മോദിക്ക് കേരളത്തെ അറിയില്ല; ശബരിമല വിധി നടപ്പാക്കേണ്ടെന്നാണെങ്കില്‍ പറയണം: കോടിയേരി

തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല വിധി നടപ്പാക്കേണ്ടെന്നാണു പ്രധാനമന്ത്രിയുടെ നിലപാടെങ്കിൽ അക്കാര്യം തുറന്നുപറയണമെന്ന് കോടിയേരി പറഞ്ഞു. മോദി അടിക്കടി കേരളത്തിൽ വരുന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്. കമ്യൂണിസ്റ്റുകൾ സംസ്കാരം തകർക്കുന്നുവെന്ന പ്രസ്താവനയും ആസൂത്രിതം.

സ്ത്രീശാക്തീകരണം പറയുന്നവർ‌ ആദ്യം വനിതാ സംവരണം നടപ്പാക്കുകയാണു വേണ്ടത്. കേരളത്തെപ്പറ്റി നരേന്ദ്ര മോദിക്ക് അറിയില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെയും കോടിയേരി വിമർശിച്ചു. സർക്കാരിനു മുകളിൽ ഒരു ഓഫിസറും പറക്കണ്ട. സിപിഎം നിരോധനമുള്ള പാർട്ടിയല്ല. പാർട്ടി ഓഫിസിൽ റെയ്ഡ് നടത്തിയത് ആസൂത്രിത സംഭവമാണെന്നും കോടിയേരി ആരോപിച്ചു. 

ഞായറാഴ്ച കേരളത്തിലെത്തിയ പ്രധാനമന്ത്രി എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷഭാഷയിലാണു വിമർശിച്ചത്. കമ്യൂണിസ്റ്റുകാർ കേരള സംസ്കാരത്തെ അപമാനിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റുകാർക്കും കോൺഗ്രസിനും ഭരണഘടനാ സ്ഥാപനങ്ങളോടു വിലയില്ല. ഒരു വിദേശമണ്ണിൽ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തെ അവർ ചോദ്യം ചെയ്യുന്നതു കണ്ടു. ഇതിന് കോൺഗ്രസ് മറുപടി പറയേണ്ടിവരും.

കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കുന്നതു തമാശയാണ്. കേരളത്തിൽ അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ അമർച്ച ചെയ്യുന്നതാണു ശീലം. മധ്യപ്രദേശിലേക്കടക്കം ഇപ്പോൾ അതു വ്യാപിച്ചു– ഇങ്ങനെ പോകുന്നു പ്രധാനമന്ത്രിയുടെ വിമർശനങ്ങൾ.