പ്രിയങ്കയെന്ന രാഷ്ട്രീയ ന്യൂനമർദം രൂപപ്പെടുന്നുവെന്ന് 20 വർഷം മുൻപെങ്കിലും കോൺഗ്രസ് വിശ്വസിച്ചു തുടങ്ങിയതാണ്. ഇനി, അതു കൊടുങ്കാറ്റായി വീശയടിക്കുമെന്ന് അവർ സ്വപ്നം കാണുന്നു. അതിനു പിന്നിൽ, നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കാനൊരുങ്ങുന്ന ദേശീയ രാഷ്ട്രീയപാർട്ടിയുടെ അതിപ്രതീക്ഷയും അമിതമോഹങ്ങളുമുണ്ട്.
ഇത് ഇന്ദിരായുഗമല്ലെന്നും ആൾക്കൂട്ടം ഇളകിയെത്തി വന്നു നിരുപാധികം പിന്തുണ നൽകണമെന്നില്ലെന്നുമാണു കോൺഗ്രസിന് ഓർമിക്കാവുന്നത്. ചരിത്രസ്മരണകളുടെയും രൂപച്ഛായയുടെയും പേരിൽ വോട്ടു കിട്ടണമെന്നില്ല. അതിനു ശക്തമായ സംഘടന കൂടി വേണം. പ്രിയങ്കയെന്ന ന്യൂനമർദം ഇളംകാറ്റെങ്കിലുമാകണമെങ്കിൽ, ആദ്യം, യുപിയിൽ പാർട്ടി ശക്തിപ്പെടണം.
20 വർഷം മുൻപ്
1999ൽ കർണാടകത്തിലെ ബള്ളാരിയിലായിരുന്നു പ്രിയങ്കയുടെ അനൗദ്യോഗിക രാഷ്ട്രീയ രംഗപ്രവേശം. അമ്മ സോണിയ ഗാന്ധിക്കു വേണ്ടി രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്കയും അവസാന മൂന്നു ദിവസം പ്രചാരണത്തിനിറങ്ങി. സുഷമ സ്വരാജായിരുന്നു എതിരാളി. അന്നത്തെ സുഷമ ഊർജസ്വലതയുടെ വിളിപ്പേരാണ്. വാക്കുകളിലെ തീപ്പൊരി കൊണ്ടു ജനക്കൂട്ടങ്ങളെ ജ്വലിപ്പിക്കും. വേദികളിൽനിന്നു വേദികളിലേക്കുള്ള പ്രചണ്ഡയാത്രയിൽ വാദങ്ങളുടെ കനൽ വിതറും.
സോണിയ എവിടെ മത്സരിച്ചാലും അവിടെ മത്സരിക്കാൻ സുഷമ പാർട്ടിയുടെ അനുവാദം വാങ്ങിയിരുന്നു. അന്നു കോൺഗ്രസിന്റെ ഉറച്ച മണ്ഡലത്തിൽ സോണിയ പത്രിക കൊടുത്തതു രഹസ്യമായാണെങ്കിലും സുഷമ പിന്നാലെയെത്തി. കന്നട പഠിച്ച്, കന്നടയിൽ പ്രസംഗിച്ചു മണ്ഡലമിളക്കി. തിരിഞ്ഞു വീശിത്തുടങ്ങിയ കാറ്റു തടഞ്ഞുനിർത്താൻ അവസാന ദിനങ്ങളിൽ കോൺഗ്രസ് പുറത്തെടുത്ത തുറുപ്പു ചീട്ടുകളായിരുന്നു രാഹുലും പ്രിയങ്കയും. സുഷമയ്ക്കെതിരെ അര ലക്ഷത്തോളം വോട്ടിനു സോണിയ ‘കഷ്ടിച്ചു’ നേടിയ വിജയം അമ്മയ്ക്കു വേണ്ടി രംഗത്തിറങ്ങിയ മക്കളുടേതു കൂടിയായിരുന്നു. രാഹുലിനെക്കാൾ പ്രിയങ്കയുടെ വിജയം.
അമ്മ, മകൻ, മകൾ
വിസമ്മതത്തോടെ രാഷ്ട്രീയത്തിലിറങ്ങിയ വീട്ടമ്മയായിരുന്നു സോണിയ. അന്തർമുഖനായ രാഹുലിനുമേലും ഉത്തരവാദിത്തങ്ങൾ അടിച്ചേൽപിക്കപ്പെട്ടു. എന്നും പ്രിയങ്ക തന്നെയായിരുന്നു നെഹ്റു കുടുംബത്തിലെ സ്വാഭാവിക രാഷ്ട്രീയക്കാരി. ബെള്ളാരിയിലെ പ്രചാരണത്തിനിടെ ഒരിക്കലും രാഹുലും പ്രിയങ്കയും പ്രസംഗിച്ചു കണ്ടില്ല. എന്നാൽ, ജനക്കൂട്ടങ്ങളുമായി പ്രിയങ്ക നിരന്തരം സംവദിച്ചു കൊണ്ടിരുന്നു. ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനു കഴിയും വിധം ഒരു വാക്ക്, നോക്ക്, പുഞ്ചിരി. അതു തിരിച്ചറിയുന്നവരുടെ ആരവം.
അണിയറയിലും പുറത്തും പിന്നീടു പലപ്പോഴും പ്രിയങ്കയുടെ സാന്നിധ്യം പിന്നീടു പലപ്പോഴുമുണ്ടായി. റായ്ബറേലിയിലും അമേഠിയിലും സോണിയയുടെയും രാഹുലിന്റെയും പ്രചാരണത്തിന്റെ ചുമതല പ്രിയങ്കയ്ക്കായിരുന്നു. പാർട്ടിയുടെ നിർണായക തീരുമാനങ്ങളിൽ അവർ എപ്പോഴും സ്വാധീനം ചെലുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് – എസ്പി സഖ്യം നടപ്പായതു പ്രിയങ്ക ഇടപെട്ടതോടെയാണ്. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ സമ്പൂർണ സമ്മേളനത്തിന് അണിയറയിൽനിന്നു ചുക്കാൻ പിടിച്ചതും പ്രിയങ്ക.
മോഹം, പ്രതീക്ഷ, യാഥാർഥ്യം
ഇന്ദിരായുഗത്തിൽ സംഘടനയുടെ ദൗർബല്യം കോൺഗ്രസ് നികത്തി വന്നത് ആൾക്കൂട്ടത്തിന്റെ പിന്തുണ കൊണ്ടാണ്. ആധുനിക ഇന്ത്യൻ രാഷ്ട്രീയം പക്ഷേ, സംഘടനയും ജനക്കൂട്ടങ്ങളും ചേർന്നത്. കഴിഞ്ഞ തവണ സമ്പൂർണ മാറ്റത്തിന്റെ പ്രതീക്ഷയുണർത്തി മോദി തരംഗം ആഞ്ഞടിച്ചത് ആർഎസ്എസ് എന്ന സുശക്ത സംഘടനയുടെ പിൻബലത്തിലാണ്. സംഘടനാബലമില്ലാത്ത പ്രിയങ്ക ഗാന്ധിയെന്ന ബദൽ, ഏറ്റവും വലിയ സംസ്ഥാനത്തു കോൺഗ്രസിന്റെ ദൗർബല്യങ്ങൾക്കു പരിഹാരമാവുന്നില്ല.
മുൻ തിരഞ്ഞെടുപ്പുകളിൽ പ്രിയങ്ക യുപിയിലെ രണ്ടു മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പ്രചാരണം മറ്റു മണ്ഡലങ്ങളെ സ്വാധീനിച്ചു കണ്ടില്ല. ഇപ്പോൾ, യുപിയുടെ ചുമതല വഹിച്ചു നടത്തുന്ന പ്രവർത്തനങ്ങൾ യുപിയുടെ പുറത്തുള്ള വോട്ടുകൾ നേടിയെടുക്കുമെന്നും കരുതാനാവില്ല.
ശരി സമം തെറ്റ്
പ്രിയങ്ക രംഗത്തിറങ്ങുന്നതോടെ, യുപിയിൽ എസ്പിയും ബിഎസ്പിയുമായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പുപൂർവ സഖ്യസാധ്യത പൂർണമായി ഇല്ലാതാകും. ബിജെപി വിരുദ്ധ വോട്ടുകൾ കൂടുതൽ ഭിന്നിക്കപ്പെടും. ബിജെപിയുടെയും എസ്പിയുടെയും ബിഎസ്പിയുടെയും സംഘടനാ ബലത്തെ അതിജീവിച്ചു യുപിയിൽ ജയിച്ചു കയറാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷ അസ്ഥാനത്താകാൻ സാധ്യതയേറും.
പ്രിയങ്ക നേതാവിന്റെ സ്വഭാവഗുണങ്ങൾ പ്രകടിപ്പിക്കുന്നുവെന്നതു ശരി. ഇന്ദിരാഗാന്ധിയെ അനുസ്മരിപ്പിക്കുന്നുവെന്നതു ശരി. ജനക്കൂട്ടങ്ങളുമായി വേഗം സംവദിക്കുന്നുവെന്നതും സ്വാഭാവിക രാഷ്ട്രീയക്കാരിയാണെന്നതും ശരി. എന്നാൽ, സംഘടനാബലമില്ലാതെ യുപി കൈപ്പിടിയിലൊതുക്കാമെന്നും രാജ്യഭരണം പിടിക്കാമെന്നും കോൺഗ്രസ് കരുതുന്നതു തെറ്റ്.