വാഷിങ്ടൻ∙യുഎസില്‍ കഴിഞ്ഞ ഒരുമാസത്തിലേറെയായി തുടരുന്ന ഭരണസ്തംഭനത്തിനു താല്‍ക്കാലിക വിരാമം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പണം അനുവദിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയാറായതോടെയാണു പ്രതിസന്ധിക്കു പരിഹാരമായത്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള പണം അനുവദിക്കാഞ്ഞതിനെ തുടര്‍ന്നായിരുന്നു ഭരണസ്തംഭനം.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ മൂന്നാഴ്ച്ചത്തേക്കു പണം അനുവദിക്കാന്‍ ട്രംപ് തയാറായതോടെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണസ്തംഭനത്തിനാണു വിരാമമായത്. 35 ദിവസമായി തുടര്‍ന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള തീരുമാനം സെനറ്റംഗങ്ങള്‍ ഒന്നടങ്കം അനുകൂലിച്ചു. ഫെബ്രുവരി പതിനഞ്ച് വരെ സാമ്പത്തിക സഹായം നല്‍കാനാണു തീരുമാനം.
ഈ കാലയളവിനുള്ളില്‍ മതില്‍ നിര്‍മിക്കാനുള്ള പണം അനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും മടിക്കില്ലെന്ന് ട്രംപ് താക്കീത് നല്‍കി. മതിലിന് 5.7 ദശലക്ഷം ഡോളര്‍ അനുവദിക്കണമെന്നാണ് ട്രംപിന്‍റെ ആവശ്യം. പ്രതിസന്ധിയെത്തുടര്‍ന്ന് എട്ട് ലക്ഷത്തിലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണു ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നത്.