പൊള്ള വാഗ്ദാനം നൽകരുത്, ജനം പ്രഹരിക്കും: മുനവച്ച സംസാരവുമായി ഗഡ്കരി

nitin-gadkari
SHARE

മുംബൈ ∙ പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾക്കു പിന്നാലെ ബിജെപി നേതൃത്വത്തിനു ‘മുന്നറിയിപ്പു’മായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നടപ്പാക്കാൻ സാധിക്കുന്ന വാഗ്ദാനങ്ങൾ മാത്രമേ രാഷ്ട്രീയക്കാർ ജനത്തിനു നൽകാവൂ എന്ന ഗഡ്കരിയുടെ പ്രസ്താവനയാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം.

2014ൽ വ്യാജ വാഗ്ദാനങ്ങൾ നൽകിയാണു ബിജെപി സർക്കാർ അധികാരത്തിലെത്തിയതെന്ന്, മുൻ ദേശീയ അധ്യക്ഷൻ കൂടിയായ നിതിൻ ഗഡ്കരി തുറന്നു സമ്മതിച്ചിരുന്നു. അതിന്റെ ചൂടാറും മുൻപാണ് അടുത്ത വെടിപൊട്ടിച്ചിരിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാർക്കുമുള്ള ഉപദേശമെന്ന മട്ടിലാണു ഗഡ്കരിയുടെ പരാമർശമെങ്കിലും ബിജെപിയാണു ലക്ഷ്യമെന്നാണു സൂചന.

‘വാഗ്ദാനങ്ങൾ പാലിക്കുന്നവരെ ജനങ്ങൾക്ക് ഇഷ്ടമാണ്. എന്നാൽ ഇതേ നേതാക്കാൾ വാഗ്ദാന ലംഘനം നടത്തിയാൽ, ജനം പ്രഹരിക്കും. അതിനാൽ നടപ്പാക്കാവുന്ന വാഗ്ദാനങ്ങളേ ജനങ്ങൾക്കു നൽകാവൂ. സ്വപ്നങ്ങൾ കെട്ടിച്ചമയ്ക്കുന്ന ആളല്ല ഞാൻ. 100 ശതമാനം ആധികാരികതയോടെ മാത്രമേ സംസാരിക്കാറുള്ളൂ. അത്തരം കാര്യങ്ങളേ വാഗ്ദാനം ചെയ്യാറുള്ളൂ’– മുംബൈയിൽ മാധ്യമങ്ങളോടു ഗഡ്കരി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ഗഡ്കരി കണ്ണാടി പിടിച്ചിരിക്കുകയാണെന്ന കുറിപ്പോടെ എഐഎംഐഎം നേതാവ് അസദുദ്ദീൻ‌ ഒവൈസി പ്രസ്താവന ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്കെതിരെ ഗഡ്കരി ആക്രമണം തുടങ്ങി എന്നായിരുന്നു മധ്യപ്രദേശ് കോൺഗ്രസിന്റെ പ്രതികരണം. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ, തോൽവിയുടെ ഉത്തരവാദിത്തം എറ്റെടുക്കാൻ നേതൃത്വം തയാറാവണമെന്നു ഗഡ്കരി അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു.

ജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി 2014ൽ അധികാരത്തിൽ എത്തിയതെന്നായിരുന്നു ടിവി അഭിമുഖത്തിൽ ഗഡ്കരി പറഞ്ഞത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ആവർത്തിച്ച ശിവസേന, ഏതെങ്കിലും സാഹചര്യത്തിൽ നിതിൻ ഗഡ്കരി പ്രധാനമന്ത്രി സ്ഥാനാർ‌ഥിയാകുകയാണെങ്കിൽ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി. ഈ സാഹചര്യത്തിലാണു ഗഡ്കരിയുടെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA