കൊച്ചി ∙ സംയോജിത റിഫൈനറി വികസന പദ്ധതി (ഐആർഇപി) കൊച്ചിയുടെ സാധ്യതകൾ വർധിപ്പിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിപിസിഎല്ലിലെ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോ കെമിക്കൽ വ്യവസായങ്ങൾ കൊച്ചിയിലെത്തും. സംസ്ഥാനത്തിന്റെ പെട്രോ കെമിക്കൽ പാർക്ക് ഇതിന് ആക്കം കൂട്ടും. 2016 മേയ് മാസം മുതൽ ഇതുവരെ രാജ്യത്തെ പാവങ്ങളിൽ പാവങ്ങളായ ജനങ്ങൾക്ക് 6 കോടിക്കടുത്ത് എൽപിജി കണക്‌ഷനുകൾ നൽകി.
പരിസ്ഥിതി സൗഹൃദ ഗതാഗതത്തിനു സിഎൻജിയുടെ ഉപയോഗത്തെയാണു സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്ത് സിജിഡിയുടെ (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ) വിതരണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഹെലികോപ്റ്ററിൽ രാജഗിരി കോളജ് മൈതാനത്തേക്കു പോയ പ്രധാനമന്ത്രി അവിടെനിന്നു റോഡു മാര്‍ഗമാണു കൊച്ചി റിഫൈനറിയില്‍ എത്തിയത്. റിഫൈനറിയിലെ ചടങ്ങിനുശേഷം തൃശൂരിലേക്കു പോയി.
ഇന്ത്യയെ പെട്രോ കെമിക്കൽ ഹബ് ആക്കിമാറ്റാനുള്ള പ്രവർത്തനങ്ങളാണു നാലര വർഷമായി നടന്നുവരുന്നതെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ബിപിസിഎല്ലിന് എല്ലാ പിന്തുണയും സംസ്ഥാനം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്ഥലവും നികുതിയിളവും അടക്കം സംസ്ഥാനം ലഭ്യമാക്കി. പൊതുമേഖലയെ ശക്തിപ്പെടുത്തണമെന്ന നിലപാടിലാണിതെന്നും പിണറായി പറഞ്ഞു.
ഉച്ചയ്ക്ക് 2.10ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ പി.സദാശിവം, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി.എസ്.സുനിൽകുമാർ തുടങ്ങിയവർ സ്വീകരിച്ചു. വിമാനത്തിനു യന്ത്രത്തകരാറുണ്ടായതിനെ തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ വൈകിയാണു കൊച്ചിയിലെത്തിയത്.