ഓഫർ തുക കേട്ടാൽ ഞെട്ടും; ഓപറേഷൻ താമര സജീവം: ബിജെപിക്കെതിരെ കുമാരസ്വാമി

hd-kumaraswamy
SHARE

ബെംഗളൂരു ∙ കര്‍ണാടകയിൽ ഭരണകക്ഷിയായ ജനതാദൾ എസിൽനിന്ന് എംഎൽഎമാരെ തട്ടിയെടുക്കുന്നതിനു ബിജെപി ഇപ്പോഴും ശ്രമം തുടരുകയാണെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ‘ഓപറേഷൻ താമര’ ഇപ്പോഴും സജീവമാണ്. ഞങ്ങളുടെ എംഎൽഎമാരിലൊരാൾക്കു ബിജെപി പണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്നലെ വൻതുകയാണു വാഗ്ദാനമായി വന്നത്. ബിജെപി നൽകാമെന്നു പറയുന്ന തുക കേട്ടാൽ നിങ്ങൾ ഞെട്ടും. ഇത്തരം സമ്മാനങ്ങള്‍ ആവശ്യമില്ലെന്നും വീണ്ടും ശ്രമിക്കരുതെന്നുമാണ് എംഎൽഎ മറുപടി നല്‍കിയത്. അവർ‌ മോഷണശ്രമങ്ങൾ തുടരുകയാണ്’– വാർത്ത ഏജന്‍സിയോടു കുമാരസ്വാമി പറഞ്ഞു.

കുമാരസ്വാമിയുടെ ആരോപണങ്ങളെ ബിജെപി തള്ളിക്കളഞ്ഞു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണു മുഖ്യമന്ത്രി പറയുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. എംഎൽഎമാരെ ഒപ്പം നിർത്തേണ്ടതു ഭരണകക്ഷിയുടെ ചുമതലയാണ്. സംസ്ഥാനത്ത് ഓപറേഷൻ താമരയില്ല. ആഭ്യന്തര തർക്കങ്ങളെ തുടർന്നാണു ഭരണകക്ഷിയിൽനിന്ന് എംഎൽഎമാർ വിട്ടുപോകുന്നത്. ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകൾ ഇറക്കുന്നതു നിർത്തണം. ഞങ്ങൾ 104 പേരുണ്ട്. രണ്ട് സ്വതന്ത്രരും പ്രതിപക്ഷ നിരയിലുണ്ട്– യെഡിയൂരപ്പ പറഞ്ഞു.

കർണാടകയിലെ വരൾച്ചബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുകയാണു യെഡിയൂരപ്പ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കർഷകരോഷം പ്രധാന ചര്‍ച്ചാവിഷയമായ സംസ്ഥാനത്ത് 44,000 കോടിയുടെ വായ്പാ ഇളവുകളാണു കുമാരസ്വാമി സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇതിലൂടെ സാധിക്കില്ലെന്നു ബിജെപി ആരോപിക്കുന്നു.

കർണാടകയിൽ ജെഡിഎസിന്റെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ രണ്ട് എംഎൽഎമാർ തമ്മിൽ റിസോർട്ടിൽ തർക്കമുണ്ടായതിനു പിന്നാലെയാണ് ബിജെപിക്കെതിരെ വീണ്ടും ആരോപണമുയരുന്നത്. ബെംഗളൂരുവിലെ റിസോർട്ടിൽ ജെ.എൻ.ഗണേഷ് എന്ന നിയമസഭാംഗം തന്നെ അക്രമിക്കുകയായിരുന്നെന്നു കോൺഗ്രസ് പ്രതിനിധി ആനന്ദ് സിങ് പറഞ്ഞു. ആനന്ദിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. 2018 മേയിൽ കര്‍ണാടകയിൽ നടന്ന തിരഞ്ഞെടുപ്പിൽ 104 സീറ്റുകളിലാണു ബിജെപി ജയിച്ചത്. കോൺഗ്രസ് 80, ജെഡിഎസ് 37 സീറ്റുകളും സ്വന്തമാക്കി. കോൺഗ്രസിനെ കൂട്ടുപിടിച്ച് ജെഡിഎസ് സർക്കാർ രൂപീകരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA