മൂന്നാം സീറ്റിന് പിടിമുറുക്കാന്‍ ലീഗ്; കീറാമുട്ടിയായി യുഡിഎഫിലെ വീതംവയ്പ്

rahul-gandhi-muslim-league
SHARE

മലപ്പുറം ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്‍ലിം ലീഗ് തീരുമാനിച്ചു. ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയോട് നേരിട്ട് പറയാനാണു ശ്രമം. അതിനു പറ്റിയില്ലെങ്കിൽ യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. സ്ഥിരമായി മല്‍സരിക്കുന്ന രണ്ട് സീറ്റുകള്‍ക്ക് പുറമേ ഒന്നുകൂടി ആവശ്യപ്പെടുന്നതും ഒടുവില്‍ പിന്മാറുന്നതും ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ പതിവാണ്. ഇത്തവണ കാര്യമായിത്തന്നെ ശ്രമിക്കാനാണു നേതൃത്വത്തിന്റെ തീരുമാനം. 

മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കൊപ്പം കാസര്‍കോട്, വയനാട്, വടകര ഇവയിലേതെങ്കിലുമൊന്ന് എന്നതാണു പാര്‍ട്ടിയിലെ പൊതുവികാരം. കോണ്‍ഗ്രസിന്റേയും മുസ്‍ലിം ലീഗിന്റേയും എംഎല്‍എമാരുടേയും എംപിമാരുടേയും അനുപാതം നോക്കിയാല്‍ മൂന്നാം സീറ്റിനു പാര്‍ട്ടി അര്‍ഹമാണെന്നു യൂത്ത് ലീഗ് ചൂണ്ടിക്കാട്ടുന്നു. സംഘടനയുടെ ദേശീയ ഉപാധ്യക്ഷനും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈനലി ശിഹാബ് തങ്ങളാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. 

സമസ്ത ഇതിനെ ശക്തമായി പിന്തുണച്ചതോടെ ലീഗ് നേതൃത്വം സമ്മര്‍ദത്തിലായി. അതോടെയാണു രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഇക്കാര്യം ധരിപ്പിക്കാന്‍ ശ്രമിക്കണമെന്നു ധാരണയായത്. കൊച്ചിയില്‍ കഴിഞ്ഞില്ലെങ്കില്‍ ആദ്യം യുഡിഎഫ് യോഗത്തിലും പിന്നീട് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തോടും ആവശ്യം ഉന്നയിക്കും. അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ രാജ്യസഭാ സീറ്റോ നിയമസഭയിലേക്ക് കൂടുതല്‍ സീറ്റോ നേടിയെടുക്കാനുള്ള സമ്മർദതന്ത്രമായി ഇതുപയോഗിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയാറാകുമെന്ന പ്രതീക്ഷയും ലീഗിനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇപ്രവശ്യം മൂന്നാംസീറ്റിന് വേണ്ടി വാദിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമാവുകയാണ്. മൂന്നാം സീറ്റ് ആവശ്യപ്പെട്ടില്ലെങ്കില്‍ അത് നേതാക്കളുടെ പിടിപ്പുകേടായി വിലയിരുത്തുമെന്ന ആശങ്കയുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA