തുടർ‌ ഹർത്താലുകൾ ഒഴിവാക്കണം; കാസർകോട് വർഗീയ കലാപത്തിന് നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം∙ തുടർച്ചയായുള്ള ഹര്‍ത്താലുകൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി സർവകക്ഷിയോഗം വിളിക്കാൻ തയാറാണ്. ഹർത്താലിൽ അക്രമം നടത്തിയവർക്കെതിരെ കർശനനടപടി എടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഒന്നും ചെയ്യാത്തവരാണ് ഇവർ. തുടർച്ചയായുള്ള ഹർത്താലുകൾ ചിലർ ബോധപൂർവം നടത്തിയതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

കാസർകോട് മഞ്ചേശ്വരത്ത് വർഗീയ കലാപത്തിനായി നീക്കം നടന്നതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് കരുതലോടെയാണു നീങ്ങുന്നത്. ജനങ്ങളുടെ സഹകരണവും വേണം. ചില കാര്യങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഹർത്താൽ വിഷയമാക്കിയുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹർത്താൽ ചർച്ച ചെയ്യണമെന്നു നിയമസഭയിൽ ആവശ്യമുയർന്നു.

രാഷ്ട്രീയ പാർട്ടികളുടെ മിന്നൽ ഹർത്താലുകളിൽ ഏറെ ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു മാസത്തിൽ എട്ട് ഹർത്താലുകൾ പ്രഖ്യാപിച്ചതു ജനങ്ങൾക്കു വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഹർത്താൽ നിയന്ത്രണ ബിൽ സഭയില്‍ അവതരിപ്പിച്ച് പാസാക്കാൻ സർക്കാർ തയാറാകുമോ?. ഇതിനു മുഖ്യമന്ത്രി തയാറാകുമോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വിഷയത്തിൽ സമവായം നടത്താനാകുമോയെന്നു പുറത്തു ചർച്ച ചെയ്യാമെന്നും അതിനുശേഷം തീരുമാനമെടുക്കുന്നതായിരിക്കും നല്ലതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

സംസ്ഥാനത്ത് 13,362 വീടുകൾ പുനർനിർമിക്കും

13,362 വീടുകൾ പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാനത്തു പുനർനിർമിക്കുമെന്നു മുഖ്യമന്ത്രി. പുനർ‌നിർമാണ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. പ്രളയത്തിൽ നഷ്ടമുണ്ടായവർക്കുള്ള സഹായങ്ങൾ അവസാനിപ്പിച്ചിട്ടില്ല. ജീവനോപാധികൾ നഷ്ടപ്പെട്ടവർക്കായി പുതിയ പദ്ധതി വരും. പദ്ധതികൾ‌ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പൂർണമായി തകര്‍ന്ന വീടുകളുടെ അന്തിമപട്ടികപോലും തയാറായിട്ടില്ലെന്ന് വി.ഡി. സതീശൻ നിയമസഭയിൽ വിമർശനമുന്നയിച്ചു.