ന്യൂഡല്‍ഹി∙ ചന്ദ കോച്ചര്‍ കേസില്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ ഇടപെടല്‍ വിവാദത്തില്‍. ഏറെ നാളുകളായി സ്ഥിരംമേധാവി ഇല്ലതെ കുഴങ്ങുന്ന സിബിഐയുടെ സ്വയംഭരണാവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ജയ്റ്റ്‌ലി നടത്തിയതെന്ന വിമര്‍ശനമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്. സമൂഹമാധ്യമങ്ങളിലും പലരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദിവസങ്ങളായി അമേരിക്കയില്‍ ചികില്‍സയില്‍ കഴിയുകയാണ് അരുണ്‍ ജയ്റ്റ്‌ലി. അതിനിടയിലാണ് സിബിഐ നടപടിയെ വിമര്‍ശിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
വിഡിയോകോണ്‍ ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തിയതില്‍ ജയ്റ്റ്‌ലി എന്തിനാണ് ആകുലപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചു. അഴിമതിക്കേസില്‍ സിബിഐയുടെ സ്വാഭാവിക നടപടിക്രമം മാത്രമല്ലേ ഇതെന്നും അദ്ദേഹം ചോദിച്ചു.
അന്വേഷണം പുരോഗമിക്കുന്ന സിബിഐ കേസില്‍ കേന്ദ്രധനമന്ത്രി തന്നെ പ്രതികരിക്കുന്നത് അനുചിതമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സിബിഐ ഏതു രീതിയില്‍ പ്രവര്‍ത്തികണമെന്നു പറയാന്‍ കോടതിക്കോ ഭരണകൂടത്തിനോ അധികാരമില്ലെന്ന് അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ പറഞ്ഞു. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുമ്പോള്‍ പോലും കേസിന്റെ കാര്യങ്ങളിലേക്കു കടക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഎസില്‍ ചികില്‍സയില്‍ കഴിയുന്ന ജയ്റ്റ്‌ലി, ചന്ദ കോച്ചറിനെതിരേ കേസെടുത്തതിനെതിരേ 25-നാണ് ട്വിറ്ററിലൂടെ പരാമര്‍ശം നടത്തിയത്. അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ആരെയും പ്രതി ചേര്‍ക്കരുതെന്നും കൊച്ചാറിനെതിരായ കേസ് അന്വേഷണം സാഹസികയാണെന്നുമാണ് ജയ്റ്റ്‌ലി വിമര്‍ശിച്ചത്. ഇതിനു തൊട്ടു പിന്നാലെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. സിബിഐ നീക്കങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ എസ്പി സുധാന്‍ഷു ധര്‍ മിശ്രയെയാണ് റാഞ്ചിയിലേക്കു സ്ഥലം മാറ്റിയത്.
3,250 കോടി രൂപയുടെ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് ചന്ദ കോച്ചര്‍, ഭര്‍ത്താവ് ദീപക് കോച്ചര്‍, വിഡിയോകോണ്‍ ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയാണു സിബിഐ കേസെടുത്തത്. ഇതിനു പിന്നാലെ എസ്പി സുധാന്‍ഷു ധര്‍ മിശ്രയെ ബാങ്കിങ് ആന്‍ഡ് സെക്യൂരിറ്റീസ് ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിഭാഗത്തില്‍നിന്ന് റാഞ്ചിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു.
കേസെടുക്കുന്നതു വൈകിപ്പിച്ചതിനും റെയ്ഡ് അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിനുമാണു നടപടിയെന്നു സിബിഐ വിശദീകരിക്കുന്നു. മിശ്രയും ഏജന്‍സിയിലെ മറ്റു ചിലരും നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കുമെന്നും സിബിഐ വ്യക്തമാക്കി.