്യക്‌തിത്വങ്ങൾക്കുള്ളതത്രേ രാജ്യത്തിന്റെ ‘ഭാരതരത്നം’. ഇക്കുറി പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തിലും ആ തിളക്കം കാണാം. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും സംഗീതത്തിന്റെ സകലവഴികളും നടന്നുകയറിയ പ്രതിഭ ഭൂപേൻ ഹസാരികയും ഗ്രാമനന്മ സ്വപ്നം കണ്ട നാനാജി ദേശ്‌മുഖും ആണ് ഇക്കുറി രാജ്യത്തെ പരമോന്നത പുരസ്‌കാരത്തിന്റെ തിളക്കത്തിൽ നിൽക്കുന്നത്. രണ്ടുപേരെ, മരണാനന്തരം മാത്രമാണു ബഹുമതി തേടിയെത്തിയതെന്ന സങ്കടമുണ്ട്. എന്നാൽ, പലർക്കും അറിയിത്തൊരു രാഷ്ട്രീയ ബന്ധം കൂടി പുരസ്കാരവേളയിൽ ചർച്ചയാവുന്നുണ്ട് – ആർഎസ്എസ്, ബിജെപി ബന്ധം !

ആർഎസ്എസ് വേദിയിൽ പ്രസംഗിക്കാൻ പോയ കോൺഗ്രസുകാരൻ എന്ന പരിഗണനയാവില്ല പ്രണബ് മുഖർജിയെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ആർക്കും മനസിലാകുന്നതേയുള്ളു. ഇന്ത്യയുടെ പ്രഥമ പൗരനായും അതിനു മുന്‍പ് മികച്ച ഭരണാധികാരിയായും ജനപ്രതിനിധിയായുമെല്ലാം മാറ്റു തെളിയിച്ചയാളാണ് പ്രണബ്. ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ, കഴിഞ്ഞ ജൂണിൽ നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തതു മാത്രമാണ് ഇക്കാലത്തിനിടെ പ്രണബിനുള്ള ഏക ആർഎസ്എസ് ബന്ധം. അവിടെയും തന്റെ നിലപാടു വ്യക്തമാക്കി പ്രണബ് മടങ്ങിയതോടെ, സന്ദർശനത്തെക്കുറിച്ചുയർന്ന ആശങ്കകൾ അസ്തമിച്ചിരുന്നു.

വിഡിയോ കാണാം

അഞ്ഞൂറോളം ഗ്രാമങ്ങളിൽ സാമൂഹ്യക്ഷേമ പരിപാടികൾക്കു നേതൃത്വം നൽകിയ വിപ്ലവത്തിന്റെ കരുത്തിൽ തന്നെയാവും നാനാജി ദേശ്മുഖിന്റെ പേരിനു മുന്നിൽ രാജ്യം ഇനി ഭാരത്‌രത്ന ചേർക്കുക. പക്ഷേ, അദ്ദേഹത്തിനുമുണ്ട് ആർഎസ്എസുമായി ഹൃദയബന്ധം. ജനതാപാർട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ആർഎസ്‌എസിന്റെ ഉറച്ച നേതാക്കളിൽ ഒരാളായിരുന്നു. ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവ പ്രസ്‌ഥാനത്തിൽ തുടങ്ങി, ഇന്ദിരയെ വീഴ്ത്തിയ ജനതാപാർട്ടി മുന്നേറ്റത്തിൽ വരെ പങ്കുവഹിച്ച നാനാജി മധുലിമായെക്കൊപ്പം ജനതാപാർട്ടിയുടെ അമരത്തിരുന്നയാളാണ്. രാജ്യത്തെ ആദ്യ ഗ്രാമീണ സർവകലാശാലയായ ചിത്രകൂട് ഗ്രാമോദയ വിശ്വവിദ്യാലയ, ദീൻദയാൽ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയ്ക്കും തുടക്കമിട്ടത് നാനാജി തന്നെയായിരുന്നു.

സംഗീതത്തിൽ കൈവച്ച മേഖലയിലെല്ലാം തിളങ്ങിയ ഭൂപേൻ ഹസാരിക രാഷ്ട്രീയത്തിലും പയറ്റിനോക്കിയിരുന്നു. ബിജെപി സ്ഥാനാർഥിയായി 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂപേൻ ഗുവാഹത്തി മണ്ഡലത്തിൽ മൽസരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സജീവ രാഷ്ട്രീയം ഉപയോഗിച്ചെങ്കിലും ബിജെപി നേതാക്കളുമായുള്ള അടുപ്പം മരിക്കുന്നതു വരെയും തുടരാൻ അദ്ദേഹത്തിനായി. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, നടൻ, കവി, ബാലസാഹിത്യകാരൻ തുടങ്ങി പല മേഖലകളിൽ കയ്യൊപ്പു ചാർത്തിയാണ് ഭൂപേൻ രാജ്യത്തെ പരമോന്നത പുരസ്കാരത്തിളക്കത്തിലേക്കെത്തിയതെന്നു വ്യക്തം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA