കൊച്ചി/തൃശൂർ ∙ കമ്യൂണിസ്റ്റുകാര്‍ കേരള സംസ്കാരത്തെ അപമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സമീപനം എന്തിനാണെന്നു മനസ്സിലാകുന്നില്ല. ശബരിമല ക്ഷേത്ര വിഷയം ഇന്നു രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. യുഡിഎഫ് ഡൽഹിയിൽ പറയുന്നത് ഒന്ന് ഇവിടെ പറയുന്നതു മറ്റൊന്ന്. സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിൽ ഇരുവർക്കും താൽപര്യമില്ല. അല്ലെങ്കിൽ മുത്തലാഖ് ബില്ലിനെ അവർ എതിർക്കുമായിരുന്നില്ല. ഒരു കമ്യൂണിസ്റ്റ് വനിതാ മുഖ്യമന്ത്രിയെയെങ്കിലും ചൂണ്ടിക്കാണിക്കാനാകുമോ?. പ്രതിപക്ഷത്തിന് ആശയപാപ്പരത്തം ബാധിച്ചു. മോദിയെ ആക്ഷേപിക്കൽ മാത്രമാണ് അവരുടെ പണിയെന്നും തൃശൂരിൽ യുവമോർച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസിനും ഭരണഘടനാ സ്ഥാപനങ്ങളോടു വിലയില്ല. ഒരു വിദേശമണ്ണിൽ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ അവർ ചോദ്യം ചെയ്യുന്നതു കണ്ടു. ഇതിന് കോൺഗ്രസ് മറുപടി പറയേണ്ടിവരും. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു തമാശയാണ്. കേരളത്തിൽ അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ അമർച്ച ചെയ്യുന്നതാണു ശീലം. മധ്യപ്രദേശിലേക്കടക്കം ഇപ്പോൾ അതു വ്യാപിച്ചു.
ഭാരതീയ സംസ്കാരത്തെ എതിർക്കുന്നതിലും അഴിമതി കാണിക്കുന്നതിലും ഇരുമുന്നണികളും ഒരുമിച്ചാണ്. രണ്ട് ദശാബ്ദങ്ങൾക്കു മുൻപ് മികച്ച ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ കള്ളക്കേസിൽ കുടുക്കി. യുഡിഎഫ് സ്വന്തം താൽപര്യത്തിനു വേണ്ടിയാണ് ഒരു ശാസ്ത്രജ്ഞനെ ഉപയോഗിച്ചത്. എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചു. ഡൽഹിയിൽ ഞാൻ ഉള്ളിടത്തോളം കാലം ഒരു അഴിമതിയും നടത്താൻ അനുവദിക്കില്ല.
2021ൽ ക്രൂഡ് ഓയിൽ ഇറക്കുമതി 10 ശതമാനം കുറയ്ക്കും. ജൈവ ഇന്ധന മിശ്രിതത്തിന്റെ ഉപയോഗം 25 ശതമാനമായി വര്‍ധിപ്പിക്കും. അഞ്ച് വർഷം മുൻപ് ലോകം ഇന്ത്യയെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയില്‍ വൻ നിക്ഷേങ്ങൾ നടക്കുന്നു. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഇന്ത്യ ചൈനയെക്കാൾ മുന്നിലെത്തി– പ്രധാനമന്ത്രി പറഞ്ഞു. ഹിന്ദുത്വത്തെ തകർക്കാൻ നിരീശ്വരവാദിയായ മുഖ്യമന്ത്രിക്കു സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. പ്രധാനമന്ത്രിക്ക് അയ്യപ്പ സ്വാമിയുടെ അനുഗ്രഹമുണ്ട്. അദ്ദേഹത്തെ തകർക്കാൻ ആർക്കും കഴിയില്ല.
നമുക്കുവേണം മോദിഭരണം എന്ന മുദ്രാവാക്യം തിരുവനന്തപുരത്തെ രാക്ഷസൻമാർ കേൾക്കണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. കൊച്ചി ബിപിസിഎല്ലിൽ പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷമാണ് പ്രധാനമന്ത്രി തൃശൂരിലെത്തിയത്. യുവമോർച്ച പരിപാടിക്കു ശേഷം വൈകിട്ട് കൊച്ചിയിൽ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ചു. കൊച്ചിയിലും തൃശൂരിലും ഐജിമാരുടെ നേതൃത്വത്തില്‍ വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയത്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ വിവരങ്ങൾ തൽസമയം ചുവടെ വായിക്കാം..