പ്രളയ പുനർനിർമാണത്തിന് രാഷ്ട്രീയ ഐക്യം വേണം: റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ഗവർണര്‍

തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രശംസിച്ചു ഗവർണർ പി.സദാശിവം. മോദിയുടെ ഭരണം സാമ്പത്തിക പുരോഗതിയുണ്ടാക്കി. കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ ഗുണം ചെയ്തു. മുഖ്യമന്ത്രി അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധചെലുത്തിയെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് റിപ്പബ്ലിക് ദിനസന്ദേശത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.‌

കേരളത്തിന്റെ പുനർനിർമിതി അടിയന്തരപ്രധാന്യം അർഹിക്കുന്നതായി ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. പ്രളയ പുനർനിർമ്മാണത്തിന് രാഷ്ട്രീയ ഐക്യം വേണം. അനാവശ്യ വിവാദം ഒഴിവാക്കണം. സങ്കുചിത രാഷ്ട്രീയ ചിന്ത തടസ്സമാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പബ്ലിക് ദിന പരേഡിൽനിന്ന്

തിരുവനന്തപുരത്ത് ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്കു തുടക്കമായത്. പ്രളയരക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മല്‍സ്യത്തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവരെ ഗവര്‍ണർ പ്രശംസിച്ചു. പരേഡിൽ ഗവർണറും മുഖ്യമന്ത്രിയും അഭിവാദ്യം സ്വീകരിച്ചു.

റിപ്പബ്ലിക് ദിന പരേഡിൽനിന്ന്

നവ കേരള നിർമിതിക്ക് ഒരുങ്ങുന്ന കേരളം ഈ റിപ്പബ്ലിക് ദിനത്തിൽ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ പുതുക്കണമെന്നു മന്ത്രി എ.സി. മൊയ്‌തീൻ പറഞ്ഞു. കൊച്ചിയിൽ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ആസ്ഥാനമായ കലക്ടറേറ്റിനു പുറമേ കൊച്ചിയിലെ നാവിക സേനാ ആസ്ഥാനത്തും റിപ്പബ്ളിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. വൈസ് അഡ്മിറൽ അനിൽകുമാർ ചൗള ദേശീയപതാക ഉയർത്തി.

റിപ്പബ്ലിക് ദിന പരേഡിൽനിന്ന്

കണ്ണൂർ പൊലീസ് മൈതാനിയില്‍ ജില്ലാതല റിപ്പബ്ലിക് ദിനോഘാഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ മന്ത്രി ഇ.പി.ജയരാജൻ സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി വിക്രം മൈതാനിയില്‍  മന്ത്രി എ.കെ.ശശീന്ദ്രന്‍ പതാക ഉയര്‍ത്തി. വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. 

പാലക്കാട് മന്ത്രി എ.കെ.ബാലനും തൃശൂരില്‍ മന്ത്രി വി.എസ്.സുനില്‍കുമാറും അഭിവാദ്യം സ്വീകരിച്ചു. കൊല്ലത്തെ റിപ്പബ്ളിക് ദിനാഘോഷങ്ങള്‍ക്കു മന്ത്രി മേഴ്സിക്കുട്ടിയമ്മയും ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍നടന്ന പരേഡില്‍ മന്ത്രി ജി. സുധാകരനും സല്യൂട്ട് സ്വീകരിച്ചു. കോട്ടയം പൊലീസ് മൈതാനിയിലെ പരേഡില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും, പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ പരേഡില്‍ മന്ത്രി കടംകപള്ളി സുരേന്ദ്രനും സല്യൂട്ട് സ്വീകരിച്ചു.

തിരുവനന്തപുരത്ത് നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ നിന്ന്

മലപ്പുറം എംഎസ്പി ഗ്രൗണ്ടിലെ പരേഡില്‍ മന്ത്രി കെ.ടി.ജലീലും വയനാട് എസ്.കെ .എം. ജെ സ്കൂൾ ഗ്രൗണ്ടിലെ പരേഡില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും  അഭിവാദ്യം സ്വീകരിച്ചു. ഇടുക്കി ജില്ലയിലെ ആഘോഷങ്ങൾ ചെറുതോണിയിൽ നടന്നു. മന്ത്രി എം.എം. മണി പതാക ഉയർത്തി. റോഷി അഗസ്റ്റിൻ എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. രാജ്യം റിപ്പബ്ലിക് ദിനം ആചരിക്കുമ്പോള്‍ ഇടുക്കി ജില്ലയ്ക്കിത് 47ാം  ജന്മദിനാഘോഷം കൂടിയാണ്. ഐക്യകേരളം പിറവിയെടുത്ത് ഒന്നരപതിറ്റാണ്ടിനുശേഷം 1972 ജനുവരി 26നാണ് കേരളത്തിന്റെ 11ാമത്തെ ജില്ലയായി ഇടുക്കി രൂപീകൃതമാകുന്നത്.