തൃശൂർ∙ 1983 ഐആര്‍എസ് ബാച്ചുകാരനായ ഡോ.ജോണ്‍ ജോസഫിന്‍റെ മകളാണ് തിരുവനന്തപുരം സിപിഎം ഓഫിസില്‍ റെയ്ഡിനു കയറിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണ്‍. ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതലയായിരുന്നു ചൈത്രയ്ക്ക്.
പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അർധരാത്രി റെയ്ഡ് നടത്തി മണിക്കൂറുകൾക്കകം ഇവരെ മാറ്റുകയും ചെയ്തു. നേരത്തേ ചുമതല വഹിച്ചിരുന്ന വനിതാ സെൽ എസ്പിയുടെ കസേരയിലേക്കാണു ചൈത്ര മടങ്ങിയത്. അവധിയിലായിരുന്ന ഡിസിപി ആർ.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏൽപ്പിച്ചു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് നടപടി.
കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശിയാണ് ചൈത്ര. കസ്റ്റംസിലും ഡിആര്‍ഐയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച ജോണ്‍ ജോസഫ് ഒരുകാലത്തു സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു. മലബാര്‍ കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ണക്കടത്തു നിരവധി തവണ പിടികൂടി ഞെട്ടിച്ച ഉദ്യോഗസ്ഥന്‍. നിലവില്‍ ഡല്‍ഹി സ്പെഷല്‍ സെക്രട്ടറി, ബജറ്റ് ഇന്‍വെസ്റ്റിഗേഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഡിആര്‍ഐയുടെ രാജ്യത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.
കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ചൈത്രയുടെ സ്കൂള്‍ പഠനം. 2016 ലെ ഐപിഎസ് ബാച്ചുകാരി. സിവില്‍ സര്‍വീസില്‍ 111 ആയിരുന്നു റാങ്ക്. ഐപിഎസ് ലിസ്റ്റില്‍ ഒന്നാമതായിരുന്നു. കേരള കേഡര്‍ ഉദ്യോഗസ്ഥ.വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്‍റെ തുടക്കം. പിന്നെ, തലശേരി എഎസ്പിയായി. ക്രമസമാധാന ചുമതലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചൈത്ര പുതിയ തലമുറയിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ഇതിനോടകം പേരെടുത്തു കഴിഞ്ഞു. അവിവാഹിതയാണ്. അമ്മ ഡോ.മേരി ഏബ്രഹാം വെറ്ററിനറി വകുപ്പില്‍ ജോയിന്‍റ് ഡയറക്ടറായി വിരമിച്ചു. ഏകസഹോദരന്‍ ഡോ.അലന്‍ ജോണ്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ പിജി വിദ്യാര്‍ഥി.
അക്രമികളെ പിടികൂടാൻ പാർട്ടി ഓഫിസിൽ; കസേരമാറ്റം ഉടനടി
ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈ എഫ്ഐ സംഘം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. അപ്രതീക്ഷിതമായി പൊലീസ് എത്തിയപ്പോൾ നേതാക്കളും അണികളും ഞെട്ടിയെങ്കിലും കൂടുതൽ ആളുകളെ വരുത്തി പൊലീസ് സംഘത്തെ തടഞ്ഞു.
പരിശോധന നടത്താതെ പോകില്ലെന്നു ഡിസിപി നിലപാട് എടുത്തതോടെ ഉന്നത നിർദേശ പ്രകാരം നേതാക്കൾ വഴങ്ങി. അതിനിടെ പ്രതികളെ രക്ഷപ്പെടുത്തിയെന്നാണു പൊലീസിനു പിന്നീടു ലഭിച്ച വിവരം. റെയ്ഡിൽ പ്രതികളെ ആരെയും പിടികൂടാനായില്ല. തൊട്ടുപിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ടു സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫിസിനെയും പാർട്ടി നേതൃത്വത്തെയും സമീപിച്ചു.
പോക്സോ കേസിൽ അറസ്റ്റിലായ 2 പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐക്കാരുടെ അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.
റെയ്ഡ് തടയാനും ഡിസിപിയെ പിന്തിരിപ്പിക്കാനും കീഴുദ്യോഗസ്ഥരിൽ പലരും ശ്രമിച്ചെങ്കിലും ചൈത്ര നിലപാടിൽ ഉറച്ചുനിന്നു. അതോടെ ഗത്യന്തരമില്ലാതെ മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒപ്പം ചേർന്നു. അതിനിടെ റെയ്ഡിനെ കുറിച്ചു ചില ഉദ്യോഗസ്ഥർ നേതാക്കൾക്കു വിവരം ചോർത്തി നൽകിയെന്നും ഉന്നതർ സംശയിക്കുന്നു. സൈബർ സെൽ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്.
ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്രയ്ക്കു ഡിസിപിയുടെ അധിക ചുമതല നൽകിയത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ റെയ്ഡിനു പിന്നാലെ ഇന്നലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു.