തിരുവന്തപുരം∙ പത്മഭൂഷണ്‍ നല്‍കരുതായിരുന്നുവെന്ന മുൻ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ. സെൻകുമാർ അബദ്ധം പറയുന്നുവെന്നായിരുന്നു നമ്പി നാരായണന്റെ പ്രതികരണം. അദ്ദേഹം ആരുടെ ഏജന്റാണെന്നു അറിയില്ല. താൻ നല്‍കിയ നഷ്ടപരിഹാരക്കേസില്‍ പ്രതിയാണ് സെന്‍കുമാര്‍. ചാരക്കേസ് കഴിഞ്ഞു. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്താനാണ് സുപ്രീംകോടതി സമിതിയെ നിയോഗിച്ചിരിക്കുന്നതെന്നും നമ്പി നാരായൺ പറഞ്ഞു.
സെൻകുമാറിന്റെ കൈശമുണ്ടെന്നു പറയുന്ന രേഖകൾ സമിതിയിൽ ഹാജരാക്കട്ടെ. അദ്ദേഹം കോടതി വിധി തെറ്റിദ്ധരിച്ചു. പ്രസ്താവനകള്‍ പരസ്പരവിരുദ്ധമാണ്. അദ്ദേഹത്തിനു സ്ഥാപിത താൽപര്യങ്ങളുണ്ടോ എന്നറിയില്ല. പരാതികളുണ്ടെങ്കില്‍ സെന്‍കുമാര്‍ കോടതിയില്‍ പറയട്ടെയെന്നും നമ്പി നാരായണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.
നമ്പി നാരായണനു പത്മഭൂഷണ്‍ നല്‍കരുതായിരുന്നുവെന്നു ടി.പി.സെന്‍കുമാർ പറഞ്ഞിരുന്നു. നമ്പി നാരായണനു പുരസ്കാരം നല്‍കിയത് അമൃതില്‍ വിഷം വീണതുപോലെയായി. 1994 ല്‍ സ്വയം വിരമിച്ച നമ്പി നാരായണന്‍ രാജ്യത്തിന് എന്തു സംഭാവനയാണു നല്‍കിയത്. അദ്ദേഹത്തെ സുപ്രീംകോടതി പൂര്‍ണമായി കുറ്റവിമുക്തനാക്കിയിട്ടില്ല. പ്രതിച്ഛായയും സത്യവും തമ്മില്‍ വളരെ വലിയ അന്തരമുണ്ടെന്നും സെൻകുമാര്‍ പറഞ്ഞിരുന്നു.