വയനാട്ടിൽ എം.ഐ.ഷാനവാസിന്റെ മകൾ വരുമോ; മനസ്സ് തുറന്ന് അമീന ഷാനവാസ്

വയനാട് ∙ യുഡിഎഫിലെ സിറ്റിങ് എംപിമാരെല്ലാം വീണ്ടും മല്‍സരിക്കാനുളള തയാറെടുപ്പിലാണ്. സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസിന് ഏറ്റവും ആത്മവിശ്വാസമുള്ള മണ്ഡലമാണു വയനാട്. എന്നാല്‍ മൂന്നാമൂഴത്തിനു നില്‍ക്കാതെ എം.ഐ.ഷാനവാസ് എംപി വിട പറഞ്ഞു. ഷാനവാസിന്റെ മരിക്കാത്ത ഓര്‍മകളിലാണ് അദ്ദേഹത്തിന്റെ കുടുംബം. സ്ഥാനാര്‍ഥിയാകുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടെ മകള്‍ അമീന ഷാനവാസ് മനോരമ ന്യൂസിനോട് മനസ്സു തുറന്നു.

വാപ്പ ഒപ്പമില്ലാത്ത ഈ തിരഞ്ഞെടുപ്പു കാലത്തും വാപ്പയ്ക്കൊപ്പം കൂടിയ തിരഞ്ഞെടുപ്പുല്‍സവങ്ങളുടെ ഓര്‍മകളാണ് അമീനയുടെ മനസ്സുനിറയെ. പട്ടാമ്പിയിലും വടക്കേക്കരയിലുമെല്ലാം മല്‍സരിച്ച കാലത്ത് എം.ഐ.ഷാനവാസിനു കൂട്ടായി അന്നാടുകളിലേക്കു താമസം മാറ്റിയ കുട്ടിക്കാലത്തെ കുറിച്ചുളള ഓര്‍മകള്‍. ‘വാപ്പ മല്‍സരിക്കുന്ന കാലത്ത് ഞങ്ങളും കൂടെ പോകും. അങ്ങോട്ടേക്കു താമസം മാറുമായിരുന്നു’– അമീന പറഞ്ഞു. 

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ വലിയ ഭൂരിപക്ഷത്തില്‍ വാപ്പ ജയിച്ചു കയറിയ വയനാട് തിരഞ്ഞെടുപ്പു തന്നെയാണ് ഏറ്റവും സന്തോഷമുളള തിരഞ്ഞടുപ്പോര്‍മ. ‘നാലു തോല്‍വികളിങ്ങനെ കഴിഞ്ഞപ്പോൾ ഞങ്ങള്‍ക്കു പേടിയായി. ഞങ്ങളാെരയും മുറിയില്‍ കയറ്റുന്നില്ല. ഞാനും അമ്മയും അനിയനും മാത്രം. ടിവി കാണാൻ വരെ പേടിയാ. ഓരോ റിസള്‍ട്ടിങ്ങനെ വരുമ്പോഴും നോക്കിയിരുന്നു. അന്നു ഞങ്ങൾക്ക് മറക്കാന്‍ പറ്റാത്തത്ര സന്തോഷമായിരുന്നു’– അമീനയുടെ വാക്കുകൾ. 

ഷാനവാസിന്‍റെ പിന്‍ഗാമിയായി മകള്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങളോട് അമീനയുടെ പ്രതികരണം ഇങ്ങനെ. ‘പലരും വിളിച്ച് ഉമ്മിച്ചിയോട് ചോദിക്കുന്നുണ്ട്. മകളെ ഇറക്കികൂടേ എന്ന്. അതെല്ലാം പാര്‍ട്ടിയല്ലേ തീരുമാനിക്കേണ്ടത്. അതിനെ പറ്റിയൊന്നും ശരിക്കും ചിന്തിച്ചിട്ടു പോലുമില്ല. കാരണം വാപ്പയില്ലാന്നുളളത് വന്നിട്ടില്ല.

എം.ഐ.ഷാനവാസ് കുടുംബത്തോടൊപ്പം (ഫയൽ ചിത്രം)

വാപ്പ ഇപ്പോഴും വയനാട്ടിലോ കോഴിക്കോട്ടോ ഡല്‍ഹിയിലോ ഉണ്ടാവും. അങ്ങിനെയേ മനസ്സിലുളളൂ. അല്ലാണ്ട് വാപ്പയുടെ സ്ഥാനത്തേക്കെന്ന് നമ്മളൊന്നും ചിന്തിക്കുന്നു പോലുമില്ല. ഇനിയൊരു ഇലക്ഷന് വാപ്പയല്ലാന്നുളളത് മനസ്സുകൊണ്ട് അംഗീകരിച്ചിട്ടില്ല’. സ്ഥാനാര്‍ഥിയാരായാലും  ഷാനവാസിന് പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്ന വയനാടന്‍ വികസനത്തിന്  തുടര്‍ച്ചയുണ്ടാകണമെന്നാണു വാപ്പയ്ക്ക് കരള്‍ പകുത്തു നല്‍കിയ മകളുടെ ആഗ്രഹം.