ഇടുക്കി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആരു വന്നാലും ഇടതു മുന്നണി ഇടുക്കി മണ്ഡലത്തിൽ വിജയിക്കുമെന്ന് മന്ത്രി എം.എം. മണി. ഇടുക്കി സീറ്റു പരിഗണിക്കുന്ന കേരള കോൺഗ്രസോ ഉമ്മൻചാണ്ടിയോ ഇടതു പക്ഷത്തെ ഭയപ്പെടുത്തില്ല. മികച്ച പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ഇടുക്കിയിൽ നടന്നത്.
ഇടുക്കിയിൽ ഇടത് സ്ഥാനാർഥി ആരാകുമെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. മുന്നൊരുക്കളുടെ ആദ്യഘട്ടം മണ്ഡലത്തിൽ പൂർത്തിയാക്കിയതായും മന്ത്രി തൊടുപുഴയിൽ പറഞ്ഞു.
സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കും: ജോണി നെല്ലൂർ
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇടുക്കി സീറ്റ് ആവശ്യപ്പെട്ടത് യുഡിഎഫിൽ കലാപമുണ്ടാക്കാനല്ല. കെപിസിസി പ്രസിഡന്റ് നയിക്കുന്ന യാത്രയുടെ ഇടവേളകളിൽ മുന്നണിയിലുള്ള കക്ഷികളുമായി സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കും. എല്ലാവരുടെയും അവകാശവാദങ്ങളും പരിഗണിക്കുമെങ്കിലും ജയ സാധ്യതയാകും സീറ്റു നൽകുന്നതിനുള്ള മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.